ഹൈദരാബാദ്- ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കവേ യുവാവ് തടാകത്തില്‍ മുങ്ങിമരിച്ചു. ഹൈദരാബാദിലെ മെഡ്ചാല് ജില്ലയിലെ ദുലാപള്ളി തടാകത്തിലാണ് നരസിംഹ എന്ന യുവാവ് മുങ്ങി മരിച്ചത്. ബുധനാഴ്ച വൈകുന്നേരം ടിക് ടോക്കില്‍ പോസ്റ്റ് ചെയ്യാന്‍ തടാകത്തിലിറങ്ങി വീഡിയോ എടുക്കവേയാണ് ദുരന്തം. ചിത്രീകരണത്തിനിടെ സിനിമാ ഗാനത്തിനൊപ്പം നൃത്തം ചെയ്യവേ നരസിംഹ കാൽ വഴുതി തടാകത്തിലേക്ക് വീഴുകയായിരുന്നു. വീഡിയോ എടുത്തിരുന്ന സുഹൃത്ത് പ്രശാന്ത് ഉടൻ ഓടിയെത്തിയെങ്കിലും നരസിംഹയെ രക്ഷിക്കാനായില്ല. ഇതിനു തൊട്ട് മുൻപ് സുഹൃത്ത് പ്രശാന്തുമായി ചേർന്ന് വീഡിയോ എടുത്തിരുന്നു. ശേഷമാണ് നരസിംഹ ഒറ്റക്ക് അഭിനയിച്ചത്. നീന്തൽ വശമില്ലാതിരുന്ന നരസിംഹയുടെ മൃതദേഹം മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ വ്യാഴാഴ്ചയാണ് പോലീസ് കണ്ടെടുത്തത്