കൊച്ചി - ഏഷ്യൻ വിപണിയിൽ പുതിയ റബർ ലഭ്യത ഈ മാസം പകുതിയോടെ ഉണ്ടാകുമെന്ന സൂചനകൾ പ്രമുഖ മാർക്കറ്റുകളെ പ്രതികൂലമായി ബാധിച്ചു തുടങ്ങി. തായലന്റ് മാർക്കറ്റായ ബാങ്കോക്കിൽ റബർ വരവ് ഉയരുമെന്ന വിലയിരുത്തൽ വാങ്ങലുകാരെ രംഗത്ത് നിന്ന് പിൻതിരിപ്പിച്ചു. അന്താരാഷ്ട്ര മാർക്കറ്റിൽ വിൽപനക്കെത്തുന്ന റബറിൽ മൂന്നിൽ ഒരു ഭാഗം തായ്‌ലണ്ടിൽ നിന്നാണ്. അതുകൊണ്ട് തന്നെ അവിടെ റബർ ടാപ്പിങ് സീസണിന് തുടക്കം കുറിച്ചത് ചൈന വ്യവസായികൾക്ക് ആശ്വാസമാണ്.
ടയർ വ്യവസായികൾക്ക് ആവശ്യമായ റബർ വരും മാസങ്ങളിൽ ബാങ്കോക്കിൽ നിന്നായിരിക്കും ശേഖരിക്കുക. ഇന്ത്യൻ വ്യവസായികളുടെ ശ്രദ്ധയും വിദേശ മാർക്കറ്റുകളിലാണ്. ജൂൺ അവസാനം ക്വിന്റലിന് 14,037 രൂപയിൽ നീങ്ങിയ തായ് മാർക്കറ്റ് റബർ ഇപ്പോൾ 13,103 രൂപയിലാണ്. പെടുന്നനെ വില തളർന്നത് റബർ അവധി വിലകളെയും ബാധിച്ചു. ജൂലൈ രണ്ടാം പകുതിയിൽ തായ് മാർക്കറ്റ് സജീവമാകും.
കാലാവസ്ഥ അനുകൂലമെങ്കിലും ടയർ നിർമാതാക്കളുടെയും ചെറുകിട വ്യവസായികളുടെയും കണക്ക് കൂട്ടലിനൊത്ത് മുഖ്യ വിപണികളിൽ പുതിയ ഷീറ്റ് വിൽപനക്ക് എത്തിയില്ല. റബർ ടാപ്പിങ് രംഗത്തെ തളർച്ച തന്നെയാണ് ചരക്ക് ക്ഷാമത്തിനിടയാക്കിയത്. ഉൽപാദന മേഖലകളിലെ ചെറുകിട വിപണികളിൽ ലാറ്റക്‌സ് വരവ് കുറഞ്ഞ അളവിലാണ്. നാലാം ഗ്രേഡ് 15,100 രൂപയിലും അഞ്ചാം ഗ്രേഡ് 14,800 രൂപയിലും വാരാന്ത്യം വ്യാപാരം നടന്നു.
കർഷകരുടെ കണക്ക് കൂട്ടലിനൊത്ത് മികവ് കാണിക്കാനാവാതെ നട്ടം തിരിയുകയാണ് നാളികേരോൽപന്നങ്ങൾ. വിദേശ നാളികേരോൽപന്നങ്ങൾ വൻകിട വ്യവസായികൾ ഇറക്കുമതി നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ആഭ്യന്തര കൊപ്ര വില ഉയർത്താൻ അയൽ സംസ്ഥാനങ്ങളിലെ മില്ലുകാർ തയാറായില്ല. തമിഴ്‌നാട്ടിൽ നാളികേര സീസൺ അവസാന ഘട്ടത്തിലാണ്.
എണ്ണക്ക് ആവശ്യം വർധിച്ചാൽ മാത്രമേ കൊപ്ര സംഭരണം ഊർജിതമാകൂ. കൊച്ചിയിൽ എണ്ണ 12,900 രൂപയിലും കൊപ്ര 8635 ലുമാണ്.
വിദേശ കുരുമുളക് വരവ് ഉയർന്നത് നാടൻ ചരക്കിന് ഭീഷണിയായി. വിയറ്റ്‌നാം, ശ്രീലങ്കൻ മുളകാണ് ഇറക്കുമതിയിൽ മുന്നിട്ട് നിൽക്കുന്നത്. മെയിൽ മൊത്തം 1775 ടൻ ഇറക്കുമതി നടന്നതിൽ 60 ടൺ ശ്രീലങ്കൻ മുളകായിരുന്നു. ഈ ചരക്ക് ആഭ്യന്തര മാർക്കറ്റിൽ എത്തിയത് വില ഇടിച്ചു. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 5400 ഡോളർ. ബജറ്റിൽ കുരുമുളകിന് അനുകൂലമായ നിലപാടുകൾ ഒന്നും പുറത്ത് വരാഞ്ഞത് കർണാകയിലെ വൻകിട തോട്ടങ്ങളെ വിൽപനക്കാരാക്കി. വാരാവസാനം കൂർഗിൽ നിന്ന് ഉയർന്ന അളവിൽ ചരക്ക് വിൽപനക്ക് ഇറങ്ങി.
അതേ സമയം ഹൈറേഞ്ച്, വയനാട് ചരക്ക് വരവ് കുറവാണ്. കൊച്ചിയിൽ അൺ ഗാർബിൾഡ് 33,900 രൂപയിൽ നിന്ന് 33,600 രൂപയായി.
ഏലക്ക വില ലേല കേന്ദ്രങ്ങളിൽ ഓരോ മാസം പിന്നിടുംതോറും കയറുകയാണ്. വിദേശ രാജ്യങ്ങളിൽ നിന്നും ആഭ്യന്തര മാർക്കറ്റുകളിൽ നിന്നും ഏലത്തിന് ആവശ്യക്കാരുണ്ട്. പോയവാരം മികച്ചയിനങ്ങൾ കിലോ 3600 രൂപ റേഞ്ചിലും ശരാശരി ഇനങ്ങൾ 3200 ലും നീങ്ങി. പുതിയ ചരക്ക് വരവിന് കാലതാമസം നേരിടുമെന്ന സൂചന വാങ്ങലുകാരെ അസ്വസ്ഥരാക്കുന്നു. അതേ സമയം ഇറക്കുമതി സാധ്യതകൾ വ്യവസായികൾ ആരായുന്നതായാണ് ഗ്വാട്ടിമാലയിൽ നിന്നുള്ള വിവരം. എന്നാൽ അവിടെയും ഏലത്തിന് ക്ഷാമമുള്ളതിനാൽ കരുതലോടെയാണ് കയറ്റുമതി കേന്ദ്രങ്ങൾ ചരടുവലികൾ നടത്തുന്നത്.
ചുക്ക് വിപണി മഴയുടെ വരവിനായി കാത്തിരിക്കുന്നു. കാലാവസ്ഥ മാറിയാൽ ഉത്തരേന്ത്യയിൽ ചുക്കിന് ഡിമാണ്ട് ഉയരും. കൊച്ചിയിൽ മീഡിയം ചുക്ക് 25,500 രൂപയിലും ബെസ്റ്റ് ചുക്ക് 26,500 രൂപയിലുമാണ്. പുതിയ ചുക്ക് വില 30,000 രൂപ.
കേരളത്തിൽ സ്വർണ വില റെക്കോർഡ് നിലവാരത്തിലേക്ക് ഒരിക്കൽ കൂടി ഉയർന്നു. വാരാരംഭത്തിൽ 25,160 ൽ നീങ്ങിയ പവൻ 24,920 ലേക്ക് താഴ്ന്ന് വ്യാപാരം നടന്ന ശേഷം വെളളിയാഴ്ച 25,680 ലേക്ക് കുതിച്ചു. സ്വർണ ഇറക്കുമതി തീരുവയിൽ വരുത്തിയ മാറ്റം മുന്നേറ്റത്തിന് ഇടയാക്കി. ശനിയാഴ്ച പവൻ 25,520 രൂപയിലാണ്. രാജ്യാന്തര മാർക്കറ്റിൽ ട്രോയ് ഔൺസിന് 1406 ഡോളറിൽ നിന്ന് 1398 ഡോളറായി.