മുംബൈ - ഗൗരീ ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് ആർ.എസ്.എസ് സമർപ്പിച്ച മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിയ്ക്ക് ജാമ്യം. മുംബൈ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ആർ.എസ്.എസിന്റെ ആരോപണം രാഹുൽ നിഷേധിച്ചു. ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തേയോ ബിജെപി പ്രത്യയശാസ്ത്രത്തേയോ എതിര്‍ത്ത് ആരെങ്കിലും സംസാരിച്ചാല്‍ അവര്‍ സമ്മര്‍ദ്ദത്തിലാക്കപ്പെടുകയോ, ആക്രമിക്കപ്പെടുകയോ ഒരുപക്ഷേ കൊല്ലപ്പെടുകയോ ചെയ്‌തേക്കും എന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്.
ബി ജെ പി ക്കെതിരെയും ആർ എസ് എസിനെതിരെയുമുള്ള ആശയ പേരാട്ടം ആസ്വദിക്കുന്നുവെന്നാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിനു ശേഷമുള്ള രാഹുലിന്റെ പ്രതികരണം. ഈ നിലപാട് താൻ നേരെത്തെ വ്യക്തമാക്കിട്ടുള്ളതാണ്. പത്തിരട്ടി ശക്തിയോടെ പോര് ഇനിയും തുടരുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മോഡി എന്നു പേരുള്ളവർ കള്ളന്മാരാണ് എന്ന പരാമർശം ഉൾപ്പടെ രണ്ടു മാനനഷ്ടക്കേസുകളിൽ കൂടി രാഹുലിന് ഹാജരാകേണ്ടതുണ്ട്. അധ്യക്ഷ പദവി ഇന്നലെ ഔദ്യോഗികമായി രാഹുൽ ഒഴിഞ്ഞിരുന്നു. ജൂലൈ ആറിന് പട്ന കോടതിയിലും ഒൻപതാം തീയതി സൂറത്ത് കോടതിയിലും ഹാജരാകണം. നിരോധിച്ച നോട്ടുകൾ വെളുപ്പിക്കാൻ കൂട്ടുനിന്നുവെന പരാമർശത്തിൽ അഹമ്മദാബാദ് സഹകരണ ബാങ്ക് നൽകിയ കേസ് ജൂലൈ 12 നാണ് വീണ്ടും പരിഗണിക്കുന്നത്.