ആലപ്പുഴ-തൃക്കുന്നപ്പുഴയില്‍ 16 കാരനെ പീഡിപ്പിച്ച വ്യാജ സിദ്ധനെ പോലീസ് പിടികൂടി. കൊല്ലം പത്തനാപുരം സ്വദേശി അബ്ദുള്‍ കരീം ആണ് പിടിയിലായത്. ഇയാള്‍ പ്രാര്‍ത്ഥനയും മന്ത്രവാദവും ഒക്കെയായി തൃക്കുന്നപ്പുഴ, ഹരിപ്പാട് മേഖലയില്‍ സ്ഥിരസാന്നിധ്യമാണെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാവിലെ പള്ളിമുക്കിലുള്ള ഒരു വീട്ടില്‍ ഇയാളെത്തിയിരുന്നു. അവിടെ വീട്ടുകാരോട് കുടുംബ സാഹചര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കി. സംസാരിച്ച കൂട്ടത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മകന് പനി ഉണ്ടെന്ന് ഇയാളോട് കുട്ടിയുടെ അമ്മ പറഞ്ഞു. ഉടന്‍ തന്നെ പ്രാര്‍ത്ഥിച്ച് രോഗം ഭേദമാക്കാമെന്ന് മാതാവിനെ വിശ്വസിപ്പിച്ച് കുട്ടിയെ മുറിക്കുള്ളിലേക്ക് കൂട്ടികൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു.
വീട്ടില്‍ നിന്നും കുട്ടിയുടെ അമ്മയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും അബ്ദുള്‍ കരീം രക്ഷപ്പെട്ടു. തുടര്‍ന്ന് നാട്ടുകാരാണ് പോലീസില്‍ വിവരം അറയിക്കുന്നത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഹരിപ്പാട് വച്ച് പ്രതി പിടിയിലായി. പോക്സോ നിയമപ്രകാരം അബ്ദുള്‍ കരീമിന് എതിരെ തൃക്കുന്നപ്പുഴ പോലീസ് കേസെടുത്തു. നാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.