കൊച്ചി- കാലവർഷം ദുർബലമായത് കാർഷിക മേഖലക്ക് കനത്ത പ്രഹരമാവും. സുഗന്വ്യഞ്ജനങ്ങളുടെ ഉൽപാദനത്തിൽ തുടർച്ചയായ രണ്ടാം വർഷത്തിലും തിരിച്ചടി നേരിട്ടാൽ കുരുമുളക്, ചുക്ക്, ഏലം കർഷകർക്ക് താങ്ങാനാവാത്ത നഷ്ടമാവും ഉണ്ടാവുക.
കാലവർഷം മുന്നിൽ കണ്ട് കൃഷിയിടങ്ങൾ ഒരുക്കിയ കർഷകർ പിരിമുറുക്കത്തിലാണ്. മഴയെത്തുന്നതോടെ തോട്ടങ്ങൾ സജീവമാക്കുന്ന ദിനങ്ങളെ ഉറ്റ് നോക്കി വിളയിറക്കിയവർ പ്രതിസന്ധിയെ എങ്ങനെ മറികടക്കുമെന്ന ആലോചനയിലാണ്. ഇടവപ്പാതി ചതിച്ചത് മൂലം ഉൽപാദനത്തിൽ വൻ ഇടിവ് സംഭവിക്കുമെന്നാണ് കർഷകരുടെ പക്ഷം.
കുരുമുളക് ക്ഷാമത്തിനിടയിൽ വില താഴ്ന്നത് സ്‌റ്റോക്കിസ്റ്റുകളെ പിരിമുറുക്കത്തിലാക്കി. ഇടുക്കി, വയനാട് മേഖലകളിലെ കർഷകരുടെ കൈവശം കാര്യമായി ചരക്ക് സ്റ്റോക്കില്ല. ജലസേചന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം പലതോട്ടങ്ങളിലും കുരുമുളക് കൊടികൾ വാടി തുടങ്ങിയത് അടുത്ത സീസണിലെ ഉൽപാദനത്തെ ബാധിക്കും. വിപണിയിൽ വരവ് ചുരുങ്ങിയിട്ടും മുളക് വില ക്വിൻറലിന് 600 രൂപ ഇടിഞ്ഞ് ഗാർബിൾഡ് കുരുമുളക് 35,900 രൂപയായി. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 5400 ഡോളർ.
റെക്കോർഡുകളുടെ പൂക്കാലമാണ് ഏലത്തിനെങ്കിലും തോട്ടങ്ങൾ വരണ്ട് ഉണങ്ങുകയാണ്. കർഷകരുടെ കൈവശം വലിപ്പം കൂടിയ ഏലക്ക സ്റ്റോക്കില്ല. ഇടത്തരം ചരക്ക് ഉൽപാദിപ്പിച്ചവർ ഇതിനകം തന്നെ വലിയൊരു പങ്ക് വിറ്റു. കഴിഞ്ഞ ദിവസം വണ്ടൻമേട്ടിൽ നടന്ന ലേലത്തിൽ മികച്ചയിനം റെക്കോർഡായ 5743 രൂപയിൽ ലേലം കൊണ്ടു. കയറ്റുമതി മേഖലയിൽ നിന്നും ആഭ്യന്തര വ്യാപാരികളിൽ നിന്നും ഏലത്തിന് ആവശ്യക്കാരുണ്ട്.
ഗൾഫ് മേഖലയിൽ നിന്ന് ചുക്കിന് അന്വേഷണങ്ങളുണ്ട്. ക്രിസ്തുമസ് വരെയുള്ള കാലയളവിലെ ആവശ്യങ്ങൾക്കുള്ള ചരക്കിന് ഇറക്കുമതിക്കാർ നീക്കം തുടങ്ങി. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും അന്വേഷണങ്ങൾ എത്തിയെന്നാണ് വിവരം. എന്നാൽ വിലക്കയറ്റം ഭയന്ന് കയറ്റുമതി ലോബി വിദേശ ഡിമാന്റിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുന്നില്ല. മഴ ആരംഭിക്കുന്നതോടെ ഉത്തരേന്ത്യയിൽ നിന്നും ചുക്കിന് ഓർഡറുകൾ എത്തും. കൊച്ചിയിൽ മീഡിയം ചുക്ക് 25,500 രൂപയിലും ബെസ്റ്റ് ചുക്ക് 26,500 രൂപയിലുമാണ്.
സംസ്ഥാനത്ത് റബർ ടാപ്പിങ് പുനരാരംഭിച്ചെങ്കിലും കൊച്ചി, കോട്ടയം വിപണികളിൽ പുതിയ ചരക്ക് വരവ് ആരംഭിച്ചിട്ടില്ല. ജൂലൈ മധ്യത്തോടെ ഷീറ്റും ലാറ്റക്‌സും എത്തി തുടങ്ങുമെന്ന നിഗമനത്തിലാണ് വ്യാപാര രംഗം. ടയർ കമ്പനികൾ നാലാം ഗ്രേഡ് 15,100 രൂപക്കും അഞ്ചാം ഗ്രേഡ് 14,900 രൂപക്കും ശേഖരിച്ചു.
തായ്‌ലന്റിൽ റബർ ടാപ്പിങ് സീസണിന് തുടക്കമായി. ആഗോള തലത്തിൽ ഏറ്റവും കുടുതൽ റബർ ഉൽപാദിപ്പിക്കുന്ന അവർ ജൂലൈയിൽ പുതിയ ഷീറ്റ് വിൽപ്പനക്ക് ഇറക്കുമെന്നാണ് അവിടെ നിന്നുള്ള സൂചന. പഴയ ചരക്ക് വിപണിയിൽ ഇറക്കാൻ സ്റ്റോക്കിസ്റ്റുകൾ നടത്തിയ നീക്കത്തെ തുടർന്ന് നാലാം ഗ്രേഡിന് തുല്യമായ റബർ വില ക്വിന്റലിന് 14,203 രൂപയിൽനിന്ന് 14,037 രൂപയായി.
നാളികേരോൽപ്പന്നങ്ങളുടെ വില മൂന്നാം വാരത്തിലും സ്റ്റെഡി. മാസാരംഭമായതിനാൽ ഈവാരം വെളിച്ചെണ്ണക്ക് പ്രാദേശിക ആവശ്യം ഉയരുമെന്ന കണക്ക് കൂട്ടലിലാണ് മില്ലുകാർ. ചെറുകിട വിപണികളിൽ നിന്ന് എണ്ണക്ക് ഡിമാന്റ് ഉയർന്നാൽ മില്ലുകാർ കൊപ്ര സംഭരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. കൊച്ചിയിൽ വെളിച്ചെണ്ണ 13,000 രൂപയിലും കൊപ്ര 8700 രൂപയിലുമാണ്.
കേരളത്തിൽ സ്വർണം റെക്കോർഡ് വിലയിലെത്തി. ആഭരണ വിപണികളിൽ പവൻ 25,200 ൽ നിന്ന് 25,680 ലേക്ക് കുതിച്ച് ശനിയാഴ്ച്ച 25,160 രൂപയിലാണ്. ഒരുഗ്രാമിന് വില 3145 രൂപ. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1399 ഡോളറിൽ നിന്ന് 1439 ഡോളർ വരെ കയറി. വാരാന്ത്യം സ്വർണം 1409 ഡോളറിലാണ്.