തിരുവനന്തപുരം- അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്നു രണ്ടുപേര്‍ തടവുചാടിയ സംഭവത്തില്‍ ജയില്‍ സൂപ്രണ്ട് വല്ലിയെ സസ്‌പെന്‍ഡ് ചെയ്തു. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന, ദിവസവേതനാടിസ്ഥാനത്തില്‍ ജോലിനോക്കുന്ന അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായ സജിത, ഉമ എന്നിവരെ പുറത്താക്കി.
ജയില്‍ചാട്ടത്തെക്കുറിച്ച് അന്വേഷിച്ച ജയില്‍ ഡി.ഐ.ജി. സന്തോഷ് കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് നടപടി. തടവുകാരെ നിരീക്ഷിക്കുന്നതില്‍ ജീവനക്കാര്‍ വീഴ്ചവരുത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സുരക്ഷാക്രമീകരണങ്ങള്‍ കൃത്യമായി പാലിച്ചില്ല. വനിതാ ജയിലില്‍ ഒട്ടേറെ സുരക്ഷാവീഴ്ചകളുണ്ടെന്നും ജീവനക്കാരുടെ സുരക്ഷാ ഡ്യൂട്ടി കൃത്യമായി പാലിക്കണമെന്നും ജയില്‍ ഡി.ജി.പി. ഋഷിരാജ് സിങ്ങിനു കൈമാറിയ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. സുരക്ഷ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് പരിശോധിക്കാനായി ഡി.ജി.പി. ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം വനിതാ ജയില്‍ സന്ദര്‍ശിച്ചു.
അതിനിടെ, വനിതാ ജയിലില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മതിലിനു മുകളില്‍ വൈദ്യുതവേലി സ്ഥാപിക്കാന്‍ ജയില്‍ വകുപ്പ് തീരുമാനിച്ചു. മതിലിനോടുചേര്‍ന്നുള്ള ചവറുകൂനകള്‍ മാറ്റിയിട്ടുണ്ട്. സമീപത്തുള്ള മരങ്ങള്‍ മുറിച്ചുമാറ്റിത്തുടങ്ങി.
സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നതിനെക്കുറിച്ച് ജയില്‍ വകുപ്പ് അധികൃതരും പൊതുമരാമത്ത് അധികൃതരും ചര്‍ച്ച നടത്തിയിരുന്നു.