കണ്ണൂര്‍- ആന്തൂരില്‍ ജീവനൊടുക്കിയ പ്രവാസി സംരംഭകന്‍ സാജന്‍ പാറയില്‍ കണ്‍വെന്‍ഷന്‍ സെന്റിനു പിന്നാലെ കേരളത്തില്‍ വന്‍തോതില്‍ മുതല്‍മുടക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് മരണത്തിന് കുറച്ചുനാള്‍ മുമ്പ് നല്‍കിയ അഭിമുഖം വ്യക്തമാക്കുന്നു.
കേരളത്തില്‍ നിക്ഷേപകര്‍ നേരിടുന്ന യഥാര്‍ഥ പ്രശ്‌നങ്ങള്‍ അദ്ദേഹം ഈ അഭിമുഖത്തില്‍ വിശദീകരിക്കുന്നു. നൈജീരിയയിലെ വ്യാപാര സംരംഭങ്ങള്‍ തുടരുന്നതോടൊപ്പം തന്നെ കേരളത്തില്‍ വിദ്യാഭ്യാസ, ചികിത്സാ മേഖലകളില്‍ മുതല്‍മുടക്കാനാണ് അദ്ദേഹം ആലോച്ചിരുന്നത്.
ആത്മഹത്യയല്ലാതെ മറ്റൊരു വഴിയും സാജനു മുന്നില്‍ ഇല്ല എന്നറിഞ്ഞു തന്നെയാണ് നഗരസഭാധ്യക്ഷ പി.കെ.ശ്യാമള ടീച്ചറും സെക്രട്ടറി ഗിരീഷും എന്‍ജിനീയര്‍ കലേഷും പാര്‍ഥാ കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നിഷേധിച്ചതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ബീന പറയുന്നു. അനുമതി കിട്ടിയാലും കണ്‍വന്‍ഷന്‍ സെന്ററിനെ മുന്നോട്ടു കൊണ്ടുപോകാന്‍ ശ്യാമള അനുവദിക്കില്ലെന്ന ഭയം അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു.