Sorry, you need to enable JavaScript to visit this website.

പ്രവാസി വ്യവസായിയുടെ ആത്മഹത്യ നാല് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

കണ്ണൂർ-പ്രവാസി വ്യവസായി സാജൻ പാറയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആന്തൂർ നഗരസഭാ സെക്രട്ടറി ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. നഗരസഭാ സെക്രട്ടറി ഗിരീഷ്, അസിസ്റ്റന്റ് എൻജിനീയർ കലേഷ്, ഓവർസിയർമാരായ അഗസ്റ്റിൻ, സുധീർ ബി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. 
സംഭവം വിവാദമായതിനെത്തുടർന്ന് സെക്രട്ടറി അടക്കമുള്ളവരെ വകുപ്പു മന്ത്രി എ.സി. മൊയ്തീൻ ഇന്നലെ നേരിട്ട് വിളിച്ചു വരുത്തി വിശദീകരണം ആരാഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമായിരുന്നു ഈ നടപടി. ബന്ധപ്പെട്ട രേഖകളും മന്ത്രി പരിശോധിച്ചു. അതിനു ശേഷമാണ് നടപടിയുണ്ടായത്. പ്രശ്‌നം പരിഹരിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തു വീഴ്ചകൾ വന്നിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ തന്നെ വ്യക്തമായിരുന്നു. ഇതാണ് സത്വര നടപടിക്കു കാരണം. കൺവെൻഷൻ സെന്ററിനു ലൈസൻസ് നൽകുന്നതിൽ മനഃപൂർവമായ കാലതാമസം വന്നുവോ എന്നു പരിശോധിക്കുന്നതിന് ഒരു കമ്മിറ്റിയേയും നിയമിച്ചിട്ടുണ്ട്. 
അതിനിടെ, കൺവെൻഷൻ സെന്ററിനു പ്രവർത്തനാനുമതി നൽകാതെ പ്രവാസി വ്യവസായിയുടെ ആത്മഹത്യക്കു വഴിയൊരുക്കിയ ആന്തൂർ നഗരസഭാ അധികൃതർ പുതിയ വിവാദക്കുരുക്കിൽ. സർക്കാർ അനുമതിയില്ലാത്ത കൺവെൻഷൻ സെന്ററിൽ നടത്തിയ വിവാഹത്തിനു ഇതേ സ്ഥാപനത്തിന്റെ പേരിൽ സർട്ടിഫിക്കറ്റ് നൽകിയതാണ് പുതിയ വിവാദം. മനുഷ്യത്വപരമായ നടപടി എന്ന നിലയിലാണ് വിവാഹ സർട്ടിഫിക്കറ്റ് നൽകിയതെന്നാണ് ചെയർപേഴ്‌സൺ പി.കെ. ശ്യാമള ടീച്ചർ ഇത് സംബന്ധിച്ച് നൽകിയ മറുപടി. 
കൺവെൻഷൻ സെന്റർ നിർമാണം  പൂർത്തിയാക്കി മാസങ്ങൾ പിന്നിട്ടിട്ടും നഗരസഭാ അധികൃതർ പ്രവർത്തനാനുമതി നൽകാത്തതിനെത്തുടർന്നാണ് ഉടമ സാജൻ പാറയിൽ കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. 
എന്നാൽ ഇതിനിടയിൽ ഇവിടെ മൂന്നു വിവാഹങ്ങൾ നടന്നിരുന്നു. സ്ഥാപനത്തിനു ലൈസൻസ് ലഭിക്കാത്തതിനാൽ വിവാഹ സർട്ടിഫിക്കറ്റ് നൽകാൻ സാധിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഉടമ സാജൻ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു. സി.പി.എം കുടുംബങ്ങളാണ് വിവാഹം നടത്തിയിരുന്നത്. കൺവെൻഷൻ സെന്ററിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഇവർ പാർട്ടി ബന്ധമുപയോഗിച്ച് പ്രാദേശിക നേതാക്കളുടെ സഹായത്തോടെ നഗരസഭയിൽ നിന്നും വിവാഹ സർട്ടിഫിക്കറ്റ് സമ്പാദിക്കുകയായിരുന്നു. 
അതിനിടെ, പ്രവാസി വ്യവസായി സാജൻ സി.പി.എം സംസ്ഥാന സമിതിക്കു നൽകിയ രേഖാമൂലമുള്ള പരാതി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ നടന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ചർച്ച ചെയ്തതെന്ന വിവരം പുറത്തു വന്നു. പരാതിയെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ നേതൃത്വത്തോട് കോടിയേരി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് ടൗൺ പ്ലാനർക്കു പരാതി നൽകാനും ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രവർത്തനാനുമതി നൽകാനും നടപടിയെടുക്കണമെന്ന് പി. ജയരാജൻ നിർദേശിച്ചത്. ഇക്കാര്യം ഏരിയാ കമ്മിറ്റി, ലോക്കൽ കമ്മിറ്റി യോഗങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. 
ഇതിനു ശേഷമാണ് ഏപ്രിൽ മാസത്തിൽ സാജൻ വീണ്ടും കംപ്ലീഷൻ പ്ലാൻ നഗരസഭയിൽ നൽകുന്നത്. രണ്ട് മാസം പിന്നിട്ടിട്ടും ഇതിനു അനുമതി ലഭിച്ചില്ല. എന്നാൽ ഇക്കാര്യം സാജൻ പി. ജയരാജനെയോ  പാർട്ടി നേതൃത്വത്തെയോ അറിയിച്ചിരുന്നില്ല. തെരഞ്ഞെടുപ്പു തിരക്കിലായതാണ് കാരണമെന്നാണ് അറിയുന്നത്. ഇതിനു ശേഷമാണ് കൺവെൻഷൻ സെന്ററിനു ഒരിക്കലും പ്രവർത്തനാനുമതി ലഭിക്കില്ലെന്ന കാര്യം സാജനെ അറിയിച്ചത്. ഇതാണ് ആത്മഹത്യയിലേക്കു നയിച്ചത്. 
        

Latest News