കൊണ്ടോട്ടി- സംസ്ഥാനത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് യൂണിഫോം നല്‍കുന്നതിലുള്ള അപാകത പരിഹരിക്കണമെന്ന് ടി.വി.ഇബ്രാഹിം എം.എല്‍. എ പൊതു വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിനോട് ആവശ്യപ്പെട്ടു. പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന ഒരു ആണ്‍ കുട്ടിക്ക് ഒരു ഹാഫ് ട്രൗസറിന് 50 സെന്റി മീറ്റര്‍ കണക്കാക്കി രണ്ടെണ്ണത്തിന് ഒരു മീറ്റര്‍ തുണിയാണ് നല്‍കുന്നത്. എന്നാല്‍ മഹാഭൂരിഭാഗം കുട്ടികളും പാന്റ്‌സ് ആണ് ഉപയോഗിക്കുന്നത്. ഈ ഒരു മീറ്റര്‍ തുണി കൊണ്ട് ഒരു പാന്റ്‌സ് തയ്ക്കാന്‍ മാത്രമേ കഴിയൂ. സര്‍ക്കാര്‍ കുട്ടിക്ക് രണ്ടു സെറ്റ് യൂണിഫോം നല്‍കുന്നതിന് പകരം ഒരു സെറ്റ് മാത്രമാണ് നല്‍കുന്നത്.
മുസ്്‌ലിം വിദ്യാര്‍ഥകള്‍ രാവിലെ മദ്രസയില്‍ പോയി, അവിടെ നിന്ന് നേരെ സ്‌കൂളില്‍ പോകുന്ന രീതിയാണ് നിലവിലുള്ളത്. അവരാരും ഹാഫ് ട്രൗസര്‍ ഉപയോഗിക്കുന്നവരുമല്ല. നേരത്തെ യൂണിഫോമിന് ഒരു കുട്ടിക്ക് 400 രൂപ കണക്കാക്കി സ്‌കൂളിന് നല്‍കുന്ന രീതിയാണ് ഉണ്ടായിരുന്നത്. ഈ പണം ഉപയോഗിച്ച് പി.ടി.എ യുടെ നേത്രത്വത്തില്‍ രണ്ടു ജോഡി യൂണിഫോം വാങ്ങി നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ സര്‍ക്കാര്‍ യൂണിഫോം തുണി നേരിട്ട് നല്‍കുന്ന രീതിയാണ് സ്വീകരിച്ചു വരുന്നത്. കഴിഞ്ഞ വര്‍ഷം ഈ പ്രശ്‌നം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടു വന്നെങ്കിലും പരിഹാരം ലഭിച്ചില്ല. കുട്ടികള്‍ക്ക് ഓപ്ഷന്‍ നല്‍കി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എം.എല്‍.എ ക്ക് ഉറപ്പ് നല്‍കി.