ന്യൂ ദൽഹി - ഭർത്താവ് ആദിത്യ പാഞ്ചോളിയുടെ മുഖം രക്ഷിക്കാൻ പ്രസ്താവനയുമായി നടി സറീന വഹാബ്. പാഞ്ചോളി ലൈംഗീകമായി പീഡിപ്പിച്ചെന്ന ബോളിവുഡ് നടി കങ്കണ റനോട്ടിന്റെ പരാതിക്ക് മറുപടിയായാണ് സെറീനയുടെ പ്രസ്താവന. ഡെക്കാൻ ക്രോണിക്കിളിനു നൽകിയ അഭിമുഖത്തിലാണ് സറീന ഭർത്താവിനെ പിന്തുണച്ച് സംസാരിച്ചത്.
"ആരെക്കാളും നന്നായി എനിക്ക് അദ്ദേഹത്തിനെ അറിയാം. എന്നിൽ നിന്ന് അദ്ദേഹം ഒന്നും മറച്ചു വച്ചിട്ടില്ല. കഴിഞ്ഞ കാലങ്ങളിൽ എന്താണ് നടന്നതെന്ന് എനിക്കറിയാം. അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ല." സറീന പറഞ്ഞു.
കങ്കണ റാനൊട്ടും ആദിത്യ പാഞ്ചോളിയും കുറേക്കാലം ഡേറ്റിങ്ങിൽ ആയിരുന്നു. പരസ്പര സമ്മതത്തോടെയുള്ള ബന്ധം വേർപിരിഞ്ഞു വർഷങ്ങൾക്കു ശേഷമാണ് കങ്കണ ലൈംഗീക പീഢനം ആരോപിച്ച് പരാതിയുമായി വരുന്നത്.
"വർഷങ്ങളായുള്ള ബന്ധം ഒഴിവാക്കിയെന്ന പേരിൽ ബലാത്സംഗക്കുറ്റം ആരോപിക്കുന്നത് ശരിയല്ല. " സറീന പറയുന്നു.
2016ൽ എൻ.ഡി.ടി.വിക്കു നൽകിയ അഭിമുഖത്തിലാണ് കങ്കണ പീഢനത്തെ പറ്റി തുറന്നു പറയുന്നത്. "എന്റെ അച്ഛന്റെ പ്രായമുള്ള അയാൾ എന്റെ തലയ്ക്ക് അടിച്ചു.തല പൊട്ടി ചോരയൊഴുകി. എനിക്കന്ന് 17 വയസേ ഉണ്ടായിരുന്നുള്ളൂ. ഞാനും കയ്യിൽ കിട്ടിയ ചെരുപ്പ് കൊണ്ട് അയാളുടെ തലക്കടിച്ചു. " കങ്കണ പറഞ്ഞു.
നടി പൂജ ബേദിയുടെ പ്രായപൂർത്തിയാകാത്ത വീട്ടു വേലക്കാരിയെ ബലാൽസംഗം ചെയ്‌തെന്ന ആരോപണവും ആദിത്യ പഞ്ചോളിക്കെതിരായി നിലവിലുണ്ട്.