Sorry, you need to enable JavaScript to visit this website.

അൽജസീറ അടച്ചു പൂട്ടണം 

ഖത്തർ പ്രതിസന്ധി പരിഹരിക്കാൻ 13 ആവശ്യങ്ങൾ

പട്ടിക കുവൈത്ത് മുഖാന്തരം കൈമാറി


റിയാദ് - ഖത്തർ പ്രതിസന്ധി പരിഹരിക്കുന്നതിന് ഖത്തർ പാലിക്കേണ്ട പതിമൂന്നു ആവശ്യങ്ങൾ അടങ്ങിയ പട്ടിക സൗദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും ഈജിപ്തും സംയുക്തമായി ഖത്തറിന് കൈമാറി. പ്രതിസന്ധിയിൽ മധ്യസ്ഥ ശ്രമം നടത്തുന്ന കുവൈത്ത് വഴിയാണ് നാലു രാജ്യങ്ങളും പട്ടിക ഖത്തറിന് കൈമാറിയത്. അൽജസീറ ചാനൽ അടച്ചുപൂട്ടണമെന്നും ഇറാനുമായുള്ള നയതന്ത്ര ബന്ധം കുറയ്ക്കണമെന്നതുമാണ് പട്ടികയിലെ പ്രധാന ആവശ്യങ്ങൾ. ഖത്തറിലെ തുർക്കി സൈനിക താവളം അടച്ചുപൂട്ടണമെന്നും തുർക്കിയുമായുള്ള സൈനിക സഹകരണം അവസാനിപ്പിക്കണമെന്നും നാലു രാജ്യങ്ങൾക്കും പിടികിട്ടേണ്ട ഭീകരരെയും തീവ്രവാദികളെയും കൈമാറണമെന്നും ഇവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കണമെന്നും മുസ്‌ലിം ബ്രദർഹുഡുമായുള്ള മുഴുവൻ ബന്ധവും വിഛേദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 
ഖത്തറിന്റെ പ്രവർത്തനങ്ങൾ മൂലം നേരിട്ട കഷ്ടനഷ്ടങ്ങൾക്ക് ഖത്തർ നഷ്ടപരിഹാരം നൽകണമെന്നും നാലു രാജ്യങ്ങളും ആവശ്യപ്പെട്ടു. നാലു രാജ്യങ്ങളിലെയും പൗരന്മാർക്ക് പൗരത്വം നൽകുന്നത് ഖത്തർ നിർത്തിവെക്കണം. ഇതിനകം ഖത്തർ പൗരത്വം നൽകിയ ഈ നാലു രാജ്യക്കാരെയും ഖത്തർ പുറത്താക്കണം. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിൽനിന്ന് ഖത്തറിനെ അകറ്റിനിർത്തുന്നതിന് ഇത് ആവശ്യമാണെന്നാണ് നാലു രാജ്യങ്ങളും പറയുന്നത്. 
ഖത്തർ സാമ്പത്തിക സഹായം നൽകുന്ന പ്രതിപക്ഷ പ്രവർത്തകരെക്കുറിച്ച വിശദമായ വിവരങ്ങൾ ഖത്തർ കൈമാറണമെന്നും ആവശ്യമുണ്ട്. ഇറാനിലെ ഖത്തർ നയതന്ത്ര കാര്യാലയങ്ങൾ അടച്ചുപൂട്ടണമെന്നും ഇറാൻ റെവല്യൂഷനറി ഗാർഡ് അംഗങ്ങളെ ഖത്തറിൽനിന്ന് പുറത്താക്കണമെന്നും അമേരിക്കൻ ഉപരോധത്തിന് വിരുദ്ധമല്ലാത്ത നിലക്കുള്ള വാണിജ്യ ബന്ധം മാത്രമേ ഇറാനുമായി പാടുള്ളൂവെന്നും പട്ടിക നിഷ്‌കർഷിക്കുന്നു. അയൽ രാജ്യങ്ങൾക്കെതിരെ നിരന്തരം പ്രവർത്തിക്കുന്ന അറബി 21, മിഡിൽ ഈസ്റ്റ് ഐ പോലുള്ള മാധ്യമങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നത് ഖത്തർ നിർത്തിവെക്കണമെന്നും ആവശ്യമുണ്ട്. സൈനിക, രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സുരക്ഷാ തലങ്ങളിൽ അയൽ രാജ്യങ്ങളുമായും അറബ് രാജ്യങ്ങളുമായും ഖത്തർ പൂർണമായും സഹകരണത്തോടെ നീങ്ങണം. 
ഇവ പാലിക്കുന്നതിന് ഖത്തറിന് പത്തു ദിവസത്തെ സാവകാശമാണ് അനുവദിച്ചിരിക്കുന്നത്. വ്യവസ്ഥകൾ ഖത്തർ അംഗീകരിക്കുന്നപക്ഷം, ഇവ എത്രമാത്രം പാലിക്കുന്നുണ്ടെന്ന് ശക്തമായി നിരീക്ഷിക്കും. ആദ്യ ഒരു വർഷം എല്ലാ മാസവും രണ്ടാമത്തെ വർഷം മൂന്നു മാസത്തിൽ ഒരിക്കലും പിന്നീടുള്ള പത്തു കൊല്ലം വർഷത്തിൽ ഒരിക്കലും വീതമാണ് ഇത് നിരീക്ഷിക്കുകയെന്ന് ഖത്തറിന് കൈമാറിയ രേഖ പറയുന്നു. തീവ്രവാദത്തിനും ഭീകര സംഘടനകൾക്കും സാമ്പത്തിക സഹായം നൽകുന്നത് നിർത്തിവെക്കണമെന്നും ഭീകരതയുമായി ബന്ധപ്പെട്ട് മറ്റു രാജ്യങ്ങൾ അന്വേഷിക്കുന്നവർക്ക് അഭയം നൽകരുതെന്നും ഗൾഫ് സഹകരണ കൗൺസിൽ തീരുമാനങ്ങളും 2014 ൽ റിയാദിൽ ഒപ്പുവെച്ച കരാറും പാലിക്കണമെന്നും ഖത്തറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗർഗാശ് പറഞ്ഞു. 

 

 

Latest News