ചോക്ലേറ്റ് നായകൻ ഷാരൂഖ് ഖാനും ഗോതമ്പ് സുന്ദരി കാജോളും ആടിപ്പാടി തകർത്ത എത്രയെത്ര ഹിന്ദി ചിത്രങ്ങൾ? ബോളിവുഡ് സിനിമകളിലെ മെഗാ ഹിറ്റുകളിൽ പലതും വിദേശങ്ങളിൽ ചിത്രീകരിച്ചിട്ടുണ്ട്. യൂറോപ്പും അമേരിക്കയും അഫ്ഗാനിസ്ഥാനുമെല്ലാം ചിത്രീകരണത്തിനായി തെരഞ്ഞെടുക്കാറുണ്ട്. ഇന്ത്യയിലെ ചില കേന്ദ്രങ്ങൾ ഒഴിവാക്കാതിരിക്കാൻ ബി ടൗൺ വാഴുന്നവർ ശ്രദ്ധിക്കാറുണ്ട്. പണ്ടു കാലത്ത് ഐ.വി ശശി സിനിമകളിൽ കല്ലായ് പാലം ഉൾപ്പെടുത്തുന്നത് പോലെ രാജ്യത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളും ചരിത്ര സ്മാരകങ്ങളും ഹിന്ദി ചിത്രങ്ങളിൽ ഇടം പിടിക്കുന്നു.
കാഴ്ചക്കാരുടെ മനസ്സിൽ സിനിമകളിലൂടെ പതിഞ്ഞ ഒട്ടേറെ ഇടങ്ങളുണ്ട് ബോളിവുഡ് സിനിമകളിൽ. ചരിത്രത്തെ അതിജീവിച്ച് സിനിമകളിൽ നിറഞ്ഞു നിൽക്കുന്ന ലൊക്കേഷനുകൾ. ഒട്ടേറെ സിനിമകളിൽ മുഖം കാണിച്ച് പ്രേക്ഷകരുടെ ഇഷ്ട സ്ഥലങ്ങളായി മാറിയ വിനോദ സഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടാം. ഒട്ടേറെ ഹിന്ദി സിനിമകളിൽ മുഖം കാണിച്ചിട്ടുള്ള ഏറെ പ്രസിദ്ധമായ ഒരു ചരിത്ര നിർമിതിയാണ് ബാഗോർ കി ഹവേലി.
ഉദയ്പൂരിലെ പ്രശസ്ത കൃത്രിമ തടാകമായ പിച്ചോല തടാകത്തിനു സമീപം സ്ഥിതി ചെയ്യുന്ന ബാഗോർ കി ഹവേലി മേവാർ രാജവംശത്തിലെ പ്രധാനമന്ത്രിയായിരുന്ന അമീർ ചന്ദ് ബഡ്വ 18 ാം നൂറ്റാണ്ടിൽ നിർമിച്ചതാണ്. പിന്നീട് 1986 ൽ ഇത് വെസ്റ്റ് സോൺ കൾച്ചറൽ സെന്ററിനു കൊടുക്കുകയും അവർ ഇതിനെ ഒരു മ്യൂസിയമാക്കി മാറ്റുകയും ചെയ്തു. ഇതിന്റെ വ്യത്യസ്തമായ വാസ്തു വിദ്യയെക്കുറിച്ച് അറിയാനും മനസ്സിലാക്കാനുമാണ് ഇവിടെ സഞ്ചാരികൾ എത്തിച്ചേരുന്നത്. മേവാർ രാജവംശത്തിന്റെ പ്രൗഢിയും പ്രതാപവും കാണിക്കുന്ന ഒട്ടേറെ കാഴ്ചവസ്തുക്കളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഏറ്റവും അധികം ബോളിവുഡ് സിനിമകൾ ചിത്രീകരിച്ച സ്ഥലം കൊൽക്കത്തയാണ്. കൊൽക്കത്തയിലെ ഏല്ലാ സ്ഥലങ്ങളും ഏതെങ്കിലും സിനിമകളിലായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. അത്തരത്തിൽ മിക്ക ബോളിവുഡ് സിനിമകളിലും കാണാൻ സാധിക്കുന്ന ഇടമാണ് കൊൽത്തയിലെ വിക്ടോറിയ മഹൽ.
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണ കാലത്തിന്റെ സ്മാരകമായ ഈ മന്ദിരം താജ്മഹലിന്റെ രൂപത്തിലാണ് നിർമിച്ചിരിക്കുന്നത്. 1906 ൽ വെയിൽസ് രാജകുമാരനാണ് ഇതിന്റെ നിർമാണത്തിനുള്ള തറക്കല്ലിട്ടത്. ബ്രിട്ടീഷ് - മുഗൾ വാസ്തുവിദ്യകളുടെ സമന്വയം ഇതിന്റെ നിർമാണ രീതിയിൽ കാണാൻ സാധിക്കും. ഗാലറി, അപൂർവങ്ങളായ ചിത്രങ്ങൾ, പ്രതിമകൾ, മ്യൂസിയം തുടങ്ങിയവ ഇവിടെ കാണാം. ഇത് ആസ്വദിക്കാനാണ് കൂടുതലും സന്ദർശകർ എത്തുന്നത്.
രാജസ്ഥാനിലെ ജയ്പൂരിന്റെ പ്രത്യേകതകളിൽ ഒന്നാണ് അമേർ കോട്ട. ബോളിവുഡിന്റെ പ്രിയപ്പെട്ട ലൊക്കേഷനുകളിൽ ഒന്നായ ഇവിടെ ഒരു സീനെങ്കിലും ചിത്രീകരിക്കാത്ത ഹിന്ദി സിനിമകൾ കുറവാണെന്നു തന്നെ പറയാം. ചരിത്രത്തിലെ മായാത്ത കഥകൾ കൊണ്ടും കൊത്തുപണികളും വാസ്തുവിദ്യ കൊണ്ടും എന്നും തിളങ്ങി നിൽക്കുന്ന ഒരു ലൊക്കേഷനാണിത്.
നിർമാണ ശൈലിയുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളിൽ ഒന്നായ ഇതിന്റെ ഒപ്പം നിൽക്കുന്ന മറ്റൊന്നും രാജസ്ഥാനിൽ ഇല്ല. ചുവന്ന കല്ലുകളിൽ നിർമിച്ചിട്ടുള്ള ചുവരുകളും വെളുത്ത മാർബിളിൽ നിർമിച്ച വരാന്തകളും ഇതിന്റെ സൗന്ദര്യത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നു.
പ്രണയ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ ബോളിവുഡ് സിനിമകളിൽ സ്ഥിരം വരുന്ന ഇടമാണ് രാജസ്ഥാനിലെ തന്നെ ജൽമഹൽ. ചുറ്റിലും നിറഞ്ഞു കിടക്കുന്ന വെള്ളത്തിന് നടുവിലായി സ്ഥിതി ചെയ്യുന്ന ഒരു കൊട്ടാരവും വെള്ളത്തിൽ കാണുന്ന അതിന്റെ പ്രതിഫലനവും എങ്ങനെയാണ് വേണ്ടന്നു വെയ്ക്കുക. ഒരു കാലത്ത് ജയ്പൂരിലെ രാജാക്കൻമാർ പക്ഷികളെ വേട്ടയാടുന്ന സ്ഥലമായിരുന്നു ഇത്. 250 വർഷങ്ങൾക്കു മുൻപ് നിർമിക്കപ്പെട്ട ഈ കൊട്ടാരത്തിന്റെ ഭൂരിഭാഗവും വെള്ളത്തിനടിയിലാണ്. അക്കാലത്തെ വാസ്തുവിദ്യയുടെ വിസ്മയം തന്നെയാണ് ഇത്. ഇവിടെ ബോട്ട് വഴി മാത്രമേ എത്തിച്ചേരുവാൻ സാധിക്കുകയുള്ളൂ.
അമീർ ഖാന്റെ പ്രശസ്തമായ രംഗ് ദേ ബലന്തി സിനിമ ചിത്രീകരിച്ച സ്ഥലം ഓർമയുണ്ടോ? അത് രാജസ്ഥാനിലെ ജയ്പൂരിന് സമീപമുള്ള നാഹർഗഡ് കോട്ടയാണ്. ഇന്തോ-യൂറോപ്യൻ വാസ്തുവിദ്യയുടെ മിശ്രണത്തിൽ നിർമ്മിച്ചിരിക്കുന്ന ഈ കോട്ട ആരവല്ലി പർവത നിരകൾക്ക് സമാന്തരമായാണ് സ്ഥിതി ചെയ്യുന്നത്. കടുവകളുടെ വാസസ്ഥലം എന്നാണ് നാഹർഗഡ് എന്ന വാക്കിന്റെ അർഥം. 1734 ലാണ് ഈ കോട്ടയുടെ നിർമാണം പൂർത്തിയാകുന്നത്. പിന്നീട് 1880 ൽ മഹാരാജാ സവായ് സിങ് മാധോ ഇതിന്റെ പുറംചുവരുകളും മറ്റും പുനർനിർമിച്ചിരുന്നു.
ജയ്‌സാൽമറിൽ നിന്നും ആറു കിലോമീറ്റർ ഉള്ളിലായി സ്ഥിതി ചെയ്യുന്ന മറ്റൊരു മനോഹര സ്ഥലമാണ് ബഡാ ബാഗ്. രാജകീയമായ നിർമിതികൾക്കു പേരു കേട്ടിരിക്കുന്ന സ്ഥലമാണ് ബഡാ ബാഗ്. ഇവിടുത്തെ പാർക്കിൽ ധാരാളം സ്മാരകങ്ങൾ കാണാൻ സാധിക്കും. ശവകുടീരങ്ങളും തൂണുകളും ഒക്കെയാണ് ഇവിടുത്തെ ആകർഷണങ്ങൾ. ഒട്ടേറെ ബിഗ് ബജറ്റ് ബോളിവുഡ് സിനിമകൾ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്.
ആട്ടിടയന്റെ കുന്ന് എന്നർഥം വരുന്ന ഗൊല്ലകൊണ്ട എന്ന വാക്ക് ലോപിച്ചാണ് ഗൊൽക്കൊണ്ടയുണ്ടായത്. ഹൈദരാബാദിൽ നിന്ന് 11 കിലോമീറ്റർ അകലെയാണ് ഗൊൽക്കൊണ്ട കോട്ട. ഒരിക്കൽ സമ്പൽസമൃദ്ധമായിരുന്ന ഖുത്തുബ്ഷാഹി രാജാക്കൻമാരുടെ ഈ ആസ്ഥാനം ഇന്ന് തകർച്ചയുടെ വക്കിലാണ്. 1512 മുതൽ ഇവിടം ഭരിച്ച ഖുത്തുബ്ഷാഹി രാജാക്കൻമാരുടെ ഭരണ കാലത്താണ് ഗൊൽക്കൊണ്ട കോട്ടയുടെ നിർമിച്ചത്. ഏഴു കിലോമീറ്റർ ചുറ്റളവിൽ എട്ടു ഗേറ്റുകളും 87 കൊത്തളങ്ങളും പ്രൗഢിയേറ്റുന്ന ഈ കൂറ്റൻ കോട്ടയുടെ നിർമാണത്തിൽ ഏറിയ പങ്കും നടന്നത് ഇബ്രാഹീം ക്വിലി ഖുത്തുബ്ഷായുടെ ഭരണ കാലത്താണ്.
അത്ഭുതകരമായ ശബ്ദ സംവിധാനമാണ് ഗൊൽക്കൊണ്ട കോട്ടയുടെ ഏറ്റവും പ്രധാന ആകർഷണം. പ്രധാന കവാടത്തിൽ നിന്ന് കൈകൊട്ടിയാൽ 91 മീറ്റർ ഉയരത്തിലുള്ള കോട്ടയുടെ മുകൾ ഭാഗം വരെ കേൾക്കുമത്രേ. പ്രണയത്തിന്റെ പ്രതീകമായണ് താജ്മഹലിനെ വിശേഷിപ്പിക്കുന്നത്.
താജ്മഹലിനെക്കുറിച്ച് പറയുമ്പോൾ ചില നാടോടിക്കഥയിലെന്ന പോലെ ഷാജഹാന്റെയും മുംതാസിന്റെയും പ്രണയ കഥയാണ് പറയപ്പെടുന്നത്. മുംതാസിന്റെ ഓർമയ്ക്ക് ഷാജഹാൻ നിർമിച്ച പ്രണയ സ്മാരകം.
യമുനാ നദിയുടെ കരയിൽ തീർത്ത ആ മാർബിൾ സൗധം ശരിക്കും ഒരു വിസ്മയം തന്നെയാണ്. ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നാണ് താജ്മഹൽ.