കൊണ്ടോട്ടി - ഇന്ത്യയിൽ നിന്നുളള ഈ വർഷത്തെ ഹജ് തീർത്ഥാടകരുടെ വിസ നടപടികൾ തുടങ്ങി. മുംബൈ, ദില്ലി എന്നീ രണ്ടു സൗദി നയതന്ത്ര കാര്യാലയങ്ങളിൽനിന്നാണ് ഹജ് വിസകൾ അനുവദിക്കുന്നത്. ഇതിനായി പാസ്‌പോർട്ടുകൾ അവിടെ എത്തിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തിൽ യാത്രയാകുന്ന തീർത്ഥാടകരുടെ പാസ്‌പോർട്ടുകളാണ് കൈമാറിയത്. കേരളത്തിൽ നിന്നുളള തീർത്ഥാടകർ ആദ്യഘട്ടത്തിലാണ് ഉൾപ്പെട്ടത്. ജൂലൈ നാലുമുതലാണ് ഇന്ത്യയിൽ നിന്നുളള ഹജ് സർവ്വീസുകൾ ആരംഭിക്കുന്നത്. കേരളത്തിൽ കരിപ്പൂരിൽ നിന്ന് ജൂലൈ 7 നാണ് ഹജ് സർവ്വീസുകൾ തുടങ്ങുന്നത്.
ഓരോ തീർത്ഥാടകന്റെയും പാസ്‌പോർട്ടിനൊപ്പം ഹജ് വിസ പതിച്ച പേപ്പറാണ് നൽകുക. നേരത്തെ ഹജ് വിസ പാസ്‌പോർട്ടിൽ പതിക്കുന്ന രീതിയായിരുന്നു. കഴിഞ്ഞ വർഷം മുതൽ ആണ് ഇതിൽ മാറ്റം വന്നത്.
ഓരോ സംസ്ഥാനങ്ങളിലേയും വിസ നടപടികൾ പൂർത്തിയാവുമ്പോൾ അതത് ഹജ് കമ്മിറ്റിയെ അറിയിക്കും. തുടർന്ന് ഹജ് കമ്മിറ്റി ഓഫീസ് പ്രതിനിധികളെത്തി ഓരോ തീർത്ഥാടകന്റെയും പാസ്‌പോർട്ടും വിസയും ഒത്തുനോക്കും. വിസയിൽ തീർത്ഥാടകന്റെ പേരിലോ, പാസ്‌പോർട്ട് നമ്പറിലോ മാറ്റങ്ങളുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുക. വിസയിലും പാസ്‌പോർട്ടിലും വ്യത്യാസമുണ്ടായാൽ യാത്ര തടസ്സപ്പെടും. ആയതിനാൽ ഓരോ തീർത്ഥാടകന്റെയും പാസ്‌പോർട്ടുകളും വിസയും ശരിയാണെന്ന് ബോധ്യമാക്കിയതിന് ശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങുക. പിന്നീട് പാസ്‌പോർട്ടുകൾ കേന്ദ്ര ഹജ് കമ്മിറ്റി കൊറിയർ മുഖേന ഓരോ സംസ്ഥാനങ്ങളിലേക്കും അയക്കും. ഇതിന് മുന്നോടിയായി തന്നെ തീർത്ഥാടകരെ തിരിച്ചറിയാനുളള ലോഹവളയും കൈമാറും.
കേരളത്തിലെ ഹജ് തീർത്ഥാടകരുടെ ഹജ് വിസയും പാസ്‌പോർട്ടും ഈ മാസം അവസാനമെത്തും. കരിപ്പൂരിൽ നിന്ന് പുറപ്പെടുന്നവരുടെ പാസ്‌പോർട്ടുകളാണ് ആദ്യമെത്തുക. നെടുമ്പാശ്ശേരിയിൽ നിന്ന് ജൂലൈ 14 മുതലാണ് ഹജ് സർവ്വീസ് ആരംഭിക്കുന്നത്. ആയതിനാൽ ഇവ ഒരാഴ്ച കൂടി കഴിഞ്ഞാവും എത്തുക. ഹജ് സർവ്വീസ് ആരംഭിക്കുന്നതിന്റെ ഒരാഴ്ച മുമ്പ് തന്നെ ഹജ് ക്യാംപിൽ ഹജ് സെല്ലിന്റെ പ്രവർത്തനങ്ങൾ തുടങ്ങും. ഹജ് സെൽ ഉദ്യോഗസ്ഥരാണ് യാത്രാരേഖകൾ പരിശോധിക്കുക. ഓരോ ദിവസവും പുറപ്പെടുന്ന തീർത്ഥാടകരുടെ പാസ്‌പോർട്ടുകൾ ഹജ് വിമാനങ്ങളുടെ മാനിഫെസ്റ്റോ അനുസരിച്ച് ക്ലിയർ ചെയ്യുന്നത് ഹജ് സെൽ ഉദ്യോഗസ്ഥരാണ്. ആയതിനാൽ ഹജ് ക്യാംപിനും ദിവസങ്ങൾക്ക് മുമ്പ് ഹജ് സെൽ തുടങ്ങും.