മുംബൈ-പുതിയ ചിത്രം ഭാരതിന്റെ പ്രീമിയര്‍ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങി വരുന്നതിനിടെ പരസ്യമായി സുരക്ഷാ ഉദ്യോഗസഥന്റെ മുഖത്തടിച്ച് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍. സുരക്ഷാ ഉദ്യോഗസ്ഥന്റെ കരണത്തടിച്ച സംഭവം ബി ടൌണിലാകെ ചര്‍ച്ചയായി കഴിഞ്ഞു.
സല്‍മാനെ കാണാന്‍ തള്ളിക്കയറുന്ന ആരാധകരെ നിയന്ത്രിക്കുകയായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥന്‍. ഇതിനിടയില്‍ താരത്തെ കാണാന്‍ ഉന്തിത്തള്ളിയെത്തിയ ഒരു കുട്ടി ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥന്‍ പിടിച്ച് മാറ്റി. ഇത് ഇഷ്ടപ്പെടാഞ്ഞതാണ് സല്‍മാനെ പ്രകോപിപ്പിച്ചതെന്നാണ് ആരാധകര്‍ പറയുന്നത്.
ഇതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പൊതുസ്ഥലത്ത് വെച്ച് സുരക്ഷാ ഉദ്യോഗസ്ഥനെ തല്ലിയതിന് നടന്‍ മാപ്പു പറയണമെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെടുന്നുണ്ട്. താരത്തിന്റെ ഈ അന്തസില്ലാത്ത പെരുമാറ്റത്തെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.