ജിദ്ദ- ഗൾഫ് മേഖലയിലെ നയതന്ത്ര പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സൗദിയിലെ പ്രശസ്ത ഹാസ്യ പരമ്പരയായ 'സെൽഫി-3' അയൽരാജ്യങ്ങളോടുള്ള ഖത്തറിന്റെ 21 വർഷം നീണ്ട ചതി വിശദീകരിക്കുന്ന എപ്പിസോഡ് പുറത്തിറക്കി. അൽമുഅദ്ദീ (ഉപദ്രവകാരി) എന്ന ശീർഷകത്തിൽ കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ 25-ാമത് എപ്പിസോഡിൽ വിദേശ സഹായത്തോടെ ഭീകരതയെയും ഭീകര പ്രവർത്തകരെയും സഹായിക്കുന്ന ഖത്തർ, മേഖലയിൽ സൃഷ്ടിച്ച പ്രശ്‌നങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ വരച്ചു കാട്ടുന്നു.
പ്രമുഖ സൗദി നടൻ നാസർ അൽഖുസബി നായകനായ പരമ്പരയിലെ 45 മിനിറ്റ് നീളുന്ന എപ്പിസോഡ് ഖത്തർ ഭരണ നേതൃത്വത്തിന്റെ ഇരട്ടത്താപ്പ് തുറന്നു കാട്ടുന്നതാണ്. പിതാവും മകനുമായുള്ള തർക്കമാണ് അൽ മുഅദ്ദിയുടെ ഇതിവൃത്തം. അയൽരാജ്യങ്ങളുമായി കലഹിക്കുന്ന ഖത്തറിനെ വ്യംഗ്യമായി കളിയാക്കി പിന്നീട് മകൻ അയൽവാസികളുമായും കലഹിക്കുന്നുണ്ട്.
വിധ്വംസക പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ ഒരാൾ ഏതാനും തീവ്രവാദികളുടെ വാക്കുകൾ കേട്ട് താൻ നടത്തുന്ന കൃഷിയിടത്തിൽ നിന്ന് പിതാവിനെ പുറത്താക്കുന്നു. പിന്നീട് നിഗൂഢമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് വ്യത്യസ്ത ദേശക്കാരായ അക്രമികൾക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്ത് അവിടെ അഭയം നൽകുന്നു. പിന്നീട് ഇസ്രായിൽ പാസ്‌പോർട്ട് ഉപേക്ഷിക്കാൻ തയാറാകാത്ത അസ്മി ബിശാറ ഒരു ഇലക്ട്രീഷ്യനായി ആ ഫാമിലേക്ക് വരുന്നു. ഫാമിന്റെ ഉടമസ്ഥനായ ഹമദ് ഇയാൾക്കും സകല സഹായവും വാഗ്ദത്തം ചെയ്യുന്നു. ഇപ്പോഴത്തെ ഖത്തർ ഭരണാധികാരി തമീം ബിൻ ഹമദ് അൽഥാനിയുടെ ഉപദേശകനായി അറിയപ്പെടുന്ന ഇസ്രായിൽ മുൻ എം.പി അസ്മി ബിശാറയായി വേഷമിടുന്നത് നടൻ അസ്അദ് അൽസഹ്‌റാനിയും അന്തരിച്ച ഖത്തർ അമീർ ഹമദ് അൽഥാനിയായി നാസർ അൽ ഖുസബിയുമാണ് അഭിനയിക്കുന്നത്.
ഫാമിൽ ആകമാനം അസ്മി ക്യാമറകൾ സ്ഥാപിച്ചത് കാരണം അൽജസീറ ചാനലിന് അതിവേഗം കുഴപ്പം വ്യാപിപ്പിക്കാൻ സാധിച്ചുവെന്നും ടെലിവിഷൻ പരമ്പര സൂചിപ്പിച്ചു. തന്നെ വധിക്കാനുള്ള പദ്ധതിയെക്കുറിച്ച് അസ്മിയും മകനായ ഹമദും ടെലിഫോണിൽ സംസാരിക്കുന്നത് കേട്ട അബൂ മുസാഇദ് ഫാമിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചു. ഇതോടെ, ഫാമിൽ താമസിച്ചിരുന്നവർ പിൻവലിയാൻ തീരുമാനിച്ചു. അസ്മി സ്വന്തം നാടായ ടെൽഅവീവിലേക്ക് മടങ്ങിപ്പോകാനാണ് ഇഷ്ടപ്പെട്ടത്.
എപ്പിസോഡിന് വൻ സ്വീകാര്യതയാണ് സാമൂഹ്യ മാധ്യമ ഉപയോക്താക്കളിൽ ലഭിച്ചത്. പരമ്പര സംപ്രേഷണം ചെയ്യുന്നതിന് മുമ്പ് നാസർ അൽഖുസബി 'പെട്ടെന്നുള്ള നിലപാട് മാറ്റം അസ്വീകാര്യമാണ്. ഖത്തർ ഭരണകൂടത്തിന്റെ കള്ളി വെളിച്ചത്തായിരിക്കുന്നു' -എന്ന് ട്വീറ്റ് ചെയ്തിരുന്നു.