തിരുവനന്തപുരം- പ്രധാനമന്ത്രി മോഡിയെ ഗാന്ധിയെന്ന് വിളിച്ച് ഫെയ്‌സ് ബുക്കില്‍ മോഡി സ്തുതി നടത്തിയ എ.പി. അബ്ദുല്ലക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കി. പാര്‍ട്ടിയുടേയും പ്രവര്‍ത്തകരുടേയും പൊതുവികാരത്തിനും താല്‍പര്യങ്ങള്‍ക്കുമെതിരായി പ്രവര്‍ത്തിച്ചതിനാലാണ് നടപടിയെന്ന് കെ.പി.സി.സി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
നരേന്ദ്ര മോഡിയുടെ വികസന നയത്തെ പുകഴ്ത്തിയുള്ള ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ ഉറച്ചുനില്‍ക്കുന്നതായി കെ.പി.സി.സി പ്രസിഡന്റിന് നേരത്തെ അബ്ദുല്ലക്കുട്ടി വിശദീകരണം നല്‍കിയിരുന്നു. ആരുടെയും കാലു പിടിച്ചോ ഗ്രൂപ്പുകാരുടെ പെട്ടി തൂക്കിയിട്ടോ അല്ല കണ്ണൂരിലും തലശ്ശേരിയിലും മല്‍സരിക്കാന്‍ അവസരം കിട്ടിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പരിഹാസത്തോടെയുള്ള ഈ മറുപടിയും പെട്ടെന്ന് നടപടി സ്വീകരിക്കാന്‍ കാരണമെന്ന് കരുതുന്നു.
ഗുജറാത്ത് വികസന മാതൃക സംബന്ധിച്ച തന്റെ മുന്‍ പ്രസ്താവന തിരുത്താന്‍ 2009ലെ കണ്ണൂര്‍ ഉപതെരഞ്ഞെടുപ്പ് സമയത്തു കോണ്‍ഗ്രസ് നേതാക്കളില്‍നിന്നു സമ്മര്‍ദമുണ്ടായിരുന്നുവെന്നും അന്നും തിരുത്തിയിട്ടില്ലെന്നും അബ്ദുല്ലക്കുട്ടി മറുപടിയില്‍ വിശദീകരിച്ചു. വന്‍ ഭൂരിപക്ഷത്തോടെയാണ് ആ തെരഞ്ഞെടുപ്പില്‍ ജയിച്ചത്. പുതിയ തലമുറയ്ക്ക് ഇഷ്ടമുള്ള നിലപാടാണ് തന്റേത്.
തനിക്കെതിരെ നേതാക്കള്‍ നടത്തിയ പരസ്യപ്രസ്താവനയ്ക്കും പാര്‍ട്ടി മുഖപത്രത്തിന്റെ ആക്ഷേപത്തിനു ശേഷം ഈ വിശദീകരണ നോട്ടിസിന് എന്തു പ്രസക്തിയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. മോഡിയുടെ ഭരണതന്ത്രജ്ഞതയുടേയും വികസന അജണ്ടയുടേയും അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ വന്‍വിജയമെന്നായിരുന്നു അബ്ദുല്ലക്കുട്ടിയുടെ കുറിപ്പ്.
മോഡിയുടെ നേട്ടങ്ങളെ അക്കമിട്ട് നിരത്തിയ അദ്ദേഹം, വിമര്‍ശിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ മറക്കരുതെന്നും കുറിച്ചിരുന്നു. ഇതിനെതിരെ കണ്ണൂര്‍ ഡിസിസി കെപിസിസിക്ക് പരാതി നല്‍കി. ശക്തമായ നടപടി വേണമെന്ന് കെപിസിസി നേതൃയോഗത്തിലും രാഷ്ട്രീയകാര്യ സമിതിയിലും ആവശ്യം ഉയര്‍ന്നിരുന്നു.