ജിദ്ദ - ഭീകരതക്കും തീവ്രവാദത്തിനും ഭീകരർക്കുമെതിരെ സന്ധിയില്ലാ പോരാട്ടം നടത്തിയ പോരാളിയായ മുഹമ്മദ് ബിൻ നായിഫ് രാജകുമാരൻ പതിനെട്ടു വർഷത്തെ വിശ്രമ രഹിതവും ഭാരിച്ചതുമായ ദൗത്യത്തിൽ നിന്നാണ് വിശ്രമിക്കുന്നത്. അൽഖാഇദയും പിന്നീട് ഐ.എസും രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ ഇടതടവില്ലാതെ ആക്രമണം ആരംഭിച്ച കാലത്ത് ദേശീയ സുരക്ഷയും ക്രമസമാധാനവും സംരക്ഷിക്കുന്നതിൽ മുഹമ്മദ് ബിൻ നായിഫ് രാജകുമാരൻ നടത്തിയ സ്തുത്യർഹമായ സേവനം ലോകം മുഴുവൻ അംഗീകരിച്ചിട്ടുണ്ട്.
സൗദിയിൽ ഭീകരവാദത്തെയും തീവ്രവാദത്തെ യും ആശയ തലത്തിലും സൈനിക തലത്തിലും ഒരേസമയം പ്രതിരോധിക്കുന്ന തന്ത്രമാണ് മുഹമ്മദ് ബിൻ നായിഫ് രാജകുമാരൻ നടപ്പാക്കിയത്. ആശയ തലത്തിൽ ഭീകരരെയും തീവ്രവാദികളെയും തെറ്റ് ബോധ്യപ്പെടുത്തുന്നതിന് ആരംഭിച്ച പദ്ധതി പിന്നീട് പാശ്ചാത്യ രാജ്യങ്ങൾ വരെ പ്രയോജനപ്പെടുത്തി. ഭീകരതയെ ചെറുത്തു തോൽപിക്കുന്നതിന് മുഹമ്മദ് ബിൻ നായിഫ് രാജകുമാരന്റെ നേതൃത്വത്തിൽ ആഭ്യന്തര മന്ത്രാലയത്തിന് സാധിച്ചു.
1999 മെയ് 13 നാണ് ആഭ്യന്തര സഹമന്ത്രിയായി നിയമിക്കപ്പെട്ടത്. 2012 നവംബർ അഞ്ചിന് ആഭ്യന്തര മന്ത്രിയായി നിയമിക്കപ്പെട്ടു. 2001 മാർച്ചിൽ റാഞ്ചിയെടുത്ത് മദീനയിൽ ഇറക്കിയ റഷ്യൻ വിമാനത്തിലെ യാത്രക്കാരെ രക്ഷിച്ച് റാഞ്ചികളെ അറസ്റ്റ് ചെയ്യുന്നതിനുള്ള ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയതിന് ഫഹദ് രാജാവ് കിംഗ് ഫൈസൽ മെഡൽ നൽകി ആദരിച്ചു.
അബ്ദുല്ല രാജാവ് 2009 ൽ കിംഗ് അബ്ദുൽ അസീസ് മെഡൽ സമ്മാനിച്ചു. 2015 ജനുവരി 23 ന് ഡെപ്യൂട്ടി കിരീടാവകാശിയും രണ്ടാം ഉപപ്രധാനമന്ത്രിയുമായി തെരഞ്ഞെടുക്കപ്പെട്ടു. 2015 ഏപ്രിൽ 29 ന് കിരീടാവകാശിയായും ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായി നിയമിക്കപ്പെട്ടു.
2009 ഓഗസ്റ്റ് 27 ന് മുഹമ്മദ് ബിൻ നായിഫ് രാജകുമാരനു നേരെ വധശ്രമമുണ്ടായിരുന്നു. കീഴടങ്ങുന്നതിനെന്ന വ്യാജേന എത്തിയ ഭീകരൻ അന്ന് അസിസ്റ്റന്റ് സഹമന്ത്രിയായിരുന്ന മുഹമ്മദ് ബിൻ നായിഫ് രാജകുമാരനു മുന്നിൽ വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.
ജിദ്ദയിലെ കൊട്ടാരത്തിലെ ഓഫീസിൽ വെച്ച് ഭീകരൻ നടത്തിയ ചാവേറാക്രമണത്തിൽ നിസ്സാര പരിക്കുകളോടെ മുഹമ്മദ് ബിൻ നായിഫ് രാജകുമാരൻ രക്ഷപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം അൽഖാഇദ ഏറ്റെടുത്തു.