Sorry, you need to enable JavaScript to visit this website.

മൂന്ന് ഫ്രഞ്ച് ഐ.എസുകാര്‍ക്ക് ഇറാഖില്‍ വധശിക്ഷ

ബഗ്ദാദ്- ഭീകര സംഘടനയായ ഐ.എസില്‍ ചേര്‍ന്ന കുറ്റത്തിന് മൂന്ന് ഫ്രഞ്ച് പൗരന്മാര്‍ക്ക് ഇറാഖി കോടതി വധശിക്ഷ വിധിച്ചു. ഫ്രാന്‍സില്‍നിന്നുള്ള ഐ.എസുകാര്‍ക്ക് ആദ്യമായാണ് ഇറാഖില്‍ വധശിക്ഷ വിധിക്കുന്നതെന്ന് കോടതി വൃത്തങ്ങള്‍ അറിയിച്ചു.
ഐ.എസുകാരോടൊപ്പം ചേര്‍ന്ന് പൊരുതിയിരുന്ന കെവിന്‍ ഗൊണോട്ട്, ലിയോണാര്‍ഡ് ലോപസ്, സലിം മച്ചൗ എന്നിവര്‍ക്കാണ് വധശിക്ഷ.  സിറിയയില്‍നിന്ന് അമേരിക്കന്‍ പിന്തുണയുള്ള സൈന്യമാണ് ഇവരെ പിടികൂടിയിരുന്നത്. തുടര്‍ന്ന് വിചാരണക്കായി ഇറാഖിന് കൈമാറുകയായിരുന്നു. പ്രതികള്‍ക്ക് 30 ദിവസത്തിനകം അപ്പീല്‍ നല്‍കാം.
അയല്‍ രാജ്യമായ സിറിയയില്‍നിന്ന് ആയിരക്കണക്കിന് സായുധ പോരാളികളെയാണ് ഇറാഖ് കസ്റ്റഡിയിലെടത്തിരിക്കുന്നത്. ഐ.എസിന്റെ ഖിലാഫത്ത് തകര്‍ക്കാന്‍ അമേരിക്കയുടെ പിന്തുണയോടെ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ് നടത്തിയ യുദ്ധത്തിലാണ് ഇവരെ തടവിലാക്കിയത്. 2018 നു ശേഷം ഐ.എസുമായി ബന്ധമുള്ള 500 ലേറെ വിദേശികളെ വിചാരണ ചെയ്ത് ശിക്ഷിച്ചതായി ഇറാഖി നീതിന്യായ വകുപ്പ് ഈയിടെ വെളിപ്പെടുത്തിയിരുന്നു. ജീവപര്യന്തം തടവും വധശിക്ഷയും വിധിച്ചിട്ടുണ്ടെങ്കിലും വിദേശികള്‍ക്ക് ഇതുവരെ വധശിക്ഷ നടപ്പാക്കിയിട്ടില്ല. പീഡിപ്പിച്ചാണ് തെളിവുകള്‍ ശേഖരിക്കുന്നതെന്ന് ആരോപിച്ച് ഇറാഖിലെ വിചാരണയെ പൗരാവകാശ ഗ്രൂപ്പുകള്‍ എതിര്‍ക്കുന്നുണ്ട്.

 

Latest News