മക്ക - വിശുദ്ധ ഹറമിലെ അവസാന പത്തിൽ വിശുദ്ധ ഹറമിൽ ഭജനമിരിക്കുന്നത് അര ലക്ഷത്തോളം പേർ. ശനിയാഴ്ച വൈകീട്ട് സൂര്യാസ്തനം മുതൽ ഇവർ ഹറമിൽ പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളിൽ ഇഅ്തികാഫ് ആരംഭിച്ചു. ഇഅ്തികാഫ് ഇരിക്കുന്നവരുടെ വ്യക്തിപരമായ വസ്തുക്കൾ സൂക്ഷിക്കുന്നതിനു വേണ്ടി ഹറംകാര്യ വകുപ്പ് ലോക്കറുകൾ അനുവദിച്ചിട്ടുണ്ട്.
വിശുദ്ധ ഹറമിന്റെ അടിയിലെ നിലയിലാണ് ഇഅ്തികാഫിന് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ മസ്അയുടെ അടിയിലെ നിലയിലും കിംഗ് അബ്ദുല്ല വികസന ഭാഗത്തും ഇഅ്തികാഫ് അനുവദിക്കുന്നില്ല.
പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളിൽ ഇഅ്തികാഫ് ഇരിക്കുന്നത് തടയുന്നതിന് ഹറംകാര്യ വകുപ്പിനു കീഴിലെ പ്രത്യേക കമ്മിറ്റി പരിശോധനകൾ നടത്തുന്നുണ്ട്.