ബഗ്ദാദ്- ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇറാഖ് ഇടപെടരുതെന്ന് ആവശ്യപ്പെട്ട് ശിയാ നേതാവ് മുഖതദ അല്‍ സദ്‌റിന്റെ ആയിരക്കണക്കിന് അനുയായികള്‍ ബഗ്ദാദില്‍ പ്രകടനം നടത്തി. നോ ടു വാര്‍, യെസ് ടു ഇറാഖ് മുദ്രാവാക്യങ്ങളുമായി ദക്ഷിണ നഗരമായ ബസ്‌റയിലും കൂറ്റന്‍ പ്രകടനം നടന്നു.
മേഖലയിലെ പുതിയ സംഘര്‍ഷത്തില്‍ ഇറാഖ് നിഷ്പക്ഷത പാലിക്കണമെന്നാണ് നേരത്തെ അമേരിക്കക്കെതിരെ സായുധ പോരാട്ടം നയിക്കുകയും ഇറാന്‍ സ്വാധീനത്തെ വിമര്‍ശിക്കുകയും ചെയ്ത മുഖ്തദ അല്‍ സദ്‌റിന്റെ നിലപാട്.
ഇറാന്‍-യു.എസ് സംഘര്‍ഷം തങ്ങളുടെ രാജ്യത്തേക്കും വ്യാപിക്കുമെന്ന് ഇറാഖികള്‍ ഭയപ്പെടുന്നു. ഇറാഖില്‍ ഇറാന്‍ പിന്തുണയുള്ള സായുധ സംഘങ്ങള്‍ ആക്രമണം നടത്തുമെന്ന് ചൂണ്ടിക്കാട്ടി മേഖലയില്‍ അമേരിക്ക യുദ്ധ സന്നാഹം തുടരുകയാണ്. രാഷ്ട്രീയക്കാരും ശിയ പാര്‍ലമെന്ററി നേതാക്കളും സംയമനം പാലിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇരു ഭാഗത്തിനുമിടയില്‍ മാധ്യസ്ഥത്തിനു ശ്രമിക്കുകയാണ് ഇറാഖി സര്‍ക്കാര്‍.