Sorry, you need to enable JavaScript to visit this website.

ചികിത്സാർഥം ഇന്ത്യയിലേക്ക് പോകുന്നവർ  ജാഗ്രത പാലിക്കണം-സൗദി കോൺസുലേറ്റ്

റിയാദ് - ചികിത്സാർഥം ഇന്ത്യയിലേക്ക് പോകുന്ന സൗദി പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് മുംബൈയിലെ സൗദി കോൺസുലേറ്റ് ആവശ്യപ്പെട്ടു. ചികിത്സക്ക് ഇന്ത്യയിലേക്ക് പോകുന്നവർ ചികിത്സാ വിസ നേടണം. ഇന്ത്യയിൽ ചികിത്സ നേടുന്നതിന് അനുവദിക്കുന്ന നിയമാനുസൃത വിസ ഇതാണ്. രോഗിയെ അനുഗമിക്കുന്നവർ കംപാനിയൻ വിസയും നേടണം. ചികിത്സാർഥം സമീപിക്കുന്നതിന് ആഗ്രഹിക്കുന്ന ആശുപത്രിക്ക് ഇംഗ്ലീഷിലുള്ള ഏറ്റവും പുതിയ മെഡിക്കൽ റിപ്പോർട്ടുകൾ അയച്ചുകൊടുക്കുകയും രോഗിയെ സ്വീകരിക്കുന്നതിനുള്ള സമ്മതവും ചികിത്സാ പദ്ധതിയും ചികിത്സക്ക് എടുക്കുന്ന കാലവും ഏകദേശ ചെലവും നിർണയിക്കുന്ന ആശുപത്രിയുടെ സീലും ഒപ്പുമുള്ള കത്ത് ലഭിക്കുന്നത് ഉറപ്പുവരുത്തുകയും വേണം. 
സാമൂഹികമാധ്യമങ്ങളിലൂടെയും ഇന്റർനെറ്റിലൂടെയും ഇന്ത്യയിലെ ആശുപത്രികളെ കുറിച്ച് പ്രചാരണം നടത്തുന്ന വ്യക്തികൾക്കെതിരെ സൗദി പൗരന്മാർക്ക് കോൺസുലേറ്റ് മുന്നറിയിപ്പ് നൽകി. അജ്ഞാത വ്യക്തികൾക്ക് പണം ട്രാൻസ്ഫർ ചെയ്ത് നൽകരുത്. ഇന്ത്യയിലേക്ക് പോകുന്നവർക്കുള്ള മാർഗനിർദേശങ്ങളും ഉപദേശങ്ങളും അറിയുന്നതിന് കോൺസുലേറ്റ് വെബ്‌സൈറ്റ് സന്ദർശിക്കണമെന്നും മുംബൈ കോൺസുലേറ്റ് സൗദി പൗരന്മാരോട് ആവശ്യപ്പെട്ടു.
 

Latest News