കൊളംബോ- ഹിജാബ് ധരിച്ചതിനാല്‍ ശ്രീലങ്കയിലെ ക്രൈസ്തവ സ്‌കൂളില്‍ ജോലി നിഷേധിക്കപ്പെട്ട 11 മുസ്ലിം അധ്യാപികമാരെ മറ്റു സ്‌കൂളുകളിലേക്ക് മാറ്റി. പുവാക്പിറ്റിയ തമിഴ് മഹാ വിദ്യാലയത്തിലാണ് ചൊവ്വാഴ്ച ജോലിക്കെത്തിയ അധ്യാപികമാരെ സ്‌കൂള്‍ വികസന സൊസൈറ്റിയിലെ ഏതാനും അംഗങ്ങളും മുന്‍ വിദ്യാര്‍ഥികളും ചേര്‍ന്ന് തടഞ്ഞത്. സാരി ധരിച്ചെത്തിയാല്‍ മാത്രമേ സ്‌കൂളില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂവെന്നാണ് ഇവര്‍ അധ്യാപികമാരോട് പറഞ്ഞത്.
തുടര്‍ന്ന് പ്രശ്‌നത്തില്‍ ഇടപെട്ട പടിഞ്ഞാറന്‍ പ്രവിശ്യാ ഗവര്‍ണര്‍ അസത് സാലിയാണ് വേറെ സ്‌കൂളുകളില്‍ നിയമനം നല്‍കിയത്.
ഈസ്റ്റര്‍ ദിനത്തില്‍ ചര്‍ച്ചുകളിലും ഹോട്ടലുകളിലുമായി 250-ലേറെ പേര്‍ കൊല്ലപ്പെട്ട ചാവേര്‍ ആക്രമണത്തിനുശേഷം മുഖം മറക്കുന്ന നിഖാബിന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന നിരോധം ഏര്‍പ്പെടുത്തിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തികളെ തിരിച്ചറിയുന്നതിന് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിഖാബ് നിരോധിച്ചത്. എന്നാല്‍ പര്‍ദക്ക് നിരോധമില്ല.
ഹിജാബ് തങ്ങളുടെ പരമ്പാരഗത വേഷമാണെന്നും അത് ഒഴിവാക്കി സാരി ധരിക്കാന്‍ നിര്‍ബന്ധിക്കുന്നതിന് ആര്‍ക്കും അവകാശമില്ലന്നും ആറു വര്‍ഷമായി സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്യുന്ന ഫാത്തിമ ഷഫീന പറഞ്ഞു. ഇത് മനുഷ്യാവകാശ ലംഘനമാണെന്ന് അവര്‍ കുറ്റപ്പെടുത്തി.
സ്‌കൂളിന് മുന്നില്‍ മറ്റ് അധ്യാപകരുടേയും വിദ്യാര്‍ഥികളുടേയും മുന്നില്‍ വെച്ചാണ് അധ്യാപികമാരെ ഓടിച്ചതെന്ന് മറ്റൊരു അധ്യാപികയായ ഫാത്തിമ അഫ്ര പറഞ്ഞു. മുസ്്‌ലിം സ്‌കൂള്‍ അല്ലെങ്കിലും ഇവിടെ ഇതുവരെ യാതൊരു വിവേചനവമുണ്ടായിട്ടില്ലെന്ന് അവര്‍ പറഞ്ഞു.
വിവാദ സംഭവത്തെ തുടര്‍ന്ന് ഗവര്‍ണര്‍ വിളിച്ചുചേര്‍ത്ത പ്രവിശ്യയിലെ വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അധ്യാപികമാരെ മറ്റു സ്‌കൂളുകളിലേക്ക് മാറ്റാനുള്ള തീരുമാനമെടുത്തത്.
800 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ 41 അധ്യാപകരാണുള്ളത്. വിദ്യാര്‍ഥികളില്‍ 35 ശതമാനം ക്രൈസ്തവരാണ്. അധ്യാപികമര്‍ക്കെതിരെ പ്രതിഷേധം നടക്കുമെന്നതിനെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് പ്രിന്‍സിപ്പല്‍ പി.മനോഹരന്‍ പറഞ്ഞു.