റിയാദ് - റോഡുകളിൽ സ്ഥാപിച്ച സ്റ്റോപ്പ് സിഗ്നലുകളിൽ പൂർണമായും വാഹനം നിർത്താതിരിക്കുന്നത് ഗതാഗത നിയമ ലംഘനമാണെന്നും ഇതിന് 500 റിയാൽ മുതൽ 900 റിയാൽ വരെ പിഴ ലഭിക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. റോഡ് മുറിച്ചുകടക്കുന്നതിനു മുമ്പായി സ്റ്റോപ്പ് സിഗ്നലിനു സമീപം വാഹനം പൂർണമായും നിർത്തണം.
ചുവപ്പ് ലൈറ്റ് തെളിഞ്ഞുനിൽക്കുന്ന സമയത്ത് സിഗ്നലുകളിലെ സീബ്ര ക്രോസിംഗ് ലൈനിൽ വാഹനം നിർത്തുന്നത് 150 റിയാൽ മുതൽ 300 റിയാൽ വരെ പിഴ ലഭിക്കുന്ന നിയമ ലംഘനമാണ്.
സമീപ കാലത്ത് പ്രാബല്യത്തിൽ വന്ന പരിഷ്കരിച്ച ഗതാഗത നിയമം അനുസരിച്ച് ട്രാഫിക് നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ വലിയ തോതിൽ ഉയർത്തിയിട്ടുണ്ട്.
ഒന്നാം വിഭാഗത്തിൽ പെടുന്ന ഗതാഗത നിയമ ലംഘനങ്ങൾക്ക് 100 റിയാൽ മുതൽ 150 റിയാൽ വരെയും രണ്ടാം വിഭാഗത്തിൽ പെടുന്ന ഗതാഗത നിയമ ലംഘനങ്ങൾക്ക് 150 റിയാൽ മുതൽ 300 റിയാൽ വരെയും മൂന്നാം വിഭാഗത്തിൽ പെടുന്ന ഗതാഗത നിയമ ലംഘനങ്ങൾക്ക് 300 റിയാൽ മുതൽ 500 റിയാൽ വരെയും നാലാം വിഭാഗത്തിൽ പെടുന്ന ഗതാഗത നിയമ ലംഘനങ്ങൾക്ക് 500 റിയാൽ മുതൽ 900 റിയാൽ വരെയും അഞ്ചാം വിഭാഗത്തിൽ പെടുന്ന ഗതാഗത നിയമ ലംഘനങ്ങൾക്ക് 1,000 റിയാൽ മുതൽ 2,000 റിയാൽ വരെയും ആറാം വിഭാഗത്തിൽ പെടുന്ന ഗതാഗത നിയമ ലംഘനങ്ങൾക്ക് 3,000 റിയാൽ മുതൽ 6,000 റിയാൽ വരെയും ഏഴാം വിഭാഗത്തിൽ പെടുന്ന ഗതാഗത നിയമ ലംഘനങ്ങൾക്ക് 5,000 റിയാൽ മുതൽ 10,000 റിയാൽ വരെയുമാണ് പിഴ ലഭിക്കുക.