Sorry, you need to enable JavaScript to visit this website.

ശ്രീലങ്കയിലെ ടൂറിസത്തിന് മരണ മണി 

പുതിയ നൂറ്റാണ്ട് പിറന്ന ശേഷം വിമാന യാത്ര പുറപ്പെടാൻ എയർപോർട്ടിലേക്ക് പുറപ്പെടുന്നവർക്കെല്ലാം ഒരേ പരാതിയാണ്. ഇതൊന്തൊരു താമസമാണ്? വിശദമായ പരിശോധന പൂർത്തിയാക്കുമ്പോഴേക്ക് വിമാനം പുറപ്പെടാൻ നേരമായി കാണും. അന്താരാഷ്ട്ര യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുമ്പെത്തണമെന്ന നിബന്ധനയിൽ ഒരു ഇളവുമില്ല. കഴിഞ്ഞ നൂറ്റാണ്ടിലും വിമാന യാത്ര ചെയ്തിരുന്നവർക്കാണ് ഇതിലെ പ്രയാസം ശരിക്കും ബോധ്യപ്പെട്ടിരിക്കുക. ആഭ്യന്തര യാത്രയെങ്കിൽ ട്രെയിനിൽ പോയി കയറുമ്പോലെ പറ്റുമായിരുന്നു. അന്താരാഷ്ട്രക്കാരനും ഒരു മണിക്കൂർ മുമ്പെത്തിയാൽ തന്നെ ധാരാളം. അമേരിക്കയിലെ 2001 സെപ്തംബർ 11 ഭീകരാക്രമണം മുതലാണ് പരിശോധനകൾ കർശനമാക്കിയത്. ഇരട്ട ഗോപുരങ്ങൾ തകർത്ത തീവ്രവാദികൾ എന്തെങ്കിലും ലക്ഷ്യം നേടിയോ എന്നറിയില്ല. ഏതായാലും ലോകമെമ്പാടുമുള്ള സഞ്ചാരികൾ പുലിവാല് പിടിച്ചിരിക്കുകയാണ്. 


പുലി പ്രശ്‌നമെല്ലാം കെട്ടടങ്ങി ഇന്ത്യയുടെ അയൽ രാജ്യമായ ശ്രീലങ്ക പതുക്കെ ഉണർന്നെഴുന്നേറ്റു വരികയായിരുന്നു. ടൂറിസം മേഖല രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് കരുത്ത് പകരുന്നു. ടൂറിസ്റ്റുകളെ ആകർഷിക്കാൻ പരമാവധി വിട്ടുവീഴ്ച ചെയ്യുകയെന്നതാണ് ദ്വീപ് രാജ്യത്തിന്റെ നയം. വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാൻ ഇളവ് അനുവദിക്കുന്നവരാണ് എമിഗ്രേഷൻ ഉദ്യോഗസ്ഥർ, ഒരു ദശകം മുമ്പ് ശ്രീലങ്ക സന്ദർശിച്ചതിന്റെ അനുഭവം പങ്കു വെക്കാം.  
കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ആദ്യമായി പറന്നുയർന്ന വിദേശ വിമാന സർവീസ്  ശ്രീലങ്കൻ എയർലൈൻസിന്റെ കൊളംബോ-കാലിക്കറ്റ് സെക്ടറിലെ വിമാനമായിരുന്നു. ഒരു വ്യാഴവട്ടം മുമ്പ് തമിഴ്‌നാട്ടിലെ രാമേശ്വരം കടപ്പുറത്തെത്തിയപ്പോൾ മുതൽ ആഗ്രഹിച്ചതാണ് മറുകരയും കാണണമെന്ന്. ധനുഷ്‌കോടി   കടന്നാൽ ഇന്ത്യാ സമുദ്രത്തിന്റെ അങ്ങേ കരയിൽ ശ്രീലങ്കയിലെ തലൈമന്നാറിലെത്താം. ഇന്ത്യയും ശ്രീലങ്കയും തമ്മിൽ കരമാർഗം ബന്ധമുണ്ടായിരുന്നു. നാല് പതിറ്റാണ്ടു മുമ്പത്തെ  ചുഴലിക്കൊടുങ്കാറ്റിലാണ് പാലം തകർന്നുപോയത്. അവധിക്കാല യാത്ര റിയാദ്-കൊളംബോ ലങ്കൻ വിമാനത്തിലാക്കാൻ  തീരുമാനിച്ചതോടെയാണ് ശ്രീലങ്ക സന്ദർശിക്കാനുള്ള സാഹചര്യം ഒത്തുവന്നത്. സൗദിയിലേക്കുള്ള മടക്കയാത്രയിലാണ് കൊളംബോയിലിറങ്ങാനുള്ള ഭാഗ്യപരീക്ഷണം നടത്തിയത്. 


കൊളംബോ  ബണ്ഡാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥനെ സമീപിച്ചു. കോഴിക്കോട്-റിയാദ് യാത്രക്ക് ബോർഡിംഗ് പാസ് വാങ്ങിയ സ്ഥിതിക്ക് പുറത്തു പോകാനുള്ള മോഹം നടക്കില്ലെന്ന് ട്രാവൽ ഏജന്റുമാരിൽനിന്നും  ശ്രീലങ്കൻ എയർലൈൻസ് ജിദ്ദ, കോഴിക്കോട്, ചെന്നൈ ഓഫീസുകളിൽനിന്നും വ്യക്തമായ സൂചന ലഭിച്ചിരുന്നുവെങ്കിലും വെറുതെ ഒരു ശ്രമം. ഇന്ത്യയിൽ പത്രലേഖകനായിരുന്നുവെന്ന് തെളിയിക്കുന്ന സർക്കാർ മുദ്രയോടു കൂടിയ അക്രഡിറ്റേഷൻ കാർഡും മുൻ പ്രധാനമന്ത്രി വാജ്‌പേയിയുടെ കേരള സന്ദർശന വേളയിൽ ആഭ്യന്തര വകുപ്പ് ഇഷ്യൂ ചെയ്ത പ്രത്യേക തിരിച്ചറിയൽ കാർഡും കാണിച്ചു കൊടുത്തപ്പോൾ ഇമിഗ്രേഷൻ ഉദ്യോഗസ്ഥന് താൽപര്യമായി. ശ്രീലങ്ക ദേശീയ ദിനത്തിൽ സൗദി അറേബ്യയിലെ ഇംഗ്ലീഷ് പത്രം പുറത്തിറക്കിയ സപ്ലിമെന്റ് ഉപഹാരമായി നൽകിയപ്പോൾ ഉദ്യോഗസ്ഥൻ വഴികാട്ടിയും സുഹൃത്തുമായി മാറി. സന്ധ്യക്ക് തിരികെ പോരാനുള്ള വിമാനം പുറപ്പെടുന്നതിന് പത്ത് മിനിറ്റ് മുമ്പെങ്കിലും തിരിച്ചെത്തണമെന്ന് അദ്ദേഹം ഓർമപ്പെടുത്തി.  വഴിക്കുള്ള ചെക്ക് പോയന്റുകളിൽ രക്ഷപ്പെടാനുള്ള സൂത്രവിദ്യകളും ഉദ്യോഗസ്ഥൻ പറഞ്ഞുതന്നു. വിമാനത്താവളം സ്ഥിതി ചെയ്യുന്ന ഭാഗം പുറമേക്ക് ശാന്തമാണെങ്കിലും ആഭ്യന്തര സംഘർഷം മുറ്റിനിൽക്കുന്ന രാജ്യമാണ് ശ്രീലങ്ക. ഏത് പോയന്റിൽ വെച്ച് പരിശോധിച്ചാലും വിമാനത്തിന്റെ ബോർഡിംഗ് പാസ് കാണിക്കരുതെന്നായിരുന്നു പ്രധാന നിർദേശം. ഇന്ത്യൻ പാസ്‌പോർട്ടും വിമാന ടിക്കറ്റും മാത്രമേ സൈനിക ചെക്ക് പോയന്റുകളിൽ കാണിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു. 
രാജ്യം ചുറ്റിക്കാണാനുള്ള വാഹനം ഏർപ്പാടാക്കാനും വിമാനത്താവള ഉദ്യോഗസ്ഥർ സഹായിച്ചു. ആയിരം ശ്രീലങ്കൻ രൂപയാണ് ചാർജ്. ടൊയോട്ട വാനിൽ യാത്ര. സുമാർ ഇരുപത് വയസ്സ് തോന്നിക്കുന്ന ഡാനിയാണ് ഡ്രൈവർ കം ഗൈഡായി കൂട്ടിന്. വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങിയപ്പോൾ  ദക്ഷിണേന്ത്യയിലെ ഗോവയിലെ ഏതോ ഗ്രാമത്തിൽ എത്തിപ്പെട്ട പ്രതീതിയാണ് അനുഭവപ്പെട്ടത്. നാട്ടിൽ ആംഗ്ലോ ഇന്ത്യൻസ് എന്ന പേരിലറിയപ്പെടുന്ന വിഭാഗത്തിന്റെ പകർപ്പായി റോമൻ കത്തോലിക്കരുമുണ്ട്.  
രാജ്യത്തുടനീളം മനോഹരമായ കടൽതീരങ്ങളും നിബിഢ വനങ്ങളുമുണ്ട്. പണ്ടു കേരളത്തിലുണ്ടായിരുന്നത് പോലെ റോഡിനിരുവശവും വിശാലമായ തെങ്ങിൻ തോപ്പുകൾ. അൽപദൂരം പിന്നിട്ടപ്പോഴേക്ക് കടലോര ഗ്രാമങ്ങൾക്കെല്ലാം ഗോവയുടെ മുഖഛായയാണെന്ന കാര്യം ഉറപ്പിക്കാനായി. കാടുകളും മേടുകളും തേയിലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും കേരവൃക്ഷങ്ങളും കൈതച്ചക്ക കൃഷിയിടങ്ങളും നിറഞ്ഞ  ശ്രീലങ്കയിലെ പ്രകൃതിഭംഗി ആരേയും വശീകരിക്കുന്നതാണ്. 
എയർപോർട്ട് ജംഗ്ഷനിൽനിന്ന് കൊളംബോ മെയിൻ റോഡിൽ പ്രവേശിച്ചപ്പോൾ മൂന്നു നിലകളുള്ള ലോഡ്ജ് കെട്ടിടം ശ്രദ്ധയിൽ പെട്ടു.  ഇവിടെയൊക്കെ താമസിക്കാൻ വാടക എന്തു വരുമെന്ന് ഡാനിയോട് തിരക്കി. വൻതുക നൽകേണ്ടിവരുമെന്ന് ഡാനി. എത്രയാവുമെന്ന് കൃത്യമായി അറിയാൻ വീണ്ടും ചോദിച്ചപ്പോൾ ഇരുനൂറ് രൂപയെങ്കിലും വേണ്ടിവരുമെന്ന മറുപടി ശ്രീലങ്കയിലെ വിലനിലവാരത്തിലേക്കുള്ള ചൂണ്ടുപലകയാണ്.  ഈ നാട്ടിലെ വിദ്യാസമ്പന്നരായ  യുവാക്കളെ പോലെ ഡാനിയുടേയും സ്വപ്‌നം യൂറോപ്പിലേക്കുള്ള പലായനമാണ്. യാത്രയ്ക്കാവശ്യമായ തുക സ്വരൂപിക്കാനാണ് ചെറിയ പ്രായത്തിൽ തന്നെ ജോലിയിൽ പ്രവേശിച്ചത്. 


ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നാണ് ശ്രീലങ്കെയന്ന് പ്രൊഫ. ശോഭീന്ദ്രൻ ഇക്കണോമിക്‌സ് ക്ലാസിൽ പ്രതിപാദിച്ചതോർത്തു.  ലോക ബാങ്ക് അറ്റ്‌ലസിൽ പ്രതിശീർഷ വരുമാന പട്ടികയിൽ ഏറ്റവും താഴെ വരുന്ന പത്ത് രാജ്യങ്ങളിലാണ് ശ്രീലങ്കയുടെ സ്ഥാനം. 
ദരിദ്രരിൽ ദരിദ്രനാണ് ശ്രീലങ്ക. മുമ്പ് സുനാമി രാക്ഷസത്തിരമാലകൾ ആഞ്ഞടിച്ചപ്പോൾ സമ്പദ്ഘടന ആടിയുലഞ്ഞു. സുനാമി പുനരധിവാസത്തിന് ശ്രീലങ്കയിലെ ഭരണാധികാരികൾ കണ്ടെത്തിയ മാർഗം  അവിടത്തെ കരകൗശല വ്യവസായത്തെ പ്രോത്സാഹിപ്പിക്കുകയെന്നതായിരുന്നു. പ്രാദേശിക പ്രകൃതി വിഭവങ്ങളുപയോഗപ്പെടുത്തി നാട്ടുകാർ നെയ്‌തെടുത്ത കരകൗശല വസ്തുക്കൾ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്റ്റാളുകളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. 
ഇന്ത്യൻ ഹോട്ടലുകൾ ധാരാളമുള്ള ശ്രീലങ്കയിൽ ബീച്ച് റിസോർട്ടുകളിൽ കടൽ വിഭവങ്ങൾ പാകം ചെയ്തു നൽകുന്ന കേന്ദ്രങ്ങളുമുണ്ട്. വടക്കേ മലബാറിൽ ഗോതമ്പു റൊട്ടിയെത്തിയത് കൊളംബോയിൽ നിന്നാണെന്ന് മനസ്സിലാക്കാൻ ഹോട്ടലുകളിലെ മെനുവിൽ കണ്ണോടിച്ചാൽ മതി. കശുവണ്ടിയും തേങ്ങാപ്പാലും ചേർത്ത് തയാറാക്കിയ ശ്രീലങ്കയിലെ മീൻ കറിക്ക് നമ്മുടേത് പോലെ എരിവില്ല. മത്സ്യക്കറിയായാലും മംസക്കറിയായാലും അൽപം മധുരം വേണമെന്നത് നിർബന്ധം. 
മധുരമുള്ള മാങ്ങാ ചട്ട്ണിയും ചേർത്ത് ഊൺ കഴിച്ച ശേഷവും ഹൽവയോട് സാദൃശ്യമുള്ള വട്ടലപ്പം കൂടി കഴിച്ചാലേ മധ്യാഹ്ന ഭോജനം  പൂർണമാവൂ. സിംഹള, തമിഴ് ഭാഷകളിലെ നിരവധി പത്രങ്ങൾ ന്യൂസ് സ്റ്റാന്റുകളിൽ സ്ഥാനം പിടിച്ചിരിക്കുന്നു. ദ നാഷൻ, ഡെയ്‌ലി ന്യൂസ്, ഡെയ്‌ലി മിറർ, ഐലന്റ് എന്നിങ്ങനെ ഇംഗ്ലീഷ് പത്രങ്ങളും.  അമ്പതും അതിലേറെയും പേജുകളുമായാണ് ശ്രീലങ്കയിലെ ഇംഗ്ലീഷ് പത്രങ്ങൾ പുറത്തിറങ്ങുന്നത്. 


ഒരു തരത്തിലും പുറത്തിറങ്ങാൻ അനുവാദമില്ലാത്ത കോഴിക്കോട്-റിയാദ് യാത്രക്കാരനെ നിഗംബോയിലും കൊളംബോയിലും കറങ്ങാൻ അനുവദിച്ച ശ്രീലങ്കയിലെ വിമാനത്താവള ഉദ്യോഗസ്ഥരോട് നന്ദി പറഞ്ഞ് മടക്കയാത്ര. പിന്നീടിങ്ങോട്ട് ദ്വീപ് രാജ്യം ടൂറിസം മേഖലയിൽ വൻ കുതിച്ചു ചാട്ടം നടത്തുന്നതിന്റെ വാർത്തകളിലൂടെ കണ്ണോടിച്ചപ്പോൾ അവരുടെ ഹൃദ്യമായ ആതിഥേയ ബോധം അംഗീകരിക്കപ്പെടുന്നതിൽ അതിയായ ആഹ്ലാദം. കഴിഞ്ഞ ഏതാനും വർഷങ്ങളായി കൊച്ചു രാജ്യത്തിന്റെ ദേശീയ വരുമാനം ഗണ്യമായി ഉയർന്നു. വലിയ സംഭവാന അർപ്പിച്ചത് വിനോദ സഞ്ചാര മേഖലയാണ്.
ഇക്കഴിഞ്ഞ ഈസ്റ്ററിനുണ്ടായ തീവ്രവാദി ആക്രമണം ശ്രീലങ്കയുടെ വിനോദ സഞ്ചാര വ്യവസായത്തെ ദോഷകരമായി ബാധിക്കുമെന്നതിൽ സംശയമില്ല. രേഖകളുടെ കർശന പരിശോധനയില്ലാതെ ഒരു ടൂറിസ്റ്റിനെയും ശ്രീലങ്ക സ്വീകരിക്കാൻ സാധ്യതയുമില്ല.


 

Latest News