ഛാപ്ര- ജവഹര്‍ലാല്‍ നെഹ്്‌റു സര്‍വകലാശാലയില്‍ (ജെ.എന്‍.യു) ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയവരെ പിന്തുണച്ച് സംസാരിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യമല്ലെന്നും ദേശദ്രോഹമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മറുപടി നല്‍കി ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ.
ഇത്തരം വാദങ്ങള്‍ പൊറുപ്പിക്കാനാവില്ലെന്നും ബി.ജെ.പി സ്ഥാനാര്‍ഥികളുടെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച റാലിയില്‍ അദ്ദേഹം പറഞ്ഞു. 2016 ഫെബ്രുവരിയില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയവരെ അനുകൂലിച്ച കോണ്‍ഗ്രസിന്റെ നടപടി രാജ്യദ്രോഹമാണെന്ന് അദ്ദേഹം പറഞ്ഞു.
ജെ.എന്‍.യുവില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയതിനെ അഭിപ്രായ സ്വാതന്ത്ര്യമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ഒരു സാഹചര്യത്തിലും ഇത്തരം വാദങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധിയുടെ വാദങ്ങള്‍ ജനങ്ങള്‍ തള്ളണമെന്നും അമിത് ഷാ പറഞ്ഞു.
പ്രധാനമന്ത്രി മോഡിയുടെ നേതൃത്തിലുള്ള സര്‍ക്കാര്‍ ഭീകരതക്കെതിരെ ശക്തമായ നിലപാട് കൈക്കൊണ്ടതും പാക്കിസ്ഥാനിലെ ബാലാക്കോട്ട് ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയതും ഭീകരതയെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടാനുള്ള മോഡി സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതക്കുള്ള തെളിവാണ്. യു.എസിനും ഇസ്രായിലിനും ശേഷം, അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയ മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറിയെന്നും കോണ്‍ഗ്രസിന്റെ ഭരണത്തിലായിരുന്നുവെങ്കില്‍ ഒരിക്കലും ഇത് സംഭവിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.