പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ കണക്കില്‍ ചൈനയെ മറികടന്ന് ഇന്ത്യ. കഴിഞ്ഞ വര്‍ഷം ലോകമെമ്പാടുമുള്ള ഇന്ത്യന്‍ പ്രവാസികള്‍ ഇന്ത്യയിലേക്ക് അയച്ചത് 62.7 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറാണെന്നും ഈ പണമൊഴുക്ക് ചൈനയെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്താന്‍ ഇന്ത്യയെ സഹായിച്ചുവെന്നും യുഎന്നിന്റെ റിപ്പോര്‍ട്ട് പറയുന്നു. യുഎന്നിന്റെ ഇന്റര്‍നാഷണല്‍ ഫണ്ട് ഫോര്‍ അഗ്രികള്‍ച്ചറല്‍ ഡെവലെപ്‌മെന്റ് നടത്തിയ പഠന പ്രകാരം ഏകദേശം 200 മില്ല്യണ്‍ പ്രവാസികള്‍ ലോകത്തുണ്ടെന്നും അവര്‍ 2016-ല്‍ 445 മില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ സ്വന്തം നാടുകളിലേക്ക് അയച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്.
വിദേശത്തു നിന്നും ഇങ്ങനെ അയക്കുന്ന പണത്തിന്റെ തോത് കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ 4.2 ശതമാനം വാര്‍ഷിക വളര്‍ച്ച നേടിയിട്ടുണ്ട്. 2007-ല്‍ പ്രവാസികള്‍ നാടുകളിലേക്ക് അയച്ചിരുന്നത് 296 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറായിരുന്നത് 2016-ല്‍ 445 ബില്ല്യണ്‍ ആയി വളര്‍ന്നു. 2007-2016 കാലഘട്ടത്തിലെ കുടിയേറ്റവും പണമയക്കലിനേയും കുറിച്ച് നടന്ന ആദ്യപഠനമാണിത്. ഈ ഒരു ദശാബ്ദക്കാലം കൊണ്ടാണ് ഇന്ത്യ ചൈനയെ മറി കടന്നത്. 2007-ല്‍ പ്രവാസി ചൈനക്കാര്‍ 38.4 ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ അയച്ചിരുന്നപ്പോള്‍ ഇന്ത്യന്‍ പ്രവാസികള്‍ 37.2 ബില്ല്യണായിരുന്നു.
80 ശതമാനവും പണവും 23 രാജ്യങ്ങളിലേക്കാണ് ഒഴുകുന്നത്. ഇന്ത്യ ഒന്നാമതുള്ള ഈ പട്ടികയില്‍ ചൈന, ഫിലിപ്പൈന്‍സ്, മെക്‌സികോ, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ തൊട്ടുപിന്നില്‍ അണിനിരക്കുന്നു. പകുതിയോളം തുക അമേരിക്ക, സൗദി അറേബ്യ, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ് പ്രവാസികള്‍ നാടുകളിലേക്ക് അയക്കുന്നത്.
രണ്ടാമതുള്ള ചൈന 61 ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ പ്രവാസികളില്‍ നിന്നും സ്വന്തമാക്കുമ്പോള്‍ മൂന്നാമതുള്ള ഫിലിപ്പൈന്‍സ് ഏറെ പിന്നിലാണ്, 30 ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍. പാകിസ്താനാകട്ടെ 20 ബില്ല്യണും.