Sorry, you need to enable JavaScript to visit this website.

ഇറാഖിന്റെ ഹജ് ക്വാട്ട 24 ശതമാനം ഉയർത്തി

ഇറാഖ് പ്രധാനമന്ത്രി ആദിൽ അബ്ദുൽമഹ്ദി ഉംറ നിർവഹിക്കുന്നു

റിയാദ് - ഇറാഖിന്റെ ഹജ് ക്വാട്ട സൗദി അറേബ്യ 24 ശതമാനം തോതിൽ ഉയർത്തി. ഹജ് ക്വാട്ട അര ലക്ഷമായാണ് ഉയർത്തിയിരിക്കുന്നതെന്ന് ഇറാഖ് പ്രധാനമന്ത്രി ആദിൽ അബ്ദുൽമഹ്ദിയുടെ മീഡിയ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. ഇറാഖ് പ്രധാനമന്ത്രിയും സംഘവും കഴിഞ്ഞ ദിവസം റിയാദിൽ വെച്ച് നടത്തിയ ചർച്ചകളിലാണ് ഹജ് ക്വാട്ട ഉയർത്തുന്നതിന് സൗദി അറേബ്യ സന്നദ്ധമായത്. 
യുദ്ധങ്ങളും കടുത്ത സാഹചര്യങ്ങളും മൂലം മുൻ ദശകങ്ങളിൽ തങ്ങളുടെ ഹജ് ക്വാട്ട ഇറാഖ് പൂർണ തോതിൽ പ്രയോജനപ്പെടുത്തിയിരുന്നില്ല എന്ന കാര്യം ഇറാഖ് സംഘം സൗദി അധികൃതരുടെ ശ്രദ്ധയിൽ പെടുത്തി. ഇക്കാര്യം കൂടി കണക്കിലെടുത്ത് ഇറാഖിന്റെ ഹജ് ക്വാട്ട ഉയർത്തണമെന്ന അപേക്ഷ സൗദി അധികൃതർ അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഇറാഖിൽ നിന്ന് 38,000 ഹജ് തീർഥാടകരാണ് എത്തിയത്. ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ അംഗീകരിച്ച തത്വം അനുസരിച്ച് ഇറാഖിന്റെ ക്വാട്ട 38,000 ആണ്. ഓരോ രാജ്യത്തെയും ജനസംഖ്യയിൽ ആയിരം മുസ്‌ലിംകൾക്ക് ഒരു ഹജ് വിസ എന്ന അടിസ്ഥാനത്തിലാണ് വിദേശ രാജ്യങ്ങളുടെ ഹജ് ക്വാട്ട നിശ്ചയിക്കുന്നത്. കഴിഞ്ഞ വർഷത്തെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം ഇറാഖിലെ ജനസംഖ്യ 3,81,25,000 ആണ്. ഇതുപ്രകാരം ഇറാഖിന് അർഹമായ ഹജ് ക്വാട്ട 38,000 ആണ്. ഇതാണ് ഒറ്റയടിക്ക് അര ലക്ഷമായി സൗദി അറേബ്യ ഉയർത്തിയിരിക്കുന്നത്. 


 

Latest News