റിയാദ് - രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ സൗദി, വിദേശ കറൻസികൾ പിൻവലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും മാറ്റിയെടുക്കുന്നതിനും സൗകര്യമുള്ള എ.ടി.എമ്മുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതി അൽറാജ്ഹി ബാങ്ക് പൂർത്തിയാക്കി. റിയാദ്, ജിദ്ദ, ദമാം, മദീന വിമാനത്താവളങ്ങളിലാണ് സൗദി, വിദേശ കറൻസികൾ പിൻവലിക്കാവുന്ന എ.ടി.എമ്മുകൾ സ്ഥാപിച്ചിരിക്കുന്നത്.
ലഭ്യമായ കറൻസികളുടെ എണ്ണവും വിരലടയാള സാങ്കേതികവിദ്യയും മറ്റു സൗകര്യങ്ങളും കണക്കിലെടുത്താൽ മേഖലയിലെ ഏറ്റവും നവീനമായ എ.ടി.എമ്മുകളാണ് അൽറാജ്ഹി ബാങ്ക് വിമാനത്താവളങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ അൽറാജ്ഹി എ.ടി.എമ്മുകൾ വഴി ആറു കറൻസികൾ പിൻവലിക്കുന്നതിനും എട്ടു കറൻസികൾ നിക്ഷേപിക്കുന്നതിനും എട്ടു കറൻസികൾ മറ്റു കറൻസികളാക്കി മാറ്റുന്നതിനും സാധിക്കും. സൗദി, വിദേശ കറൻസികൾ മാറ്റുന്നതിന് മണിഎക്സ്ചേഞ്ചുകളിൽ വരിനിൽക്കേണ്ട സാഹചര്യം പുതിയ എ.ടി.എമ്മുകൾ ഇല്ലാതാക്കുന്നു. ട്രാൻസിറ്റ് യാത്രക്കാർക്കും ബാങ്ക് അക്കൗണ്ടുകളില്ലാത്തവർക്കും എ.ടി.എം കാർഡുകളില്ലാത്തവർക്കും വിരലടയാളം ഉപയോഗിച്ച് മൾട്ടി കറൻസി എ.ടി.എം സേവനം പ്രയോജനപ്പെടുത്തുന്നതിനും സൗകര്യമുണ്ട്.