ജിദ്ദ- കുവൈത്തിൽനിന്ന് ഉംറ നിർവഹക്കാനെത്തി പാസ്‌പോർട്ട് നഷ്ടപ്പെട്ട് കുരുക്കിലായവരുടെ അനിശ്ചിതത്വം നീങ്ങിയില്ല. പ്രശ്‌ന പരിഹാരത്തിന് പല വാതിലുകളും മുട്ടിയിട്ടുണ്ടെങ്കിലും വിവിധ ഏജൻസികളുടെ ഏകോപനം ആവശ്യമായതിനാൽ കാലതാമസത്തിന് സാധ്യതയേറെയാണ്. ഇത്രയും കാലം എങ്ങനെ കഴിയുമെന്നറിയാതെ വിഷമത്തിലാണ് തീർഥാടകർ. സ്ത്രീകളും കുട്ടികളുമടക്കം 52 പേരുടെ പാസ്‌പോർട്ടാണ് നഷ്ടമായത്.
. ഇതിൽ 44 ഇന്ത്യക്കാരിൽ 21 പേർ മലയാളികളാണ്. മറ്റുള്ളവർ ഈജിപ്ത്, പാകിസ്ഥാൻ, ബംഗ്ലാദേശ് രാജ്യക്കാരും. കഴിഞ്ഞ നാലിന് കുവൈത്തിൽ നിന്ന് ബസ് മാർഗം എത്തിയവരാണ് പാസ്‌പോർട്ട് നഷ്ടപ്പെട്ട് പ്രതിസന്ധിയിൽ കഴിയുന്നത്.
ഉംറക്കായി കൊണ്ടുവന്ന ഏജൻസി വ്യക്തമായ മറുപടി നൽകാത്തതിനാൽ എന്തു ചെയ്യണമെന്നറിയാതെ വിഷമത്തിലാണെന്ന് സംഘത്തിലുള്ള ചെറുതുരുത്തി സ്വദേശിയും കുവൈത്ത് വാർത്താവിതരണ മന്ത്രാലയത്തിലെ ജോലിക്കാരനുമായ റസാഖ് പറഞ്ഞു. പാസ്‌പോർട്ട് നടപടിക്രമങ്ങൾ ആരംഭിക്കണമെങ്കിൽ പോലീസ് റിപ്പോർട്ട് വേണം. പോലീസ് റിപ്പോർട്ട് ലഭിക്കാൻ ഉംറ വിസ ഇഷ്യു ചെയ്ത കമ്പനി പ്രതിനിധി പരാതിപ്പെടണം. ഒരു ബസിലായിരുന്നു യാത്രയെങ്കിലും ഏഴ് ഏജൻസികൾ മുഖേനയാണ് ഇവർ ഉംറക്കെത്തിയത്.
അതിനാൽ ഏഴ് ഏജൻസികളുടെ പ്രതിനിധികൾ പരാതിപ്പെട്ടാലെ പോലീസിന് റിപ്പോർട്ട് നൽകാൻ കഴിയൂ. വിസിറ്റിംഗ് വിസയിൽ കുവൈത്തിലെത്തി ഉംറക്ക് പോന്നവരും കൂട്ടത്തിലുണ്ട്. ഇവരുടെ വിസ ഇഷ്യു ചെയ്തത് മറ്റൊരു കമ്പനിയാണ്. എല്ലാവരെയും കണ്ടെത്തി പോലീസിൽ പരാതിപ്പെട്ട് റിപ്പോർട്ട് ലഭ്യമാക്കി നടപടിക്രമങ്ങൾ തുടങ്ങാൻ ഏറെ സമയമെടുക്കുമെന്നും ഇത്രയും കാലം ഇവിടെ എങ്ങനെ കഴിയുമെന്നറിയില്ലെന്നും റസാഖ് പറഞ്ഞു. ഭാര്യയും മൂന്ന് മക്കളും ഭാര്യാ സഹോദരിയുടെ മകനും ഉൾപെടെ ആറു പേരടങ്ങുന്നതാണ് റസാഖിന്റെ കുടുംബം. ഇതുപോലെ പട്ടാമ്പി, കോഴിക്കോട്, കുടക്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള കുടുംബങ്ങളുണ്ട്. അഞ്ച് സ്ത്രീകളും 11 കുട്ടികളും ഉൾപ്പെടെയുള്ള സംഘം ഒരാഴ്ചയായിട്ടും പ്രശ്‌നത്തിന് പരിഹാരം ഉണ്ടാവാത്തതിലുള്ള മനോവിഷമത്തിലാണ്. ഇതിനിടെ അസുഖം വന്ന കുട്ടിയെ ജിദ്ദയിലെ സുഹൃത്തിന്റെ സഹായത്തോടെയാണ് ആശുപത്രിയിൽ കാണിച്ചതെന്നും റസാഖ് പറഞ്ഞു.
പാസ്‌പോർട്ട് ശരിയായാൽ തന്നെ വിസ സ്റ്റാമ്പ് ചെയ്യാൻ കുവൈത്ത് എംബസിയുടെ സഹായം വേണ്ടിവരും. സൗദി, കുവൈത്ത് അധികൃതരും ഇന്ത്യൻ കോൺസുലേറ്റും ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കണമെന്നാണ് ഇവരുടെ ആവശ്യം. നടപടിക്രമങ്ങൾ പൂർത്തിയാക്കി പാസ്‌പോർട്ട് നഷ്ടപ്പെട്ട ഇന്ത്യക്കാർക്ക് ആവശ്യമായ എല്ലാ സഹോയങ്ങളും ലഭ്യമാക്കുമെന്ന് ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ അറിയിച്ചിട്ടുണ്ട്.
അതിർത്തി ചെക്ക് പോസ്റ്റിലെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം പാസ്‌പോർട്ട് സൂക്ഷിച്ചിരുന്ന ബസ് െ്രെഡവർ മക്ക ഹോട്ടലിലെത്തിയപ്പോൾ ഇവിടുത്തെ പ്രതിനിധിയെ പാസ്‌പോർട്ട് ഏൽപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ സി.സി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. അതിനു ശേഷം പാസ്‌പോർട്ട് അടങ്ങിയ കവറിന് എന്തു സംഭവിച്ചുവെന്നത് ദുരൂഹമായി തുടരുകയാണ്.