Sorry, you need to enable JavaScript to visit this website.

ദുര്‍നടപ്പുകാരനായ മകനെ ഉമ്മ കൊട്ടേഷന്‍ നല്‍കി കൊന്നു; 18 വര്‍ഷങ്ങള്‍ക്കു ശേഷം കേസ് ചുരുളഴിഞ്ഞത് ഇങ്ങനെ

ഹൈദരാബാദ്- മകന്റെ മദ്യപാനവും ചൂതാട്ടവും ഉപദ്രവങ്ങളും കാരണം പൊറുതിമുട്ടിയ ഉമ്മ മരുമക്കളുടെ സഹായത്തോടെ കൊട്ടേഷന്‍ നല്‍കി മകനെ കൊലപ്പെടുത്തി. 18 വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ അന്വേഷണം വഴിമുട്ടി നില്‍ക്കുന്നതനിടെ ലഭിച്ച നിര്‍ണായക വിവരമാണ് കേസിന്റെ ചുരുളഴിക്കാന്‍ പോലീസിനെ സഹായിച്ചത്. കേസില്‍ പ്രതികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മുഹമ്മദ് ഖാജ എന്ന 30കാരന്റെ കൊലപാതകമാണ് 18 വര്‍ഷത്തിനു ശേഷം ഹൈദരാബാദ് പോലീസ്് വെളിച്ചത്തു കൊണ്ടുവന്നത്. സയ്ദ് ഹഷാം, മുഹമ്മദ് റശീദ്, ബഷീര്‍ അഹമദ് ഖുറേശി എന്നിവരാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട ഖാജയുടെ ഉമ്മ മസൂദ ബീയെ കണ്ടെത്താനായില്ല. സംഭവം വെളിച്ചത്തായതോടെ ഇവര്‍ മുങ്ങിയിരിക്കുകയാണ്.

കൊല്ലപ്പെട്ട ഖാജ ഉള്‍പ്പെടെ മൂന്ന് ആണ്‍മക്കളും അഞ്ചു പെണ്‍മക്കളുമാണ് മസൂദ ബീക്ക് ഉള്ളത്. ഭര്‍ത്താവിന്റെ മരണ ശേഷം എല്ലാ മക്കളുടെ വിവാഹം മസൂദ ബീ നടത്തിക്കൊടുത്തെങ്കിലും ദുര്‍നടപ്പു കാരണം രണ്ടാമത്തെ മകനായ ഖാജയുടെ വിവാഹം നടത്തിക്കൊടുത്തില്ല. സ്ഥിരം മദ്യപാനവും ചൂതാട്ടവും സമൂഹദ്രോഹ പ്രവര്‍ത്തികളും കാരണം ഖാജ കുടുംബത്തിന് ഒരു ഭാരമായി മാറിയിരുന്നു. സ്വന്തം ചെലവുകള്‍ക്കും മറ്റു ഉമ്മയില്‍ നിന്നാണ് ഖാജ പണം വാങ്ങിയിരുന്നത്. ഇതു നല്‍കാതെ വന്നതോടെ ഖാജ മസൂദ ബീയെ മര്‍ദിക്കാന്‍ തുടങ്ങി. വീട്ടിലലെ ഉപകരണങ്ങള്‍ എടുത്തു വിറ്റും ഖാജ ചെലവുകള്‍ക്കുള്ള പണം ഒപ്പിച്ചിരുന്നു. ഇതോടെ ഖാജയെ ചൊല്ലി കുടുംബത്തില്‍ അരക്ഷിതാവസ്ഥ ഉണ്ടായതാണ് മകനെ ഇല്ലാതാക്കാന്‍ മസൂദ ബീക്ക് പ്രേരണയായത്. ഈ പദ്ധതി തന്റെ നാലാമത്തേയും അഞ്ചാമത്തേയും പെണ്‍മക്കളുടെ  ഭര്‍ത്താക്കന്‍മാരായ റശീദുമായും ബഷീറുമായും ചര്‍ച്ച ചെയ്തു. പിന്നീട് ഇവരുടെ സുഹൃത്തായ ഓട്ടോ ഡ്രൈവര്‍ ഹഷാമുമായും പദ്ധതി പങ്കുവച്ചു. ഇദ്ദേഹം സഹായം നല്‍കാമെന്നേറ്റു. ഇതിനുള്ള പണം പദ്ധതി നടപ്പിലാക്കിയ ശേഷം നല്‍കാമെന്നും മസൂദ ബീ വാഗ്ദാനം നല്‍കി.

നേരത്തെ തയാറാക്കിയ പദ്ധതി പ്രകാരം 2001 ജൂണ്‍ നാലിന് വൈകുന്നേരം മൂന്ന് പ്രതികള്‍ ചേര്‍ന്ന് ഖാജയെ മദ്യപിക്കാനായി ഷാപ്പിലേക്കു കൂട്ടികൊണ്ടുപോയി. ഹഷാമിന്റെ ഓട്ടോയിലാണ് കൊണ്ടു പോയത്. മദ്യലഹരിയില്‍ മയങ്ങിയ ഖാജയെ പി്ന്നീട് ഇവര്‍ മറ്റൊരിടത്തു കൊണ്ടു പോയി കല്ലു കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം വിവരം പ്രതികള്‍ ഉമ്മ മസൂദ ബീയെ അറിയിക്കുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.

അജ്ഞാത മരണമായി രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണത്തില്‍ ഒരു തുമ്പും പോലീസിനു ലഭിച്ചിരുന്നില്ലെന്ന് പോലീസ് കമ്മീഷണര്‍ പറഞ്ഞു. എന്നാല്‍ കുടുംബത്തില്‍ ഈയിടെ ഉണ്ടായ അസ്വാരസ്യങ്ങളാണ് കൊലപതാകം പുറത്താകാന്‍  കാരണമായത്. കുടുംബത്തിലെ കൊലപാതക വിവരം അറിയുന്ന ഒരാള്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. തുടര്‍ന്ന് മൂന്ന് പ്രതികളേയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയായിരുന്നു. ഇവര്‍ കുറ്റം സമ്മതിക്കുകയും ചെയ്‌തോടെ 18 വര്‍ഷം മുമ്പ് നടന്ന കൊലപാതകം വെളിച്ചത്താകുകയായിരുന്നു. 


 

Latest News