കോട്ടയം- ഇക്കുറി ലോക്‌സഭയിലേക്ക് ഒരു കൈ നോക്കാൻ പിസി ജോർജുമുണ്ട്. ഏഴു തവണ പൂഞ്ഞാറിന്റെ പ്രതിനിധിയായി നിയമസഭയിൽ എത്തിയെങ്കിലും ലോക്‌സഭയിലേക്ക് ഇതാദ്യം. പത്തനംതിട്ടയിലാണ് ജോർജിന് താൽപര്യം. പൂഞ്ഞാർ ഉൾപ്പെടുന്ന ലോക്‌സഭാ മണ്ഡലമായത് സാങ്കേതികത്വം മാത്രം. പക്ഷേ ജോർജ് മത്സരിക്കുന്നത് അതിനല്ല. അയ്യപ്പഭക്തരെ തല്ലിചതച്ച പാർട്ടിക്കെതിരെയാണ്. അയ്യപ്പന്റെ നാട് പത്തനംതിട്ടയാണല്ലോ. ശബരിമല അയ്യപ്പനോടുളള അതിക്രമം.അത് സഹിക്കില്ല. അതിനും കാരണമുണ്ട്. ജോർജ് വിശ്വാസിയാണ്. വിശ്വാസസംരക്ഷണത്തിന് ആര് എതിരുനിന്നാലും ഒരു പാഠം പഠിപ്പിക്കണമെന്നാണ് ചട്ടം. അതിനാൽ ജോർജ് അവിടെ മത്സരിക്കും. വിജയിക്കുമോ എന്ന ചോദ്യത്തിന് അർഥമില്ല. ഒന്നരലക്ഷമാണ് പ്രവചിക്കുന്ന ഭൂരിപക്ഷം. രണ്ടു തവണ പാർട്ടി യോഗം ചേർന്നാണ് സ്ഥാനാർഥിത്വം ഉറപ്പിച്ചത്. ഇനിയും മനസ്സുമാറുമോ. മറുപടിയിൽ എല്ലാം ഉണ്ട്. അയ്യപ്പന്റെ സംരക്ഷണം മുഖ്യ അജണ്ടയായുളള സ്ഥാനാർഥി വന്നാൽ അപ്പോൾ ചിന്തിക്കും. ഇതാണ് പിസി ജോർജ്.
പൂഞ്ഞാറുകാരുടെ ആശാനാണ് ജോർജ്. പ്ലാത്തോട്ടത്തിൽ ചാക്കോ മകൻ പി.സി ജോർജ് പൂഞ്ഞാർ ആശാൻ എന്ന വിളിപ്പേരിലേക്ക് ചുരുങ്ങുമ്പോൾ തെളിയുന്നത് ഒരു നാടുമായുളള ഇഴ പിരിയാത്ത ബന്ധമാണ്. മുന്നണികൾക്കും രാഷ്ട്രീയവുമെല്ലാം പി.സി ജോർജ് എന്ന വ്യക്തിക്കു മുന്നിൽ അലിയുന്നു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പി.സി അതു തെളിയിച്ചതാണ്. ഇടതു വലതു മുന്നണികളെ വെല്ലുവിളിച്ചാണ് ജോർജ് അന്ന് ഇലക്ഷന് നിന്നത്. കേരളം കണ്ട ശക്തമായ ചതുഷ്‌ക്കോണ മത്സരത്തിനാണ് പൂഞ്ഞാർ സാക്ഷ്യം വഹിച്ചത്. പിണറായി വിജയൻ അന്ന് രണ്ടു തവണയാണ് പൂഞ്ഞാറിലെത്തി ഇടതു പ്രചരണം നേരിട്ട് വിലയിരുത്തിയത്.
ജോർജ് ഇക്കുറി പോയത് തന്നെ എന്ന് എല്ലാവരും കരുതി. പക്ഷേ ജോർജിന് നല്ല വിശ്വാസമായിരുന്നു. ജോർജിന്റെ വിശ്വാസം വോട്ടിംഗിംലൂം പ്രകടമായി. 78.55 ശതമാനമായിരുന്നു പോളിംഗ്. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴും ജോർജിന് കടുത്ത ആത്മവിശ്വാസം. ഞെട്ടിക്കുന്ന ഭൂരിപക്ഷത്തിൽ വിജയിക്കും.
ഇതര രാഷ്ട്രീയക്കാർ പരിഹസിച്ചുവെങ്കിലും പൂഞ്ഞാർ ആശാന്റെ വിശ്വാസം തന്നെ രക്ഷിച്ചു. ജോർജിന്റെ ഒറ്റയാൻ പോരാട്ടത്തിന്റെ ഫലം കണ്ട് ശരിക്കും ഞെട്ടി.
കേരള രാഷ്ട്രീയത്തിലെ നിത്യഹരിതനായകൻ. എന്നും വിവാദത്തിന്റെ അകമ്പടി. പി.സി ജോർജിന്റെ പ്രതികരണം തിടുക്കത്തിലാണ്. ഈ സ്വഭാവം ജോർജിന് ചാർത്തിയ വിവാദങ്ങൾ ചില്ലറയല്ല. ഇലക്ട്രിസിറ്റി ഓഫീസിൽ കയറി തനി നാടൻ ശൈലിയിൽ പ്രതികരിക്കുന്ന ജോർജിന്റെ വീഡിയോ യൂട്യൂബിൽ വൈറലായി. വാഹനം തടഞ്ഞതിന് തൃശൂർ പാലിയേക്കര ടോൾ പഌസയിൽ ഇറങ്ങി സ്റ്റോപ്പ് ബാരിയർ തകർത്ത ജനപ്രതിനിധി. ഈ നെഗറ്റീവ് പബഌസിറ്റിയിലൊന്നും ജോർജ് കുലുങ്ങുന്നില്ല. പൂഞ്ഞാറുകാർക്കും ഇതിലൊന്നും കുലുക്കവുമില്ല.
കെ.എസ്.സി പ്രവർത്തകനായാണ് രാഷ്ട്രീയ ജീവിത തുടക്കം. അത് വിദ്യാർഥി കാലഘട്ടത്തിൽ. അന്നേ കേരള കോൺഗ്രസുകാരനാണ്. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലായിരുന്നു ഏറെ നാൾ. 1977 ലെ തെരഞ്ഞെടുപ്പിൽ ഉണ്ടായ വിവാദത്തിൽ കേരള കോൺഗ്രസ് എം വിട്ടു. നേരെ പോയത് ജോസഫിന്റെ കൂടാരത്തിൽ. ജോസഫ് ഗ്രൂപ്പിലായിരുന്നപ്പോഴാണ് പൂഞ്ഞാറിൽ മത്സരിച്ച് എം.എൽ.എയാകുന്നത്.
2004 മെയ് വരെ ജോസഫ് ഗ്രൂപ്പിൽ തുടർന്നു. തുടർന്ന് കേരള കോൺഗ്രസ് (സെക്യുലർ) രൂപീകരിച്ചു. പിന്നീട് സെക്യുലർ പിരിച്ചുവിട്ട് വീണ്ടും കേരള കോൺഗ്രസ്-എമ്മിലെത്തി. അവിടെ വൈസ് ചെയർമാനായി.
കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയിൽ ചീഫ് വിപ്പായി. സോളാർ വിവാദവും ബാർക്കോഴയിലും കത്തി നിന്ന യു.ഡി.എഫ് ഭരണാന്ത്യത്തിൽ ജോർജ് മാണി ഗ്രൂപ്പിൽനിന്നു പിന്നെയും പിൻവാങ്ങി. കേരള ജനപക്ഷം രൂപീകരിച്ചു. കേരള കോൺഗ്രസ് എന്ന പേരു തന്നെ പാർട്ടിക്ക് നൽകില്ലെന്ന് ഉറച്ച് പ്രഖ്യാപിച്ചു.
1980 ലാണ് ആദ്യമായി പൂഞ്ഞാറിൽനിന്ന് വിജയിച്ചത്. 1987 ൽ പരാജയപ്പെട്ടു. തുടർന്ന്, ഒരു തവണ വിട്ടുനിന്നു.
1996 മുതൽ പിന്നീട് എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയം. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി പൂഞ്ഞാറിന് മറ്റൊരു നിയമസഭാ പ്രതിനിധിയില്ല. കെ.എസ്.ആർ.ടി.സി. ഡയറക്ടർ ബോർഡ് അംഗവും നിയമസഭാ പെറ്റീഷൻസ് കമ്മിറ്റി ചെയർമാനുമായി. പ്ലാത്തോട്ടത്തിൽ കുടുംബാംഗം. ഭാര്യ: ഉഷ, മക്കൾ: ഷോൺ, ഷൈൻ.