കണ്ണൂർ- സ്ഥാനാർഥി പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രചാരണ രംഗത്തു സജീവമായ കണ്ണൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി പി.കെ. ശ്രീമതി ടീച്ചറുടെ പേരിൽ മണ്ഡലത്തിലുടനീളം കൂറ്റൻ ഫഌക്‌സ് ബോർഡുകൾ സ്ഥാപിച്ചത് വിവാദമാവുന്നു. റൈസിംഗ് കണ്ണൂർ എന്ന പേരിലുള്ള ശ്രീമതി ടീച്ചറുടെ വികസന ടാഗ് ലൈനുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടെതടക്കമുള്ള ഫഌക്‌സുകൾ സ്ഥാപിച്ചത്. എന്നാൽ ഇത് പാർട്ടിയോ, എം.പിയുടെ ഓഫീസോ അറിയാതെയാണ് സ്ഥാപിച്ചതെന്നാണ് വിലയിരുത്തൽ. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ബന്ധപ്പെട്ടവർക്കു പരാതി നൽകാൻ തീരുമാനിച്ചിരിക്കയാണ്.
കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ദേശീയപാതയോട് ചേർന്ന് കൂറ്റൻ ഫഌക്‌സുകൾ പ്രത്യക്ഷപ്പെട്ടത്. ശ്രീമതി ടീച്ചറുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ചിത്രങ്ങളടങ്ങുന്ന ഈ ഹോർഡിംഗുകൾ ആരാണ് സ്ഥാപിച്ചതെന്ന് ഇതിൽ രേഖപ്പെടുത്തിയിട്ടില്ല. ഇത് നിയമ ലംഘനമാണെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. വിവിധ വികസന പദ്ധതികളെക്കുറിച്ചുള്ള പരാമർശങ്ങളും അവകാശവാദങ്ങളുമാണ് ഇതിലുള്ളത്. ഇതുമായി ബന്ധപ്പെട്ടും വിവാദമുണ്ട്. കാരണം, സംസ്ഥാന സർക്കാരിന്റെയും ടൂറിസം വകുപ്പിന്റെയുമൊക്കെ പദ്ധതികളാണ് ടീച്ചറുടെ നേട്ടങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. പയ്യാമ്പലം വികസനവും ലൈബ്രറി വികസനവുമൊക്കെ ഈ ഹോർഡിംഗുകളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്.
അതേസമയം, ഈ ഹോർഡിംഗുകൾ ആരാണ് സ്ഥാപിച്ചതെന്നത് ഇപ്പോഴും ദുരൂഹമാണ്. സി.പി.എമ്മോ, എം.പിയുടെ ഓഫീസോ അറിയാതെയാണ് ഇത് സ്ഥാപിച്ചതെന്നാണ് വിവരം.
അതേസമയം, ഇത് തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട ബോർഡുകളല്ലെന്നും, കണ്ണൂരിന്റെ മൊത്തം വികസനവുമായി ബന്ധപ്പെട്ടുള്ളതാണെന്നും അത് കൊണ്ടു തന്നെ ഇത് ആര് സ്ഥാപിച്ചുവെന്ന് അന്വേഷിക്കേണ്ട കാര്യമില്ലെന്നുമാണ് കെ.കെ. രാഗേഷ് എം.പി ഇതേക്കുറിച്ച് പ്രതികരിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ടീച്ചറുടെ പോളിംഗ് ഏജന്റായിരുന്നു രാഗേഷ്.
മണ്ഡലത്തിലുടനീളം സ്ഥാപിച്ച ഈ ഹോർഡിംഗുകളുടെ കാര്യത്തിൽ ദുരൂഹതയുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്കു പരാതി നൽകുമെന്നും ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു. ഇത് തെരഞ്ഞെടുപ്പു പ്രചാരണ വിഷയമാക്കുമെന്നും അദ്ദേഹം പറഞ്ഞു. എം.പിക്കു വേണ്ടി ഈ ബോർഡുകൾ ഏത് ഏജൻസിയാണ് സ്ഥാപിച്ചതെന്നും, അവർക്കു കരാർ നൽകിയത് ആരാണെന്നും ഇവരുടെ താൽപ്പര്യം എന്താണെന്നും അറിയാൻ ജനങ്ങൾക്കു അവകാശമുണ്ടെന്നും സതീശൻ പാച്ചേനി പറഞ്ഞു.
ഈ ബോർഡുകൾക്കെതിരെ ബി.ജെ.പിയും രംഗത്തു വന്നിട്ടുണ്ട്. സർക്കാർ സംവിധാനം ദുരുപയോഗം ചെയ്താണ് ഇത്തരം ബോർഡുകൾ സ്ഥാപിച്ചതെന്നും ഇതിന്റെ ചെലവുകൾ തെരഞ്ഞെടുപ്പു ചെലവായി കണക്കാക്കണമെന്നുമാണ് ആവശ്യം. ഏതായാലും വിവാദ പ്രചാരണ ബോർഡുകൾ തെരഞ്ഞെടുപ്പു പ്രചാരണത്തിലും വിഷയമാക്കാനാണ് രാഷ്ട്രീയ എതിരാളികളുടെ നീക്കമെന്ന് വ്യക്തം.