Sorry, you need to enable JavaScript to visit this website.

ശ്രീമതി ടീച്ചർ  കളത്തിലിറങ്ങി

പി.കെ. ശ്രീമതി ടീച്ചർക്ക് വോട്ടഭ്യർഥിക്കുന്ന ബോർഡ് 

കണ്ണൂർ - ലോക്‌സഭാ സ്ഥാനാർഥികളെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പേ, കണ്ണൂർ മണ്ഡലത്തിൽ സി.പി.എം സ്ഥാനാർഥി പി.കെ.ശ്രീമതി ടീച്ചർക്കു വോട്ടഭ്യർഥിക്കുന്ന ബോർഡുകളും ഫഌക്‌സുകളും. 
ശ്രീമതി ടീച്ചർ തന്നെയാകും ഇടതു സ്ഥാനാർഥിയെന്ന് ഉറപ്പായ സാഹചര്യത്തിലാണ് മണ്ഡലത്തിൽ പലയിടത്തും കൂറ്റൻ ഫഌക്‌സുകളും ബോർഡുകളും പ്രത്യക്ഷപ്പെട്ടത്. അതേസമയം, ഐക്യമുന്നണി സ്ഥാനാർഥിയുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായില്ല. 
കണ്ണൂരിന്റെ വികസനം ഉയർത്തിക്കാട്ടുന്ന, റൈസിംഗ് കണ്ണൂർ എന്ന പേരിലുള്ള കൂറ്റൻ ഫഌക്‌സുകളാണ് മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും ശ്രീമതി ടീച്ചറുടെയും ഫോട്ടോകളടങ്ങുന്ന ഈ ഫഌക്‌സുകളിൽ ഓരോ പദ്ധതികളും പരാമർശിച്ചിട്ടുണ്ട്. ഇതിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ പദ്ധതികളും ഉൾപ്പെടും. കണ്ണൂർ വിമാനത്താവള വികസനം മുതൽ ടൂറിസം പദ്ധതികൾ വരെ ഇതിൽ ഉൾപ്പെടുന്നു. എം.പിയുടെ ഓഫീസാണ് ഈ ഫഌക്‌സുകൾ സ്ഥാപിച്ചതെന്നാണ് അറിയുന്നത്. 
ഇതിനു പിന്നാലെയാണ് ശ്രീമതി ടീച്ചർക്കു വോട്ടഭ്യർഥിക്കുന്ന ബാനറുകളു ബോർഡുകളും പ്രത്യക്ഷപ്പെട്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ തീരുമാനിക്കുന്നതിനു സി.പി.എം സംസ്ഥാന സമിതി യോഗം ചേരാനിരിക്കേയാണ് പ്രചാരണത്തിൽ മേൽക്കൈ നേടി ടീച്ചർ കളത്തിലിറങ്ങിയത്. കണ്ണൂർ മണ്ഡലത്തിൽ ശ്രീമതി ടീച്ചറൊഴിച്ചു വേറൊരു പേര് പാർട്ടിയുടെ മുന്നിലുണ്ടായിരുന്നില്ല. ആദ്യ ഘട്ടത്തിൽ പി.ജയരാജന്റെ പേര് കേട്ടിരുന്നുവെങ്കിലും ഷുക്കൂർ കേസിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചതോടെ ഈ പേര് ഒഴിവായി. ഐക്യജനാധിപത്യ മുന്നണിയിൽ ആരു സ്ഥാനാർഥിയായാലും നേരിടാൻ ടീച്ചർ തന്നെ വേണമെന്ന നില വന്നു. കഴിഞ്ഞ അഞ്ചു വർഷ കാലയളവിൽ മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും എം.പിയെന്ന നിലയിലുള്ള ഇടപെടലുകളും മണ്ഡലത്തിൽ ശ്രീമതി ടീച്ചറുടെ സ്വീകാര്യത ഏറെ വർദ്ധിപ്പിച്ചുവെന്നതിൽ മുന്നണിക്കും പാർട്ടിക്കും സംശയമില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് ടീച്ചർ അനൗദ്യോഗികമായി പ്രചാരണ രംഗത്ത് സജീവമായത്. 
അതേസമയം, കോൺഗ്രസ്  സ്ഥാനാർഥിത്വം സംബന്ധിച്ച് കെ.സുധാകരൻ ഇതുവരെ മനസ്സു തുറന്നിട്ടില്ല. കേരള രാഷ്ട്രീയത്തിലാണ് താൽപര്യം എന്ന കാര്യം സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഹൈക്കമാൻഡ് നിർദേശിച്ചാൽ മത്സര രംഗത്തുണ്ടാകുമെന്നും ഉറപ്പു നൽകിയിട്ടുണ്ട്. അതിനിടെ സുധാകരനെ കാസർകോട്ട് മത്സരിപ്പിക്കണമെന്ന ആവശ്യം പ്രവർത്തകരുടെ ഭാഗത്തു നിന്നും ഉയർന്നു വന്നിട്ടുണ്ട്. ഏതായാലും സ്ഥാനാർഥി വിഷയത്തിൽ ഈ ആഴ്ചയോടെ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്.

Latest News