റിയാദ് - വ്യാപാര സ്ഥാപനങ്ങളുടെ ബലദിയ (നഗരസഭ) ലൈസൻസ് കാലാവധി മൂന്നു വർഷം മുതൽ അഞ്ചു വർഷം വരെയായി ഉയർത്തി. ബലദിയ ലൈസൻസ് നിയമാവലിയിലെ എട്ടാം വകുപ്പിൽ വരുത്തിയ ഭേദഗതി ആക്ടിംഗ് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രി ഡോ. മാജിദ് അൽഖസബി അംഗീകരിച്ചു. മുപ്പതു ദിവസത്തിനു ശേഷം പുതിയ തീരുമാനം പ്രാബല്യത്തിൽ വരും.
മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയത്തിന്റെയും നഗരസഭകളുടെയും ശാഖാ ബലദിയകളുടെയും മേൽനോട്ടത്തിന് വിധേയമായ ഏതു സ്ഥാപനങ്ങൾക്കുമുള്ള ലൈസൻസ് കാലാവധി ഇനി മുതൽ മൂന്നു മുതൽ അഞ്ചു വർഷം വരെയായിരിക്കും. ഇപ്പോൾ ബലദിയ ലൈസൻസ് കാലാവധി ഒരു വർഷമാണ്. ഓരോ വർഷവും ലൈസൻസ് പുതുക്കണം. ഉപയോക്താക്കളുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ ലൈസൻസ് കാലാവധിക്ക് മുഴുവനായുള്ള ഫീസോ ഓരോ വർഷത്തിനുള്ള ഫീസോ അടയ്ക്കാനാകും.
ഓരോ വർഷവും ലൈസൻസ് പുതുക്കേണ്ടത് വ്യാപാര സ്ഥാപന ഉടമകൾക്ക് വലിയ പ്രയാസങ്ങളാണ് സൃഷ്ടിച്ചിരുന്നത്. ഇതിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് ലൈസൻസ് കാലാവധി മൂന്നു മുതൽ അഞ്ചു വർഷം വരെയായി മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം ഉയർത്തിയത്.