ന്യൂദല്‍ഹി- പാക്കിസ്ഥാന്റെ വ്യോമാക്രമണം ചെറുക്കുന്നതിനിടെ കാണാതായ ഇന്ത്യന്‍ പൈലറ്റിനെ വിട്ടുകിട്ടാനുള്ള ശ്രമം ഇന്ത്യ ഊര്‍ജിതമാക്കി. അന്തര്‍ദേശീയ തലത്തില്‍ നയതന്ത്രസമ്മര്‍ദം ശക്തമാക്കുന്നതടക്കമുള്ള നടപടികളാണ് കൈക്കൊള്ളുന്നത്.
അതിര്‍ത്തിയിലെ സുരക്ഷയ്ക്ക് പുറമെ വിങ് കമാന്‍ഡര്‍ അഭിനന്ദനെ തിരികെ എത്തിക്കാനുള്ള ചര്‍ച്ചകള്‍ ഉന്നതതലത്തില്‍ തുടരുകയാണ്. ഇന്നലെ രാത്രി വൈകിയും പ്രധാനമന്ത്രിയുടെ വസതിയില്‍ തിരക്കിട്ട കൂടിയാലോചനകള്‍ നടന്നു.
അഭിനന്ദനെ സുരക്ഷിതനായി തിരിച്ചെത്തിക്കണമെന്ന ആവശ്യവുമായി സൈനികന്റെ കുടുംബവും രംഗത്തുണ്ട്.
പിടിയിലായ സൈനികനെ ഒരാഴ്ചയ്ക്കം വിട്ടയക്കണമെന്നാണ് ജനീവ കരാര്‍ നിര്‍ദേശം. വിങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ധമാനെ കരാര്‍ പാലിച്ച് വിട്ടയ്ക്കണമെന്നാണ് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെടുന്നത്. വ്യോമസേനയുടെ പ്രത്യേക പരിശീലനം നേടിയ സുര്യ കിരണ്‍ അംഗമാണ് വിങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ധമാന്‍.
പാക്കിസ്ഥാനെതിരെ കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തുവരുന്നത് പാക്കിസ്ഥാനില്‍ സമ്മര്‍ദം ശക്തമാക്കുമെന്നാണ് പ്രതീക്ഷ. ഭീകരസംഘടന ജെയ്ശെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും യു.എന്‍ രക്ഷാസമതിയില്‍ ആവശ്യപ്പെട്ടു.