തിരുവനന്തപുരം- ജനാധിപത്യ പ്രക്രിയയില്‍നിന്ന് മാറിനില്‍ക്കാനുള്ള പ്രവണത യുവാക്കളില്‍ കൂടിവരുന്ന സാഹചര്യത്തില്‍ ജനാധിപത്യ സംവിധാനം ഇന്ത്യയില്‍ കൊണ്ടുവരാന്‍ നടത്തിയ പോരാട്ടങ്ങള്‍ പുതുതലമുറയെ ഓര്‍മ്മപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. ജനാധിപത്യ സംവിധാനത്തില്‍നിന്ന് മാറിനില്‍ക്കുകയല്ല അതില്‍ പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാനാണ് യുവാക്കള്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായ ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിയിലെ രണ്ടാമത്തെ പരിപാടിയായ നാഷണല്‍ സ്റ്റുഡന്‍റ്സ് പാര്‍ലമെന്‍റ്-കേരള 2019 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മികച്ച ജനാധിപത്യത്തിന് യുവാക്കള്‍ മുന്നോട്ടു വരണം. പാര്‍ലമെന്ററി ജനാധിപത്യമാണ് ഇന്ത്യയെ യോജിപ്പിച്ച് കൊണ്ടുപോകാന്‍ നല്ലതെന്ന് തിരിച്ചറിഞ്ഞാണ് അത്തരം സംവിധാനത്തിലേക്ക് രാജ്യം സ്വാതന്ത്ര്യ പോരാട്ടങ്ങളിലൂടെ മാറിയത്. ജനാധിപത്യം ഒരു രാത്രി കൊണ്ട് മികച്ചതായി ജനിക്കില്ല. ഏതൊരു പ്രക്രിയയും പോലെ വളര്‍ച്ചക്കനുസരിച്ച് പരിണാമപ്പെട്ട് മികവ് വര്‍ധിപ്പിക്കുകയാണ്. അതുകൊണ്ടു തന്നെ ജനങ്ങള്‍ രാഷ്ട്രീയമായ വിദ്യാഭ്യാസം നേടേണ്ടത് അനിവാര്യമാണ്. രാഷ്ട്രീയ വിദ്യാഭ്യാസമെന്ന് കേവലം രാഷ്ട്രീയ കക്ഷികളുമായി ബന്ധപ്പെട്ടത് മാത്രമല്ല. അത് ഭരണം സംബന്ധിച്ച ശാസ്ത്രവും കലയുമാണ്.
നമ്മുടെ ആശങ്കകളും വിയോജിപ്പുകളും രേഖപ്പെടുത്തുമ്പോഴാണ് ജനാധിപത്യത്തിലെ കുറവുകള്‍ നമ്മള്‍ ചൂണ്ടിക്കാട്ടി അത് തിരുത്താന്‍ അവസരമൊരുക്കുന്നത്. കേരള നിയമസഭ ഒട്ടേറെ ചരിത്രപരമായ നിയമങ്ങള്‍ നിര്‍മിച്ച സഭയാണെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത് മനസ്സിലാക്കാന്‍ ശ്രമിച്ച് കൂടുതല്‍ മികച്ചതാക്കാനുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്തണം.
കേരളത്തിലെ ജനപ്രതിനിധികളുടെയും രാഷ്ട്രീയ കക്ഷികളുടെയും ഐക്യവും സഹകരണവും വിവിധ കാലങ്ങളില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമയോടെ നടത്തിയ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ വിശദീകരിച്ചു. ചടങ്ങില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജനാധിപത്യത്തിന്റെ മൂല്യങ്ങളും സാധ്യതകളും യുവാക്കളെ ബോധ്യപ്പെടുത്താനുദ്ദേശിച്ചാണ് സ്റ്റുഡന്‍റ്സ് പാര്‍ലമെന്‍റ് സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിസെഫ് ഇന്ത്യ പ്രതിനിധി ഡോ. യാസ്മിന്‍ അലി ഹഖ്, എം.ഐ.ടി പൂനെ എക്‌സിക്യൂട്ടീവ് പ്രസിഡന്‍റ് രാഹുല്‍ വി. കാരാട് എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി സ്വാഗതവും നിയമസഭാ സെക്രട്ടറി വി.കെ. ബാബുപ്രകാശ് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന പ്ലീനറി സെഷനില്‍ ദി ഐഡിയ ഓഫ് ഇന്ത്യ എന്ന വിഷയത്തില്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, മുന്‍ എം.പി അബ്ദുസ്സമദ് സമദാനി, സെന്‍റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസ് ഡയറക്ടര്‍ ജനറല്‍ എം.ആര്‍. രാഘവ വാര്യര്‍, സ്വാമി അഗ്‌നിവേശ് എന്നിവര്‍ വിഷയാവതരണം നടത്തി. ഉച്ചക്കു ശേഷം മൂന്നു റീജിയനല്‍ സെഷനുകളും നടന്നു. നാഷണല്‍ സ്റ്റുഡന്‍റ്സ് പാര്‍ലമെന്‍റ് 25 ന് സമാപിക്കും.