കൊച്ചി - വിദേശ കുരുമുളക് ഇറക്കുമതി ആഭ്യന്തര കർഷകരെ സാമ്പത്തിക പ്രതിസന്ധിലാക്കി. അറബ് രാജ്യങ്ങളുടെ പിൻതുണ ഇന്ത്യൻ ചുക്കിന് നേട്ടമായി. കയറ്റുമതി ഓർഡറുകളുടെ മികവിൽ ഏലക്ക മികവ് നിലനിർത്തി. സാങ്കേതിക തിരുത്തലുകൾക്ക് ശേഷം വെളിച്ചെണ്ണ വില മുന്നേറി. റബറിനെ ബാധിച്ച മാന്ദ്യം വിട്ടുമാറിയില്ല. ആഭരണ വിപണികളിൽ സ്വർണം റെക്കോർഡ് തകർക്കാനുള്ള തയ്യാറെടുപ്പിൽ.
വിദേശ കുരുമുളക് ഇറക്കുമതി മൂലം ഇന്ത്യൻ കുരുമുളകിൻെറ പരമ്പരാഗത കയറ്റുമതിക്കാർ പ്രതിസന്ധിയിൽ. ഇറക്കുമതി ചരക്ക് നാടൻ മുളകുമായി കലർത്തി വിൽപ്പന നടത്തുന്ന സംഘടങ്ങൾ കേരളത്തിലും കർണാടകത്തിലും സജീവമാണ്. നാടൻ മുളക് എന്ന് കരുതി സംഭരിച്ച് കയറ്റുമതി നടത്തുന്നവർ ഇനി പ്രതിസന്ധിയിലാവും.
യൂറോപ്പ്, ഇന്ത്യൻ കുരുമുളക് ഇറക്കുമതിയുടെ പരിശോധന ശക്തമാക്കി. വിയറ്റ്‌നാം, ബ്രസീൽ, ഇന്തോനേഷ്യൻ കുരുമുളക് ഇന്ത്യയിൽനിന്ന് കയറ്റുമതി നടത്തുന്ന ചരക്കിൽ കണ്ടെത്തിയാൽ അവർ കടുത്ത നിലപാടുകൾ സ്വീകരിക്കാൻ ഇടയുണ്ട്. ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 5325 ഡോളറാണ്. അതേ സമയം മറ്റ് ഉൽപാദന രാജ്യങ്ങൾ ടണ്ണിന് 2000-2800 ഡോളറിന് ചരക്ക് ഷിപ്പ്‌മെൻറ് നടത്തുന്നുണ്ട്. ഈ കുരുമുളക് ഇന്ത്യയിൽ എത്തിച്ച് മലബാർ മുളക് എന്ന വ്യാജേന കയറ്റുമതി നടത്തുന്നവരും രംഗത്തുണ്ട്. ഗാർബിൾഡ് കുരുമുളക് വില 36,600 രൂപ.
ഏലക്ക മുന്നേറ്റം തുടരുന്നു. വലിപ്പം കൂടിയ ഇനം ഏലത്തിന് ലേല കേന്ദ്രങ്ങളിൽ ക്ഷാമം നേരിടുന്നുണ്ട്. വിലക്കയറ്റം കണ്ട് സ്‌റ്റോക്കിസ്റ്റുകൾ ചരക്കിൽ പിടിമുറുക്കി. വരവ് കുറഞ്ഞത് ആഭ്യന്തര വിദേശ വാങ്ങലുകാരെ രംഗത്ത് പിടിമുറുക്കാനും പ്രേരിപ്പിച്ചു. ഈസ്റ്റർ ഡിമാണ്ട് മുൻ നിർത്തി വാങ്ങലുകാർ ഏലക്ക സംഭരണം ശക്തമാക്കി. ജനുവരിയിൽ പത്ത് ശതമാനം മുന്നേറിയ ഏലക്ക ഈ മാസവും മികവ് നിലനിർത്താം. സീസൺ ആരംഭിക്കാൻ ജൂൺ വരെ കാത്തിരിക്കണം.
ഇഞ്ചിക്ഷാമം മൂലം ചുക്ക് വിപണി ചൂട് പിടിച്ചു. പുതിയ ചുക്ക് കിലോ 300 രൂപയ്ക്ക് മുകളിലാണ്. ആഭ്യന്തര വിദേശ വ്യാപാരികൾ മികച്ചയിനം ചുക്കിനോട് കാണിച്ച താൽപര്യം കണ്ട് വ്യവസായികൾ ഇറക്കുമതിക്കും നീക്കം നടത്തി. നൈജീരിയയിൽ നിന്നും ചൈനയിൽ നിന്നും ബർമ്മയിൽ നിന്നുമുള്ള ചുക്ക് ഉത്തരേന്ത്യയിൽ എത്തിയിട്ടുണ്ട്. കർണാടകത്തിൽ ഇഞ്ചി വിളവെടുപ്പ് പുരോഗമിക്കുകയാണ്. കൊച്ചിയിൽ ചുക്ക് സ്‌റ്റോക്ക് നാമമാത്രമാണ്. ബെസ്റ്റ് ചുക്ക് 28,500 രൂപയിൽ വ്യാപാരം നടന്നപ്പോൾ പുതിയ ചുക്ക് വില 31,500 രൂപയാണ്.
ഉത്സവ ദിനങ്ങൾക്ക് ശേഷം ചൈനീസ് വ്യവസായികൾ രാജ്യാന്തര റബർ മാർക്കറ്റിൽ സജീവമായെങ്കിലും ഷീറ്റ് വിലയിൽ മാറ്റം ദൃശ്യമായില്ല. അവധി വ്യാപാര കേന്ദ്രങ്ങളായ ടോക്കോമിലും സിക്കോമിലും ചൈനീസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് ശേഷം ഇടപാടുകളുടെ വ്യാപ്തി അൽപ്പം ഉയർന്നു. ഇന്ത്യൻ ടയർ വ്യവസായികൾ നമ്മുടെ മുഖ്യ വിപണികളിൽ നിന്ന് നാലാം ഗ്രേഡ് 12,300 രൂപയ്ക്കും അഞ്ചാം ഗ്രേഡ് 11,600 രൂപയ്ക്കും സംഭരിച്ചു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നാളികേര ഉൽപാദനം മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞതിനാൽ കർഷകരും സ്‌റ്റോക്കിസ്റ്റുകളും ചരക്ക് നീക്കം കുറച്ചത് വിപണിയുടെ തിരിച്ചു വരവ് അവസരം ഒരുക്കി. ഇതര പാചകയെണ്ണകളെ അപേക്ഷിച്ച് വെളിച്ചെണ്ണ വില ഉയർന്ന് നിൽക്കുന്നത് പ്രാദേശിക വിൽപ്പനയെ ബാധിച്ചിട്ടുണ്ട്. കൊച്ചിയിൽ 15,700 ൽ വിൽപ്പനയ്ക്ക് തുടക്കം കുറിച്ച വെളിച്ചെണ്ണ വാരാന്ത്യം 16,100 ലേയ്ക്ക് കയറി. സാങ്കേതിക തിരുത്തലുകൾ പൂർത്തിയാക്കി വിപണി വീണ്ടും ചൂടുപിടിക്കുകയാണ്. കൊപ്ര വില 10,760 രൂപയാണ്.
കേരളത്തിൽ സ്വർണ വില താഴ്ന്ന നിലവാരത്തിൽ നിന്ന് വീണ്ടും വർധിച്ചു. ആഭരണ വിപണികളിൽ 24,720 രൂപയിൽ വിൽപ്പനയ്ക്ക് തുടക്കം കുറിച്ച പവൻ വാരമധ്യം 24,400 വരെ താഴ്ന്നശേഷം തിരിച്ചു വരവിൽ ശനിയാഴ്ച 24,800 രൂപയിലാണ്. സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണ വില 3100 രൂപ. വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ ഈ വാരം റെക്കോർഡ് തകർക്കുന്ന പ്രകടനം പവൻ കാഴ്ചവെക്കാം. വിനിമയ വിപണിയിൽ രൂപ തളരാനുള്ള സാധ്യതകൾ കൂടി കണക്കിലെടുത്താൽ വൈകാതെ പവന് വില കാൽ ലക്ഷം രൂപയ്ക്ക് മുകളിൽ എത്താം. ആഗോള വിപണിയിൽ സ്വർണം 1318 ഡോളറിൽ നിന്ന് 1321 ലേയ്ക്ക് മുന്നേറി. മാസാരംഭത്തിലെ 1331 ഡോളറിലെ പ്രതിരോധം മറികടക്കാനുള്ള ശ്രമത്തിലാണ് മഞ്ഞലോഹ വിപണി. അടുത്ത മാസം 13501365 ഡോളർ വരെ സ്വർണ വില ഉയരാനുള്ള ശ്രമത്തിലാണ് വിപണിയിപ്പോൾ.