റിയാദ് - സ്വകാര്യ മേഖലയിൽ സൗദിവൽക്കരണം 19.8 ശതമാനമായി ഉയർന്നതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം അവസാന പാദത്തെ കണക്കുകൾ പ്രകാരം ഗോസി രജിസ്‌ട്രേഷനുള്ള സ്വകാര്യ മേഖലാ ജീവനക്കാരിൽ സൗദികൾ 19.8 ശതമാനമാണ്. 2017 അവസാന പാദത്തിൽ ഇത് 18.4 ശതമാനമായിരുന്നു.
ഒരു വർഷത്തിനിടെ സൗദിവൽക്കരണത്തിൽ 1.4 ശതമാനം വർധന രേഖപ്പെടുത്തി. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ സ്വകാര്യ മേഖലയിലെ സൗദിവൽക്കരണം 19.4 ശതമാനമായിരുന്നു. അവസാന പാദത്തിൽ സൗദിവൽക്കരണത്തിൽ 0.4 ശതമാനം വർധനയുണ്ടായി. തുടർച്ചയായി ഒമ്പതാം പാദത്തിലും സൗദിവൽക്കരണ അനുപാതം ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം ഗോസി രജിസ്‌ട്രേഷനുള്ള 86 ലക്ഷത്തോളം ജീവനക്കാർ സ്വകാര്യ മേഖലയിലുണ്ട്. ഇക്കൂട്ടത്തിൽ പതിനേഴു ലക്ഷം പേർ സൗദികളും 69 ലക്ഷം പേർ വിദേശികളുമാണ്. നാലു വർഷത്തിനിടെ സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളുടെ എണ്ണം ഇത്രയും കുറയുന്നത് ആദ്യമാണ്.
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളിൽ 68 ശതമാനവും പുരുഷന്മാരാണ്. സൗദി ജീവിനക്കാരിൽ പുരുഷന്മാർ 11.6 ലക്ഷമാണ്. സ്വകാര്യ മേഖലയിൽ 5,42,400 സൗദി വനിതകളും ജോലി ചെയ്യുന്നു. സ്വകാര്യ മേഖലയിലെ ആകെ ജീവനക്കാരിൽ സൗദി പുരുഷന്മാർ പതിനാലു ശതമാനവും സൗദി വനിതകൾ ആറു ശതമാനവുമാണ്.
തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവ ശേഷി വികസന നിധിയുടെ (ഹദഫ്) സാമ്പത്തിക സഹായത്തോടെ കഴിഞ്ഞ വർഷം സ്വകാര്യ മേഖലയിൽ 38,527 സൗദി യുവതീയുവാക്കൾക്ക് തൊഴിൽ ലഭിച്ചിട്ടുണ്ട്.