Sorry, you need to enable JavaScript to visit this website.

ഉൽപാദനം കുറക്കാനുള്ള തായ്‌ലന്റ് നീക്കം റബർ വില ഉയർത്താം

കൊച്ചി- റബർ ഉൽപാദനം കുറക്കാൻ തായ്‌ലന്റ് നടത്തുന്ന നീക്കം വരും ദിനങ്ങളിൽ ഏഷ്യൻ മാർക്കറ്റുകളിൽ ഷീറ്റ് വില ഉയർത്താം. 
അഞ്ച് വർഷത്തിനിടയിൽ ഇത് മൂന്നാം തവണയാണ് തായ് ഭരണകൂടം ഇത്തരം നീക്കം നടത്തുന്നത്. കാൽ നൂറ്റാണ്ടിൽ കൂടുതൽ പഴക്കമുള്ള മരങ്ങൾ വെട്ടി മാറ്റുകയാണവർ. ഇതുമൂലം റബർ ഉൽപാദനം പ്രതിവർഷം  മൂന്ന് മുതൽ 4.5 ദശലക്ഷം ടൺ വരെ കുറയാം.  2010ന് ശേഷം റബർ വില 50 ശതമാനം ഇടിഞ്ഞത് തായ്‌ലന്റിനെ സാമ്പത്തികമായി തളർത്തി. ഏഷ്യൻ വിപണികൾക്ക് പുതുജീവൻ പകരാൻ  ഇന്തോനേഷ്യയും മലേഷ്യയും ഈ നീക്കത്തിന് പിൻതുണ നൽകാനിടയുണ്ട്. തായ്‌ലന്റ് അവരുടെ മൊത്തം റബർ ഉൽപാദനത്തിൽ 90 ശതമാനവും കയറ്റുമതി നടത്തുകയാണ്. 
സംസ്ഥാനത്ത് റബർ ഉൽപാദനം ഉയർന്നതോടെ കുടുതൽ ചരക്ക് വിൽപ്പനയ്ക്ക് എത്തി. ടയർ വ്യവസായികളിൽ നാലാം  ഗ്രേഡ് ഷീറ്റ് 12,500 രൂപക്കും അഞ്ചാം ഗ്രേഡ് 12,000 രൂപക്കും സംഭരിച്ചു. ടോക്കോമിൽ റബർ ബുള്ളിഷ് ട്രൻറിലാണ്. കിലോ 190 യെന്നിലേക്ക് ഉയർന്നു. അടുത്ത ചുവടുവെപ്പിൽ 205 യെന്നിനെയാണ് ഉറ്റുനോക്കുന്നത്. 
വെളിച്ചെണ്ണ മില്ലുകാർ കൊപ്ര ക്ഷാമത്തിന്റെ പിടിയിലാണ്. കാലാവസ്ഥ മാറ്റം ഉൽപാദനത്തെ ബാധിച്ചെങ്കിലും വിപണി കൊപ്ര ക്ഷാമത്തെ  അഭിമുഖീകരിക്കുന്നത് ആദ്യം. തമിഴ്‌നാട്ടിലെ മില്ലുകാർക്ക് വേണ്ടത്ര കൊപ്ര ശേഖരിക്കാനാവുന്നില്ല. കേരളത്തിൽ നിരക്ക് ഉയർന്ന് നിൽക്കുന്നതിനാൽ ഇവിടെ നിന്ന് അവർ ചരക്ക് എടുക്കുന്നില്ല.  തമിഴ്‌നാട്ടിൽ നാളികേര സീസൺ മാർച്ചിലാണ്. അതുവരെയും കൊപ്രയുടെ ലഭ്യത കുറവ് തുടരാം. തമിഴ്‌നാട്ടിൽ കൊപ്ര 11,850 രൂപയിൽ നിന്ന് 12,150 ലേക്ക് കയറി. കൊച്ചിയിൽ കൊപ്ര  11,285  രൂപയിലും വെളിച്ചെണ്ണ വില 16,900 രൂപയിലുമാണ്.
ശൈത്യം ശക്തമായതിനാൽ ഉത്തരേന്ത്യയിൽ ചുക്കിന് ഡിമാണ്ട് വർധിച്ചു. ആഭ്യന്തര വ്യാപാരികൾ ഉൽപ്പന്നം ശേഖരിക്കാൻ മത്സരിച്ചത് കണ്ട് കയറ്റുമതിക്കാരും വിപണിയിൽ പിടിമുറുക്കി. ഗ്രാമീണ മേഖലകളിൽനിന്ന് കൊച്ചിയിലേക്ക് കുറഞ്ഞ അളവിൽ മാത്രമാണ് ചുക്ക് വിൽപ്പനക്ക് എത്തിയത്. വിവിധയിനം ചുക്ക് 19,500 - 20,500 രൂപയിൽനിന്ന് 23,500 - 28,500 രൂപയായി ഉയർന്നു. ഏലക്ക വില വീണ്ടും കയറി. ലേല കേന്ദ്രങ്ങളിൽ ആഭ്യന്തര വിദേശ ഇടപാടുകാർ ഏലക്ക സംഭരണം ഊർജിതമാക്കി. ലഭ്യത ചുരുങ്ങിയതിനാൽ ഇടപാടുകാർ മത്സരിക്കുകയാണ്. മികച്ചയിനങ്ങൾ കിലോ 1640 രൂപയിൽനിന്ന് 1917 വരെ മുന്നേറി. വാരാന്ത്യം  വില 1841 രൂപയിലാണ്. പുതിയ സീസൺ ആരംഭിക്കാൻ ജൂൺ വരെ കാത്തിരിക്കം. യൂറോപ്യൻ രാജ്യങ്ങൾ ഈസ്റ്റർ  ആവശ്യങ്ങൾ മുന്നിൽ കണ്ട് സംഭരണം ശക്തമാക്കാം. 
വിദേശ കുരുമുളക് ഇറക്കുമതി വർധിച്ചത് കണ്ട് കർഷകർ  വിപണിയിലേയ്ക്കുള്ള ചരക്ക് നീക്കം കുറച്ചു. വിയറ്റ്‌നാം മുളക് ശ്രീലങ്ക വഴിയാണ് ഇന്ത്യൻ തുറമുഖങ്ങളിൽ എത്തുന്നത്. വിയറ്റ്‌നാം കുരുമുളക് വില ടണ്ണിന് 2500 ഡോളറാണ്. ഇന്ത്യൻ നിരക്ക് 5600 ഡോളറാണ്. ബ്രസീലിയൻ കയറ്റുമതിക്കാർ ടണ്ണിന് 2000 ഡോളറിന് ക്വട്ടേഷൻ ഇറക്കി. കൊച്ചിയിൽ  ഗാർബിൾഡ് കുരുമുളക് 36,400 രൂപ.   സ്വർണവില സർവകാല റെക്കോർഡ് തിരുത്തി മുന്നേറി. 23,840 രൂപയിൽനിന്ന് പവൻ ഒരു വേള 24,160 ലെ റെക്കോർഡ് തകർത്ത് 24,200 വരെ ഉയർന്നു. വാരാന്ത്യം പവൻ 24,040 രൂപയിലാണ്. ഒരു ഗ്രാമിന് വില 3005  രൂപ. 2012 ൽ രേഖപ്പെടുത്തിയ റിക്കാർഡ് വിലയാണ് വിപണി തിരുത്തിയത്. 
ആഗോള വിപണിയിൽ സ്വർണം തുടർച്ചയായി നാലാഴ്ചകളിൽ തിളങ്ങിയെങ്കിലും അഞ്ചാം വാരം നേട്ടം നിലനിർത്താനായില്ല. ട്രോയ് ഔൺസിന് 1300 ഡോളറിലെ തടസം ഭേദിക്കാൻ നടത്തിയ ശ്രമം വിജയിക്കാതെ വന്നതോടെ ഒരു വിഭാഗം നിക്ഷേപകർ ലാഭമെടുപ്പ് നടത്തിയതോടെ സ്വർണ വില 1282 ഡോളറായി താഴ്ന്നു. ഈ വാരം 1270 ലെ താങ്ങ് നഷ്ടപ്പെട്ടാൽ 1258 ഡോളർ വരെ സ്വർണ വില താഴാം. അതേസമയം ബുൾ ഇടപാടുകൾ സ്വർണത്തിലെ വിശ്വാസം നിലനിർത്തി. ന്യൂയോർക്ക് എക്‌സ്‌ചേഞ്ച് തിങ്കളാഴ്ച്ച അവധിയാണ്. നീണ്ട അവധി ദിനങ്ങൾ മുന്നിൽ കണ്ട് ഒരു വിഭാഗം ഓപ്പറേറ്റർമാർ രംഗം വിട്ടതാണ് വാരാന്ത്യത്തിലെ തളർച്ചയ്ക്ക് കാരണം. ഫോറെക്‌സ് മാർക്കറ്റിൽ ഡോളർ അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ കണക്കിലെടുത്താൽ സ്വർണം വീണ്ടും മികവ് കാണിക്കാം. നിലവിലെ സാഹചര്യത്തിൽ 1297 ലെ പ്രതിരോധം മറികടന്നാൽ സ്വർണം 1304 ഡോളർ വരെ ഉയരാം.  


 

Latest News