ചണ്ഡീഗഢ്- പഞ്ചാബിലെ മൊഹാലി ജില്ലയിലെ ഛത്ബീര്‍ മൃഗശാലയില്‍ സിംഹക്കൂട്ടില്‍പ്പെട്ട യുവാവിനെ രണ്ടു സിംഹങ്ങള്‍ ആക്രമിച്ചു. ലയണ്‍ സഫാരിയുടെ വേലിക്കെട്ടിനുള്ളില്‍ യുവാവ് എങ്ങനെ എത്തിപ്പെട്ടെന്നു വ്യക്തമല്ല. സംഭവ സമയത്ത് വേലിക്കെട്ടിനുള്ളില്‍ നാലു സിംഹങ്ങളാണ് ഉണ്ടായിരുന്നത്. ഇവയില്‍ രണ്ടെണ്ണം പത്തു മിനിറ്റോളം യുവാവിനെ കടിച്ചു കീറി. 25 വയസ്സ് പ്രായം കണക്കാക്കുന്ന യുവാവിന്റെ കൂടുതല്‍ വിവരം പുറത്തു വന്നിട്ടില്ല. മൃഗശാല ജീവനക്കാര്‍ യുവാവിനെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. അതേസമയം സിംഹങ്ങള്‍ വിഹരിക്കാന്‍ വിട്ടിരിക്കുന്ന വിശാല വേലിക്കെട്ടിന്റെ 12 അടി ഉയരത്തിലുള്ള മതില്‍ യുവാവ് എങ്ങനെ ചാടികടന്നു എന്നു കണ്ടെത്താനായിട്ടില്ല. മതിനു മുകളില്‍ കമ്പിമുള്ളും ഉണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.
സഫാരിക്കുള്ളില്‍ സന്ദര്‍ശകരുമായി സര്‍വീസ് നടത്തുന്ന ബസിലെ ഡ്രൈവറാണ് ഞായറാഴ്ച വൈകുന്നേരം സിംഹങ്ങള്‍ യുവാവിനെ കടിച്ചു കീറുന്നത് ആദ്യം കണ്ടത്. സംഭവത്തെ തുടര്‍ന്ന് സഫാരി നിര്‍ത്തിവച്ചിരിക്കുകയാണ്. ഛത്ബീറിലെ മോഹേന്ദ്ര ചൗധരി സുവോളജിക്കല്‍ പാര്‍ക്കെന്ന ഈ മൃഗശാലയില്‍ 1200-ലേറെ മൃഗങ്ങളുണ്ട്. വനത്തോടു ചേര്‍ന്നുള്ള 505 ഏക്കല്‍ പ്രദേശത്താണ് ഈ മൃഗശാല.