വിദേശ കുരുമുളക് ഇറക്കുമതി വീണ്ടും വ്യാപകമായി. ഇറക്കുമതി കനത്തതോടെ ആഭ്യന്തര ഉൽപന്ന വില പിന്നിട്ടവാരം 1600 രൂപ ഇടിഞ്ഞു. രാജ്യത്തെ വിവിധ തുറമുഖങ്ങളിൽ വിദേശ ചരക്ക് കനത്തതോതിൽ ഇറക്കുമതി തുടരുന്നു. ഉത്തരേന്ത്യൻ വിപണികളിൽ വില കുറഞ്ഞ മുളക് വരവ് കനത്തതോടെ കേരളം, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള ചരക്ക് സംഭരണം കുറച്ച് വാങ്ങലുകാർ രംഗം വിട്ടു. ആഭ്യന്തര ആവശ്യക്കാരുടെ അഭാവം വിപണിയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. കൊച്ചിയിൽ ഗാർബിൾഡ് മുളക് 38,200 രൂപയിൽ വിൽപനക്ക് തുടക്കം കുറിച്ച അൺഗാർബിൾഡ് മുളക് വാരാന്ത്യം 36,600 ലേയ്ക്ക് ഇടിഞ്ഞു.
വിയറ്റ്‌നാം കുരുമുളക് ശ്രീലങ്കൻ തുറമുഖം വഴിയാണ് എത്തിക്കുന്നത്. നേപ്പാളിലേക്കെന്ന് രേഖകൾ ചമച്ചാണ് ഇറക്കുമതി നടക്കുന്നത്. എന്നാൽ ഇത് ഇന്ത്യൻ അതിർത്തി കടക്കാതെ ഉത്തരേന്ത്യയിൽ തന്നെ വിറ്റഴിക്കുകയാണ്. ഇറക്കുമതി വൻ ലാഭമായതിനാൽ ഈ രംഗത്ത് നേട്ടം കൊയ്യാൻ മറ്റ് മേഖലകളിലെ വ്യവസായികളും ഉത്സാഹിക്കുന്നുണ്ട്. ടണ്ണിന് 2500 ഡോളറിൽ താഴ്ന്ന വിലയ്ക്ക് വിയറ്റ്‌നാമിൽ നിന്ന് ശേഖരിച്ച് അതിൻെറ ഇരട്ടിയിൽ അധികം വിലയ്ക്കാണ് ആഭ്യന്തര വിപണിയിൽ വിറ്റഴിക്കുന്നത്. ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 5650 ഡോളറാണ്. ജനുവരി ഒന്നുമായി താരതമ്യം ചെയ്യുമ്പോൾ കുരുമുളക് വില കിലോ 20 രൂപ ഇടിഞ്ഞു. വിളവെടുപ്പ് അടുത്ത സാഹചര്യത്തിൽ നിരക്ക് ഇത്തരത്തിൽ താഴ്ന്നാൽ ഉൽപാദകർ കൂടുതൽ പ്രതിസന്ധിയിൽ അകപ്പെടും.
യൂറോപ്യൻ രാജ്യങ്ങൾക്ക് ഒപ്പം അമേരിക്കൻ വാങ്ങലുകാരും രാജ്യാന്തര കുരുമുളക് മാർക്കറ്റിൽ സജീവമെങ്കിലും പുതിയ കരാറുകൾ ഉറപ്പിച്ചതായി വിവരമില്ല. ബ്രസീലിൽ കുരുമുളക് കയറ്റുമതിക്കാർ 2000 ഡോളറിന് പോലും ചരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയിലെയും വിയറ്റ്‌നാമിലെയും തോട്ടങ്ങൾ വിളവെടുപ്പിന് ഒരുങ്ങുന്നതിനാൽ മുളക് വില ഇനിയും കുറയുമെന്ന നിഗമനത്തിലാണ് യൂറോപ്യൻ ബയ്യർമാർ.
നാളികേരോൽപന്നങ്ങളുടെ നിരക്ക് വീണ്ടും വർധിച്ചു. കൊപ്രയുടെ താങ്ങ് വില ഉയർത്തിയ ആവേശത്തിൽ മുന്നേറിയ വിപണിയെ പിന്നിട്ട വാരം പാം ഓയിൽ ഇറക്കുമതി ഡ്യൂട്ടി കുറച്ച വിവരം അൽപം സമ്മർദത്തിലാക്കി. എന്നാൽ പെടുന്നനെ കൊപ്ര ക്ഷാമം വിപണിയിൽ തല ഉയർത്തിയത് വിലക്കയറ്റത്തിന് ഇടയാക്കി. കൊപ്ര വില 11,030 രൂപയിൽ നിന്ന് 11,285 ലേയ്ക്ക് കയറി. കൊപ്രയ്ക്ക് ഡിമാന്റ് വർധിച്ചത് മുൻനിർത്തി മില്ലുകാർ വെളിച്ചെണ്ണക്കും കൂടിയ വില ആവശ്യപ്പെട്ടു. കൊച്ചിയിൽ വെളിച്ചെണ്ണ 16,500 ൽ നിന്ന് 16,900 രൂപയായി. കൊപ്ര ക്ഷാമം രണ്ട് മാസം കൂടി നിലനിൽക്കുമെന്നാണ് ഉൽപാദന മേഖലകളിൽ നിന്നുള്ള സൂചന. അതേ സമയം വെളിച്ചെണ്ണ വില വൻതോതിൽ വർധിച്ചാൽ ഇതര പാചകയെണ്ണകളുടെ വിൽപന സംസ്ഥാനത്ത് ഉയരുകയും ചെയ്യും.
രാജ്യാന്തര വിപണിയിൽ റബർ വില ഉയർത്തിയെടുക്കാനുള്ള ശ്രമത്തിലാണ് മുഖ്യ ഉൽപാദക രാജ്യങ്ങൾ. പഴക്കം ചെന്ന റബർ മരങ്ങൾ വെട്ടി മാറ്റി ഉൽപാദനം കുറക്കാനുള്ള പദ്ധതിക്ക് കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ തീരുമാനമായി. മുൻനിരയിലെ മൂന്ന് ഉൽപാദക രാജ്യങ്ങൾ സംഘടിതമായി നടത്തുന്ന നീക്കം ഫലത്തിൽ ചരക്ക് ക്ഷാമം ഉളവാക്കുമെന്നാണ് അവരുടെ വിലയിരുത്തൽ.
ആഗോള തലത്തിൽ ലഭ്യത ചുരുങ്ങുന്നതോടെ വില ഉയർത്തി ഷീറ്റ് ശേഖരിക്കാൻ വ്യവസായികൾ രംഗത്ത് ഇറങ്ങാനിടയുണ്ട്. വിലക്കയറ്റത്തിനുള്ള അനുകൂല നീക്കങ്ങൾ നിക്ഷേപകരെ പ്രമുഖ അവധി വ്യാപാര കേന്ദ്രങ്ങളിലേയ്ക്ക് അടുപ്പിക്കാം. ജപ്പാനിൽ
ടോകോം എക്‌സ്‌ചേഞ്ചിൽ റബർ കിലോ 190 യെന്നിലാണ്. വിദേശ വിപണികളിലെ വിലക്കയറ്റം കണ്ട് ടയർ നിർമാതാക്കൾ ആഭ്യന്തര മാർക്കറ്റിലേയ്ക്ക് ശ്രദ്ധ തിരിച്ചതോടെ നാലാം ഗ്രേഡ് റബർ വില 12,500 വരെ ഉയർന്ന ശേഷം വാരാവസാനം 12,400 ലാണ്. അഞ്ചാം ഗ്രേഡ് റബർ 12,100 രൂപയിൽ വ്യാപാരം നടന്നു.
തണുപ്പ് ശക്തിയാർജിച്ചതോടെ രാജ്യത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിൽ നിന്നും ചുക്കിന് ഓർഡറുകൾ എത്തുന്നുണ്ട്. കാർഷിക മേഖലകളിൽ നിന്നുള്ള ചുക്ക് വരവ് കുറഞ്ഞതിനാൽ നിരക്ക് ഉയരുമെന്ന് ഇടപാടുകാർ കണക്ക് കൂട്ടിയെങ്കിലും പല അവസരത്തിലും ഉൽപന്ന വില സ്റ്റെഡിയായി നീങ്ങി. കൊച്ചിയിൽ വിവിധയിനം ചുക്ക് 19,500 - 20,500 രൂപയിൽ മാർക്കറ്റ് ക്ലോസിങ് നടന്നു.
ഏലക്ക ഉയർന്ന നിലവാരത്തിൽ നീങ്ങുന്നു. ലഭ്യത ഉറപ്പിക്കാൻ ലേല കേന്ദ്രങ്ങളിൽ ഇടപാടുകാർ ഉത്സാഹിച്ചത് വിലക്കയറ്റം ശക്തമാക്കി. പുതിയ ഏലക്ക സീസണിന് ഇനിയും മാസങ്ങൾ കാത്തിരിക്കണം. ഇത് മുൻനിർത്തി വൻ വിലയ്ക്കും ചരക്ക് എടുക്കാൻ വാങ്ങലുകാർ രംഗത്തുണ്ട്. വാരാവസാനം നടന്ന ലേലത്തിൽ മികച്ചയിനങ്ങൾ കിലോ 1640 രൂപയിലാണ്.
കേരളത്തിൽ സ്വർണ വില വീണ്ടും ഉയർന്നു. ആഭരണ വിപണികളിൽ പവൻ 23,640 ൽ നിന്ന് 23,920 വരെ കയറിയ ശേഷം വാരാന്ത്യം പവൻ 23,840 ലാണ്. ഒരു ഗ്രാമിന് വില 2980 രൂപ. 2012 ൽ പവന് രേഖപ്പെടുത്തിയ 24,160 രൂപയാണ് റെക്കോർഡ് വില. രാജ്യാന്തര മാർക്കറ്റിൽ സ്വർണത്തിന് 1300 ഡോളറിലെ പ്രതിരോധം മറികടക്കാനായില്ല. ട്രോയ് ഔൺസിന് 1285 ഡോളറിൽ നിന്ന് 1297 ഡോളർ വരെ കയറിയ ശേഷം വാരാന്ത്യം ട്രോയ് ഔൺസിന് 1286 ഡോളറിലാണ്. വിപണി ഉറ്റുനോക്കുന്നത് 1311 ഡോളറിനെയാണ്.