ന്യൂദല്‍ഹി - പൗരത്വ ഭേദഗതി ബില്‍ 2016 പിന്‍വലിക്കണമെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ.ഫൈസി ആവശ്യപ്പെട്ടു. ഈ ബില്‍ പൂര്‍ണമായും വംശീയ താല്‍പര്യമുള്ളതും ഭരണഘടനാവിരുദ്ധവും അസാമിന്റെ സാംസ്കാരിക പാരമ്പര്യത്തെ തകര്‍ക്കുന്നതുമാണെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അസമിലെ എല്ലാ കക്ഷികളും അംഗീകരിച്ച അസം അക്കോര്‍ഡ് 2015 ന്റെ ലംഘനമാണ് പൗരത്വ ഭേദഗതി ബില്‍. പൗരത്വ ബില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ഫൈസി നിശിതമായി വിമര്‍ശിച്ചു. ബില്‍ അസമിലെയും വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെയും പൗരന്മാരെ നടുക്കത്തിലും കടുത്ത പ്രതിഷേധത്തിലുമാക്കിയിരിക്കുകയാണ്. ആ മേഖലയിലെ പൊതുജന താല്‍പര്യത്തിനും ജനവിധിക്കും എതിരാണ്. ബില്‍ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലേയ്ക്കു മാത്രമല്ല, രാജ്യത്തിനു മുഴുവന്‍ ബാധകമാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ പ്രസ്താവനയെയും ഫൈസി വിമര്‍ശിച്ചു. വിഭജന ശേഷം ബംഗ്ലാദേശിലെ രാഷ്ട്രീയ അസ്ഥിരത മൂലം വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലേയ്ക്കു നടന്ന കുടിയേറ്റവും പാക്കിസ്ഥാനിലേക്കും അഫ്ഗാനിസ്ഥാനിലേയക്കും നടന്ന കുടിയേറ്റത്തിന്റെ മോശമായ അവസ്ഥയും കേന്ദ്ര മന്ത്രി ഓര്‍ക്കണമെന്ന് ഫൈസി പറഞ്ഞു. ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനു മുമ്പു തന്നെ 2016 ലെ അസം നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് അസമിലെ ബംഗാളി സംസാരിക്കുന്ന ഹിന്ദുക്കളെ സ്വാധീനിക്കുന്നതിന് ഗസറ്റില്‍ പരസ്യം ചെയ്യുകയായിരുന്നു. അപ്പോള്‍ തന്നെ ബംഗാളി ഹിന്ദുക്കളുള്‍പ്പെടെ അതിനെ എതിര്‍ത്തിരുന്നു. അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളായ ഹിന്ദു, സിക്ക്, ജൈന, ബുദ്ധ, ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുന്ന ബില്‍ മ്യാന്‍മറിലും ശ്രീലങ്കയിലും പീഡിപ്പിക്കപ്പെടുന്ന മുസ്്‌ലിം ന്യൂനപക്ഷങ്ങളെ അവഗണിക്കുന്നു. ലോകത്ത് ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷ ജനത മ്യാന്‍മറിലെ മുസ്്‌ലിംകളാണെന്ന് ഐക്യരാഷ്ട്രസഭ പോലും വ്യക്തമാക്കിയിട്ട് അവര്‍ക്ക് പൗരത്വം നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് ഫൈസി ചോദിച്ചു. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനതയോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന നീതിരഹിതവും വംശീയവുമായ സമീപനത്തിന് മികച്ച ഉദാഹരണമാണിത്.
അസമിലെയും വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെയും കുടിയേറ്റ പ്രശ്‌നം പരിഹരിക്കുന്നതിന് ഏക പോംവഴി അസം അക്കോര്‍ഡ് 2015 നടപ്പാക്കുക മാത്രമാണ്. മറിച്ച്, പ്രദേശത്തിന്റെ സാംസ്കാരികവും മതപരവും ഭാഷാപരവുമായ വൈവിധ്യങ്ങളെ മാറ്റിമറിക്കാനുള്ള ഏതൊരു ശ്രമവും രാജ്യത്തിന്റെ തന്നെ ഐക്യത്തിനും അഖണ്ഡതയ്ക്കും സുരക്ഷിതത്വത്തിനും ഭീഷണിയാവാനേ ഉപകരിക്കൂ. സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണമില്ലാത്തതും സാമുദായികവുമായ ഫാസിസ്റ്റു മനോഭാവം എരിതീയില്‍ എണ്ണ ഒഴിക്കാന്‍ ഇടയാക്കുമെന്ന് വ്യക്തമാക്കുന്നതാണ് പ്രദേശത്തുയരുന്ന വ്യാപകമായ പ്രതിഷേധവും രാഷ്ട്രീയ ധ്രുവീകരണവുമെന്ന് ഫൈസി പറഞ്ഞു. എന്തടിസ്ഥാനത്തിലാണ് വിശദമായ ചര്‍ച്ച അനിവാര്യമായ ബില്‍ കാലാവധി തീരുന്ന വേളയില്‍ പാസാക്കാന്‍ സര്‍ക്കാര്‍ തിടുക്കപ്പെടുന്നതെന്നും ഫൈസി ചോദിച്ചു. രാജ്യത്തെ പൗരന്മാരെ എങ്ങനെ ബാധിക്കുമെന്നത് പരിഗണിക്കാതെ കേവലം വോട്ട് ബാങ്ക് മാത്രമാണ് ലക്ഷ്യം െവയ്ക്കുന്നത്. കൂടാതെ ബില്‍ ചില പ്രത്യേക കുടിയേറ്റക്കാരെ പ്രീണിപ്പിക്കാന്‍ കൂടിയാണ്. ഭൂരിഭാഗം ജോയന്റ് പാര്‍ലമെന്റ് കമ്മിറ്റി അംഗങ്ങളും ബില്ലിനെ എതിര്‍ക്കുകയും ബില്ലിലെ മതപരമായ മാനദണ്ഡം ഒഴിവാക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ബില്‍ പാസാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം തികഞ്ഞ ഏകാധിപത്യ പ്രവണതയും ജനാധിപത്യ വിരുദ്ധവുമാണ്. ദേശീയ പൗരത്വ രജിസ്റ്റര്‍ പൂര്‍ത്തിയാവുന്നതുവരെ ബില്‍ മാറ്റിവെയ്ക്കണമെന്നും ഫൈസി ആവശ്യപ്പെട്ടു. അസം അക്കോര്‍ഡ് 2015 ലെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം പൗരത്വ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.