കൊണ്ടോട്ടി - വിമാന ഇന്ധന വാറ്റ് കണ്ണൂർ വിമാനത്താവളത്തിന് മാത്രം ഇളവ് നൽകിയത് കരിപ്പൂർ വിമാനത്താവളത്തിന് തിരിച്ചടിയാകുന്നു. ആഭ്യന്തര സെക്ടറിൽ വിമാന ഇന്ധനത്തിന് 28 ശതമാനം വാറ്റ് ഈടാക്കുമ്പോൾ കണ്ണൂരിൽ നിന്ന് ഒരു ശതമാനമണ് പത്ത് വർഷത്തേക്ക് ഈടാക്കാൻ സർക്കാർ ഉത്തരവിറക്കിയത്. ഇതോടെ കരിപ്പൂരിൽ ആഭ്യന്തര വിമാനങ്ങൾക്ക് കനത്ത തിരിച്ചടിയായി.
കരിപ്പൂരിൽ നിന്നുളള സ്‌പൈസ് ജെറ്റ് ബാംഗ്ലൂർ, ഹൈദരാബാദ്, ചെന്നൈ വിമാനം ഇതോടെ സർവീസ് കണ്ണൂരിലേക്ക് മാറ്റി. ആഭ്യന്തര സെക്ടറിലെ മറ്റു ചില വിമാന കമ്പനികളും സർവീസ് വെട്ടിക്കുറക്കാനിരിക്കുകയാണ്. എന്നാൽ യാത്രക്കാരുളളതിനാൽ സർവ്വീസ് പൂർണമായും ഉപേക്ഷിക്കുന്നില്ല.
അതിനിടെ ഗൾഫ് സെക്ടറിൽ യാത്ര ടിക്കറ്റ് നിരക്കിലെ വ്യത്യാസം കരിപ്പൂരിന് ആശ്വാസമാവുകയാണ്. കരിപ്പൂർ വിമാനത്താളത്തേക്കാളും ടിക്കറ്റ് നിരക്ക് കൂടുതലാണ് കണ്ണൂരിൽ. ആയതിനാൽ കണ്ണൂർ തുറന്നിട്ടും കരിപ്പൂരിൽ യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ല. കരിപ്പൂരിൽ നിന്ന് ദുബായിലേക്ക് ഫ്‌ളൈ ദുബായ് സർവീസ് ഫെബ്രുവരിയിൽ ആരംഭിക്കാനിരിക്കുകയാണ്.