തൊടുപുഴ- തണുപ്പ് ആസ്വദിക്കാന്‍ മൂന്നാറിലേക്ക് സന്ദര്‍ശക പ്രവാഹം. തെക്കിന്റെ കശ്മീരെന്ന് വിളിക്കുന്ന മൂന്നാറില്‍ ഇതാദ്യമായാണ് കൊടുംതണുപ്പ് നീണ്ടുനില്‍ക്കുന്നത്. തുടര്‍ച്ചയായ എട്ടാം ദിവസവും മൂന്നാറിലെ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിനു താഴെയായിരുന്നു. തേയിലത്തോട്ടങ്ങളില്‍ ഇത് മൈനസ് രണ്ടുവരെ എത്തി.
കാല്‍ നൂറ്റാണ്ടിനു ശേഷം ആദ്യമായാണു മൂന്നാറില്‍ ഒരാഴ്ചയിലധികം തുടര്‍ച്ചയായ ദിവസങ്ങളില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിനു താഴെയെത്തുന്നത്. വിദേശികളും ഉത്തരേന്ത്യന്‍ സന്ദര്‍ശകരുമാണ് കൂടുതലുള്ളത്. ദിവസം 6000 പേരെങ്കിലും എത്തുന്നുണ്ടെന്ന് ടൂറിസം വകുപ്പ് കണക്കാക്കുന്നു.
അടുത്ത മാസം പകുതി വരെ തണുപ്പു കാലം നീണ്ടു നില്‍ക്കും. തണുപ്പ് ആസ്വദിക്കാനെത്തുന്നവര്‍ മാട്ടുപ്പെട്ടി, ടോപ്പ് സ്റ്റേഷന്‍, രാജമല, വട്ടവട, മറയൂര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചാണ് മടങ്ങുന്നത്.