ചന്ദ്രന്റെ മറുവശത്ത് ആദ്യമായി പര്യവേക്ഷണ വാഹനമിറക്കി ചൈന. ചൈനയുടെ ചാങ്4 വാഹനമാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ എയ്ത്‌കെന്‍ ബേസില്‍ ഇറങ്ങി ചരിത്രം ശൃഷ്ടിച്ചിരിക്കുന്നത്. ബഹിരാകാശ ഗവേഷണ രംഗത്ത് ആധിപത്യമുറപ്പിക്കാന്‍ ശ്രമിക്കുന്ന ചൈനയ്ക്ക് ഒരു നാഴികക്കല്ലാണ് ഈ നേട്ടം. ബിജിങ് സമയം വ്യാഴാഴ്ച രാവിലെ 10.26 ഓടെയാണ് ചാങ്4 ദക്ഷിണധ്രുവത്തിലിറങ്ങിയത്.
സോവിയറ്റ് യൂണിയനും അമേരിക്കയ്ക്കും ശേഷം 2013ല്‍ ചൈനയും ഒരു വാഹനം ചന്ദ്രനിലിറക്കിയിരുന്നു. എന്നാല്‍ ഇത് ആദ്യമായാണ് ഭൂമിയില്‍ നിന്നും കാണുന്ന ചന്ദ്രന്റെ മറുഭാഗത്ത് ഒരു പേടകം ഇറക്കുന്നത്.
അതേസമയം ചാങ്4 ചന്ദ്രനില്‍ ഇറങ്ങിയത് സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങളും നിലനില്‍ക്കുന്നുണ്ട്. റോബോട്ടിക്ക് വാഹനം വിജയകരമായി ചന്ദ്രനിലിറങ്ങിയെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ആദ്യ ട്വീറ്റുകള്‍ ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിജിടിഎന്‍ചാനലും ചൈന ഡെയ്‌ലിയും നീക്കം ചെയ്തിരുന്നു.
പിന്നീടാണ് ഇക്കാര്യം സ്ഥിരീകരിച്ച് വീണ്ടും അറിയിപ്പുണ്ടായത്. ട്വീറ്റുകള്‍ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് ഇതുവരെ വിശദീകരണമൊന്നും ലഭിച്ചിട്ടില്ല. ചൈനയുടെ വരാനിരിക്കുന്ന ചാന്ദ്ര പര്യവേക്ഷണ പദ്ധതികളില്‍ ഒന്നാണ് ചാങ് 4 പദ്ധതി.