വിദേശത്തേക്കുള്ള പണമൊഴുക്ക് കുറക്കും
റിയാദ്- ഗ്രാമപ്രദേശങ്ങളിലെ ബഖാലകളിൽ സൗദിവത്കരണം ഉടൻ നടപ്പാക്കാനാകില്ലെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. തുടക്കത്തിൽ നൂറു ശതമാനം സൗദിവൽക്കരണം പ്രായോഗികമല്ലെന്നും ഘട്ടം ഘട്ടമായി മാത്രമേ നടപ്പാക്കാനാകൂവെന്നുമാണ് അഭിപ്രായം.
ഗ്രാമപ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി ചെറിയ ബഖാലകളുണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ തുടക്കത്തിൽ തന്നെ സൗദിവൽക്കരണം സാധ്യമാകില്ല.
ബഖാല മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിലൂടെ വിദേശികൾ പണം അയക്കുന്നതിന്റെ തോത് കുറക്കാൻ സഹായിക്കുമെന്നും
സൗദിവൽക്കരണം വിജയകരമായി നടപ്പാക്കുമെന്ന് ഉറപ്പാക്കാൻ ഏതാനും വ്യവസ്ഥകൾ ബാധകമാക്കുമെന്നും റിപ്പോർട്ടുണ്ട്.
മലയാളം ന്യൂസ് വാര്‍ത്തകളും വിശകലനങ്ങളും വാട്സാപ്പില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ബഖാല മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിലൂടെ ചുരുങ്ങിയത് 35,000 സൗദി യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭിക്കുമെന്ന് വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അൽഖസബി വ്യക്തമാക്കി. ഇ-പെയ്മെന്റ് ഇടപാടുകൾക്ക് ബഖാലകളെ നിർബന്ധിക്കൽ, ബഖാലകളിലെ ജോലികൾക്ക് സൗദി യുവാക്കളെ പ്രാപ്തരാക്കി മാറ്റൽ അടക്കമുള്ള ഏതാനും നടപടികൾ സൗദിവൽക്കരണം നടപ്പാക്കുന്നതിനു മുമ്പായി സ്വീകരിക്കൽ ആവശ്യമാണെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു.
ബഖാലകളിൽ ജോലി ചെയ്യുന്ന വിദേശികൾ പ്രതിവർഷം 600 കോടിയിലേറെ റിയാൽ നിയമാനുസൃത മാർഗങ്ങളിലൂടെ സ്വദേശങ്ങളിലേക്ക് അയക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധൻ ലുഅയ് ത്വയ്യാർ പറഞ്ഞു. ഈ തുക പ്രാദേശികമായി പ്രയോജനപ്പെടുത്താൻ സാധിക്കും. ബഖാലകളിൽ 1,60,000 ത്തിലേറെ വിദേശികൾ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. തുടക്കത്തിൽ നിശ്ചിത ശതമാനം സൗദിവൽക്കരണം നിർബന്ധമാക്കുന്നതാണ് അഭികാമ്യം. കാലക്രമേണ 100 ശതമാനം സൗദിവൽക്കരണം നടപ്പാക്കാവുന്നതാണെന്നും ലുഅയ് ത്വയ്യാർ പറഞ്ഞു.
ബഖാല മേഖലയിൽ നിരവധി തൊഴിലവസരങ്ങളുണ്ടെന്ന് സാമ്പത്തിക വിദഗ്ധൻ മുഹമ്മദ് അബ്ദുൽ ഹകീം പറഞ്ഞു. ബഖാലകളിൽ ലാഭ സാധ്യത കൂടുതലാണ്. സ്വന്തം നിലക്ക് ബഖാലകൾ ആരംഭിക്കുന്നത് സൗദി പൗരന്മാരെ സംബന്ധിച്ചിടത്തോളം ദുഷ്കരമല്ല. ഇതിന് വലിയ നൈപുണ്യവും ആവശ്യമില്ല. ജോലിയിൽ ആത്മാർഥത കാണിക്കുകയും ഉപയോക്താക്കൾക്ക് ആവശ്യമുള്ള ഉൽപന്നങ്ങൾ ലഭ്യമാക്കുകയും ഉൽപന്നങ്ങളുടെ ഉപയോഗ കാലാവധി പതിവായി പരിശോധിച്ച് ഉറപ്പു വരുത്തുകയും മാത്രമാണ് വേണ്ടതെന്നും മുഹമ്മദ് അബ്ദുൽ ഹകീം പറഞ്ഞു.
ബഖാല സൗദിവൽക്കരണത്തിലൂടെ നിരവധി സൗദികൾക്ക് തൊഴിലവസരങ്ങൾ ലഭിക്കുമെന്ന് സാമൂഹിക വിദഗ്ധൻ അബ്ദുറഹ്മാൻ അൽശഹ്റാനി പറഞ്ഞു. വിദേശികളെ അപേക്ഷിച്ച് സ്വന്തം നാട്ടുകാരിൽ നിന്ന് ഉൽപന്നങ്ങൾ വാങ്ങുന്നതിന് മുൻഗണന നൽകുന്നതാണ് സൗദി സമൂഹത്തിന്റെ സംസ്കാരം. സൗദിവൽക്കരണത്തിന് അനുയോജ്യമായ പശ്ചാത്തലം ഒരുക്കുന്നതിനും ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കുന്നതിനും ഓൺലൈൻ പെയ്മെന്റ് (പോയന്റ് ഓഫ് സെയിൽ) സംവിധാനം ഏർപ്പെടുത്തുന്നതിന് ബഖാലകളെ നിർബന്ധിക്കണമെന്നും അബ്ദുറഹ്മാൻ അൽശഹ്റാനി ആവശ്യപ്പെട്ടു.