ബംഗളൂരു- തന്റെ പാർട്ടി പ്രവർത്തകനെ കൊന്നവരെ ഒരു ദയയുമില്ലാതെ കൊന്നുകളയാൻ പറഞ്ഞ കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി വിവാദത്തിൽ. മുഖ്യമന്ത്രി മൊബൈൽ ഫോണിൽ ഇങ്ങനെ പറയുന്നത് പ്രാദേശിക ചാനലുകൾ ശബ്ദം സഹിതം റിപ്പോർട്ട് ചെയ്തതോടെ കുമാരസ്വാമി പ്രതിരോധത്തിലായി. ഏതോ പോലീസ് ഓഫീസറോടാണ് മുഖ്യമന്ത്രി ഇങ്ങനെ ആവശ്യപ്പെട്ടതെന്നാണ് സൂചന. എന്നാൽ അത് ഉത്തരവായിരുന്നില്ലെന്നും, പെട്ടെന്നുള്ള ദേഷ്യത്തിന് പറഞ്ഞു പോയതാണെന്നുമാണ് കുമാരസ്വാമിയുടെ വിശദീകരണം.
മാണ്ഡ്യയിലെ പ്രാദേശിക ജനതാദൾ-എസ് നേതാവ് പ്രകാശിനെ കൊന്ന വിവരമറിഞ്ഞപ്പോഴായിരുന്നു ക്രുദ്ധനായി കുമാരസ്വാമിയുടെ പ്രതികരണം. 'പ്രകാശ് നല്ലവനായിരുന്നു. അയാളെ ആരാണ് കൊന്നതെന്നറിയില്ല. അവന്മാരെ ഒരു ദയയുമില്ലാതെ കൊന്നേക്കുക, ഒന്നും വരാൻ പോകുന്നില്ല' എന്നായിരുന്നു മുഖ്യമന്ത്രി ഫോണിൽ പറഞ്ഞത്.
ഇന്നലെ വൈകുന്നേരം നാലരയോടെയാണ് പ്രകാശ് കൊല്ലപ്പെടുന്നത്. ബൈക്കിലെത്തിയ അക്രമികൾ പ്രകാശിന്റെ കാർ പിന്തുടരുകയും തടഞ്ഞുനിർത്തിയ ശേഷം പിടിച്ചിറക്കി വെട്ടിക്കൊല്ലുകയുമായിരുന്നു. തുടർന്ന് അക്രമികൾ രക്ഷപ്പെടുകയും ചെയ്തു. രക്തത്തിൽ കുളിച്ചു കിടന്ന പ്രകാശിനെ മാണ്ഡ്യയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
ഈ വിവരം അറിഞ്ഞപ്പോഴായിരുന്നു കുമാരസ്വാമി കോപാകുലനായതും കൊലപാതകികളെ വധിക്കാൻ ആവശ്യപ്പെട്ടതും. എന്നാൽ സംഭവം വിവാദമായതോടെ അദ്ദേഹം നിലപാട് മാറ്റി.
തനിക്ക് അറിയാവുന്ന ഒരു പാർട്ടി നേതാവ് കൊല്ലപ്പെട്ടത് അറിഞ്ഞപ്പോൾ പെട്ടെന്നുണ്ടായ വികാരമാണതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ രണ്ട് പേരെ കൊന്നവരാണ് ഈ കേസിലെ പ്രതികൾ. അവർ ജയിലിലായിരുന്നു. ഇപ്പോൾ വീണ്ടും ഒരാളെക്കൂടി കൊന്നിരിക്കുന്നു -കുമാരസ്വാമി പറഞ്ഞു. മുഖ്യമന്ത്രിയെ ന്യായീകരിച്ച് ജെ.ഡി.എസ് നേതാക്കളും രംഗത്തെത്തി.