ആഗോള ഓഹരി വിപണികളിൽ വാരാന്ത്യം അലയടിച്ച വിൽപ്പന സമ്മർദ്ദത്തിൽനിന്ന് നിക്ഷേപകർക്ക് ഇനിയും മോചനം നേടാനായില്ല. അമേരിക്ക പലിശ നിരക്കിൽ വരുത്തിയ വർധനവാണ് ഫണ്ടുകളെ ഏഷ്യൻ യൂറോപ്യൻ വിപണികളിലും യു.എസിലും വിൽപ്പനക്കാരാക്കിയത്. പ്രതികൂല വാർത്തകളിൽ ഇന്ത്യൻ മാർക്കറ്റും തകർന്ന് അടിഞ്ഞു.
വർഷാന്ത്യ വ്യാപാരത്തിനുള്ള ഒരുക്കത്തിലാണ് വിപണിയിപ്പോൾ. ക്രിസ്തുമസ് അവധി മൂലം ഇടപാടുകൾ നാല് ദിവസങ്ങളിൽ ഒതുങ്ങും. ഡെറിവേറ്റീവ് മാർക്കറ്റിൽ ഡിസംബർ സീരീസ് സെറ്റിൽമെൻറ് വ്യാഴാഴ്ച്ചയാണ്. അതിനു മുന്നിൽ കേവലം രണ്ട് പ്രവൃത്തി ദിനങ്ങൾ മാത്രം. മുൻവാരം സൂചിപ്പിച്ചതാണ് വൻ ചാഞ്ചാട്ടങ്ങൾക്ക് ഇടയുണ്ടെന്ന കാര്യം.
കഴിഞ്ഞവാരം നിഫ്റ്റിക്ക് സൂചിപ്പിച്ച പ്രതിരോധമായ 10,982 പോയിൻറിൽ സൂചിക വന്ന് ഇടിച്ച ശേഷം ഒരു പോയിൻറ് പോലും ഉയരാനാവാതെ തളർച്ചയിലേക്ക് നീങ്ങി. വാരാന്ത്യം നിഫ്റ്റി 10,738 വരെ ഇടിഞ്ഞു. മാർക്കറ്റ് ക്ലോസിങ് നടക്കുമ്പോൾ സൂചിക 10,754 പോയിൻറിലാണ്. വാരാരംഭത്തിലെ 10,805 പോയിൻറുമായി വിലയിരുത്തിയാൽ 63 പോയിൻറ് നഷ്ടത്തിലാണ് നിഫ്റ്റി.
ഈ വാരം സൂചികക്ക് ആദ്യ താങ്ങ് 10,667 ലാണ്. ഇത് നിലനിർത്തി 10,911 ലേയ്ക്ക് ഉയരാൻ ശ്രമം നടത്താം. ഈ പ്രതിരോധം തകർക്കാനായാൽ 11,068 ലേക്ക് വർഷാന്ത്യം ഉയരാമെങ്കിലും സെറ്റിൽമെന്റ് അടുത്തതും ഒരു അവധി ദിനവും മുന്നേറ്റത്തെ തടയാം. അതേ സമയം ആദ്യ താങ്ങായ 10,667 ൽ പിടിച്ചു നിൽക്കാനായില്ലെങ്കിൽ സൂചിക 10,580 ലേക്ക് പരീക്ഷണങ്ങൾ നടത്താം. ദീർഘകാല ചാർട്ടിന്റെ ചലനങ്ങൾ പരിശോധിച്ചാൽ 10,100 ലേക്ക് നിഫ്റ്റി പരീക്ഷണങ്ങൾക്ക് തുനിയാൽ ഇടയുണ്ട്. അത്തരം ഒരു തിരുത്തലിന് അവസരം ലഭ്യമായാൽ ജനുവരി രണ്ടാം പകുതിയിൽ ഒരു ബുൾ തരംഗം ഉടലെടുക്കാം.
35,963 ൽ ഓപ്പൺ ചെയ്ത ബോംബെ സെൻസെക്‌സ് തുടക്കത്തിൽ പ്രതീക്ഷിച്ച പോലെ തന്നെ മുന്നേറിയെങ്കിലും കഴിഞ്ഞ വാരം ഇതേ കോളത്തിൽ സൂചിപ്പിച്ച 36,553 ലെ പ്രതിരോധത്തിന് അഞ്ച് പോയിന്റ് അകലെ 36,548 വരെ ഉയരാനായുള്ളു. ഈ റേഞ്ചിൽ നിന്നുള്ള തളർച്ചയിൽ വാരാന്ത്യ ദിനം സെൻസെക്‌സ് 35,694 വരെ ഇടിഞ്ഞശേഷം 35,754 ൽ ക്ലോസിങ് നടന്നു. ഡെയ്‌ലി ചാർട്ടിൽ 35,070 ൽ സപ്പോർട്ടുണ്ട്. ഈ വാരം ആദ്യ പ്രതിരോധം 36,295 ലാണ്. ഇത് മറികടക്കാനായാൽ 36,848 ലേക്ക് ഉയരാം. എന്നാൽ വിപണിയെ ഒരിക്കൽ കൂടി വിൽപ്പനക്കാർ അമ്മാനമാടിയാൽ 35,441 ലേയ്ക്കും 35,140 ലേയ്ക്കും സാങ്കേതിക തിരുത്തൽ നടത്താം.
വാരാന്ത്യം വിപണിയിൽ അനുഭവപ്പെട്ട വിൽപ്പന സമ്മർദ്ദത്തിൽ 2.26 ലക്ഷം കോടിയുടെ നിക്ഷേപം നഷ്ടപ്പെട്ടു. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 1,45,56,433 കോടി രൂപയിൽ നിന്ന് 1,43,30,309 കോടി രൂപയായി കുറഞ്ഞു.
ജിഎസ്എം ക്യാപ്പിറ്റൽ അഡൈ്വസേഴ്‌സ് 18.08 ശതമാനവും ജെന്ദുവാലസ് ഫുഡ്‌സ് 17.99 ശതമാനവും, തുളസി 9.98 ശതമാനവും നെറ്റ്പ്രിഡ്‌സ് സോഫ്റ്റ്‌വെയർ 9.91 ശതമാനവും അമീൻ ടാനറി 9.23 ശതമാനവും വെളളിയാഴ്ച്ച ഇടിഞ്ഞു. യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയതോടെ ആഭ്യന്തര വിദേശ ഫണ്ടുകൾ ഇന്ത്യൻ മാർക്കറ്റിലും വൻതോതിൽ ഓഹരികൾ വിറ്റഴിച്ചു. രൂപയുടെ വിനിമയ നിരക്കിൽ ശക്തമായ ചാഞ്ചാട്ടം ദൃശ്യമായി. വിനിമയ മൂല്യം 71.90 ൽനിന്ന് 69.73 വരെ ശക്തിപ്രാപിച്ച ശേഷം 71.14 ൽ വ്യാപാരം അവസാനിച്ചു.
ആഗോള ക്രൂഡ് ഓയിൽ ഉൽപാദനം കുറക്കുമെന്ന പ്രഖ്യാനങ്ങൾക്ക് ശേഷവും രാജ്യാന്തര വിപണിയിൽ എണ്ണ വില താഴ്ന്നു. ബാരലിന് 51.23 ഡോളറിൽ ട്രേഡിങ് തുടങ്ങിയ ക്രൂഡ് വാരാന്ത്യം 45.40 ഡോളറിലാണ്. 39.69 ഡോളറിൽ ക്രൂഡിന് സപ്പോർട്ടുണ്ട്.
ജപ്പാനിസ് ഇൻഡക്‌സായ നിക്കീ സൂചികയിൽ അലയടിച്ച വിൽപ്പന തരംഗം ഏഷ്യൻ മാർക്കറ്റുകളെ മൊത്തത്തിൽ വാരാന്ത്യം വിൽപ്പനക്കാരുടെ നിയന്ത്രണത്തിലാക്കി. ഹോങ്ങ്‌കോങ്, കൊറിയൻ മാർക്കറ്റുകൾ ഒഴിച്ച് മറ്റ് എല്ലാം വിപണികളും തളർച്ചയിലാണ്. യൂറോപ്യൻ മാർക്കറ്റുകൾ പ്രതിവാര നഷ്ടത്തിലാണെങ്കിലും വാരാന്ത്യം അൽപ്പം നേട്ടം കാണിച്ചു. അമേരിക്കയിൽ പലിശ നിരക്ക് ഉയർത്തിക്കൊണ്ടുള്ള ഫെഡ് റിസർവ് പ്രഖ്യാപനം ലോക വിപണിയിൽ തന്നെ വൻ പിരിമുറുക്കം സൃഷ്ടിച്ചു.
ഡോളർ മൂല്യത്തിലുണ്ടായ വ്യതിയാനങ്ങളും വളർച്ച മുരടിക്കുമെന്ന വിലയിരുത്തലുകളും ഫണ്ടുകളെ അവരുടെ നിക്ഷേപം മഞ്ഞലോഹത്തിലേക്ക് തിരിക്കാൻ പ്രേരിപ്പിച്ചു. ട്രോയ് ഔൺസിന് 1238 ഡോളറിൽ ഇടപാടുകൾ തുടങ്ങിയ സ്വർണം വാരാന്ത്യം 1267 ഡോളർ വരെ കയറിയ ശേഷം 1255 ൽ ക്ലോസിങ് നടന്നു. വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ അടുത്ത വർഷം സ്വർണം 1350 ഡോളറിന് മുകളിൽ ഇടം കണ്ടെത്താം.