റിയാദ്- സൗദി തൊഴിൽ വിപണിയിൽ കൂടുതൽ സ്വദേശി വനിതകൾക്ക് തൊഴിൽ അവസരം ലഭ്യമാക്കുന്നതിന്റെ ഭാഗമായി മാനവ വിഭവ ശേഷി വികസന നിധി (ഹദഫ്) ദേശീയ തലത്തിൽ മാതൃകാ തൊഴിൽ പരിശീലന കേന്ദ്രം സ്ഥാപിക്കുന്നു. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം, ദേശീയ എണ്ണക്കമ്പനിയായ സൗദി അറാംകോ, ദേശീയ സാങ്കേതിക തൊഴിൽ പരിശീലന കേന്ദ്രം എന്നിവയുമായി സഹകരിച്ചാണ് പരിശീലന കേന്ദ്രം സ്ഥാപിക്കുന്നത്. സൗദി തൊഴിൽ വിപണിക്ക് ആവശ്യമായ യോഗ്യരായ വനിതാ ഉദ്യോഗാർഥികളെ വാർത്തെടുക്കുകയാണ് സ്ഥാപനം വഴി ലക്ഷ്യമിടുന്നത്.
തൊഴിൽ മന്ത്രാലയം, ദേശീയ സാങ്കേതിക, തൊഴിൽ പരിശീലന കേന്ദ്രം, സൗദി അറാംകോ എന്നിവയുമായി ഇതു സംബന്ധിച്ച് ഹദഫ് ധാരണയിലെത്തി. കരാർ പ്രകാരം ഉദ്യോഗാർഥിനികളുടെ പരിശീലനത്തിനും അധ്യാപികമാരുടെ വേതനത്തിനുമുള്ള ചെലവുകൾ മുഴുവൻ ഹദഫ് വഹിക്കും. സമഗ്ര സാമ്പത്തിക പരിഷ്‌കരണ പദ്ധതിയായ വിഷൻ 2030 ഉം അതിന്റെ ഭാഗമായ ദേശീയ പരിവർത്തന പദ്ധതിയും സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായാണ് അക്കാദമി സ്ഥാപിക്കുന്നതെന്ന് ഹദഫ് വൃത്തങ്ങൾ വെളിപ്പെടുത്തി. വരുംതലമുറയുടെ നൈപുണി വികസിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ, പരിശീലന കേന്ദ്രത്തിന്റെ നടത്തിപ്പിന് ആവശ്യമായ സാങ്കേതിക, സാമ്പത്തിക, കൃത്യനിർവഹണ മേഖലകളിലെ പിന്തുണ ഉറപ്പാക്കി പദ്ധതിയുമായി മറ്റു വകുപ്പുകൾ സഹകരിക്കും. തൊഴിൽ പരിശീലന കേന്ദ്രത്തിന് സാങ്കേതിക സഹായങ്ങളും വിദഗ്‌ധോപദേശങ്ങളും നൽകുമെന്ന് സൗദി അറാംകോ വ്യക്തമാക്കി. തൊഴിൽ വിപണിയിലെ അവസരങ്ങളെ കുറിച്ചും ഓരോ മേഖലകളിലും ആവശ്യമായ സ്വദേശി പ്രാതിനിധ്യം സംബന്ധിച്ചുമുള്ള കൃത്യമായ വിവരണം തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ലഭ്യമാക്കും. വൈകാതെ സ്ഥാപിതമാകുന്ന മാതൃകാ പരിശീലന കേന്ദ്രത്തിൽ ആവശ്യമായ തൊഴിൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കുകയാണ് ദേശീയ സാങ്കേതിക തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ ഉത്തരവാദിത്തം. കൂടാതെ, അക്കാദമിക്ക് കീഴിൽ സ്ഥാപിക്കുന്ന കോളേജുകളിലെയും സ്ഥാപനങ്ങളിലെയും അറ്റകുറ്റപ്പണികൾക്കും നടത്തിപ്പിനും ബന്ധപ്പെട്ട തൊഴിൽ പരിശീലന കേന്ദ്രങ്ങളുമായി ഏകോപനം നടത്തി ദേശീയ തൊഴിൽ പരിശീലന കേന്ദ്രം മേൽനോട്ടം വഹിക്കും.
സ്വദേശി ഉദ്യോഗാർഥിനികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടുന്നതിനും തൊഴിൽ പരിശീലന കേന്ദ്രത്തിൽ അവസരം ഒരുക്കും. സൗദി വിപണിക്ക് അത്യാവശ്യമായി വരുന്ന തൊഴിലുകൾക്ക് മുൻഗണന നൽകിയായിരിക്കും പരിശീലന കോഴ്‌സുകൾ നടപ്പാക്കുകയെന്നും ഹദഫ് വൃത്തങ്ങൾ സൂചിപ്പിച്ചു. സെക്കണ്ടറി സ്‌കൂൾ സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ ഏതെങ്കിലും യൂനിവേഴ്‌സിറ്റിയുടെയോ പ്രൊഫഷണൽ സ്ഥാപനങ്ങളുടെയോ സർട്ടിഫിക്കറ്റ് നേടിയ സ്വദേശി വനിതകൾക്കാണ് ദേശീയ തൊഴിൽ പരിശീലന കേന്ദ്രത്തിൽ പ്രവേശനം സാധ്യമാവുക.