കോട്ടയം- സിസ്റ്റർ അമലയെ കൊലപ്പെടുത്തിയ കേസിൽ വിധി പ്രസ്താവത്തിനായി ചേർന്ന കോടതിയിൽ താൻ നിരപരാധിയാണെന്നും ശിക്ഷിച്ചാൽ സത്യാവസ്ഥ പുറത്തുവരും വരെ ജയിലിൽ നിരാഹാരമിരിക്കുമെന്നും പ്രതിയുടെ അപ്രതീക്ഷിത ബോധിപ്പിക്കൽ. പ്രതിക്ക് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ എന്ന പാലാ അഡീഷണൽ സെഷൻസ്് കോടതി ആരാഞ്ഞപ്പോഴാണ്് പ്രതി സതീഷ് ബാബു ഇങ്ങനെ പറഞ്ഞത്്. പ്രതി കുറ്റക്കാരനാണെന്ന്് കണ്ടെത്തിയ കോടതി, വിധി വ്യാഴാഴ്ച പ്രസ്താവിക്കും. കേസ് അന്വേഷണത്തിനിടയിൽ ആലുവ കൂട്ടക്കൊലകേസ്് പോലെ പ്രതിയെക്കുറിച്ച്് ഏറെ വിവാദം ഉയർന്നിരുന്നു.
പാലാ ലിസ്യൂ കാർമലെറ്റ് കോൺവെന്റിലെ സിസ്റ്റർ അമല(69)യെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി നേരത്തെ വിധിച്ചു. ഐ.പി.സി 302 (കൊലപാതകം), 376(ബലാത്സംഗം), 457(ഭവന ഭേദനം) എന്നീ വകുപ്പുകളിൽ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി വിധി പറയും. 2015 സെപ്റ്റംബർ 16 ന് അർധരാത്രിയാണ് സിസ്റ്റർ അമല കൊല ചെയ്യപ്പെട്ടത്. മഠത്തിൽ അതിക്രമിച്ചു കയറിയ പ്രതി കാസർകോട് സ്വദേശി മെഴുവാ തട്ടുങ്കൽ സതീഷ് ബാബു (സതീഷ് നായർ-38) കൈക്കോടാലി ഉപയോഗിച്ച് സിസ്റ്റർ അമലയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. നിലവിൽ മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ഇയാൾ ജയിലിലാണ്. അറുപത്തിയഞ്ച് സാക്ഷികളെ വിസ്തരിച്ച കേസിൽ 87 പ്രമാണങ്ങളും 24 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിരുന്നു.
പാലാ അഡീഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുന്നത്. പുറത്തു നിന്നുള്ളവരെ പ്രവേശിപ്പിക്കാതെയായിരുന്നു വിചാരണ. 2015ൽ ഭരണങ്ങാനം അസീസി സ്‌നേഹഭവനിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ കേസിലാണ് സതീഷ് ബാബുവിനെ അഞ്ചു മാസം മുമ്പ് പാലാ കോടതി ആറു വർഷം കഠിന തടവിന് ശിക്ഷിച്ചത്. ഭരണങ്ങാനം മഠത്തിൽ നിന്നും മോഷ്ടിച്ച മൈബൈൽ ഫോണാണ് പ്രതി ഉപയോഗിച്ചിരുന്നത്. അന്നത്തെ പാലാ ഡിവൈ.എസ്.പി സുനീഷ് ബാബു, സി.ഐ ബാബു സെബാസ്റ്റ്യൻ എന്നിവരാണ്് കേസ് അന്വേഷിച്ചത്. പാലായിലെ സംഭവത്തിനു ശേഷം കവിയൂർ, കുറുപ്പന്തറ, കുറവിലങ്ങാട്, എറണാകുളം എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ സതീഷ് ബാബു ഒടുവിൽ ഫോൺ ഉപേക്ഷിച്ച് ഉന്തരേന്ത്യയിലേക്ക് കടന്നു. പിന്നീട് കേരള പോലീസിന്റെ ആവശ്യപ്രകാരം പ്രതിയെ ഹരിദ്വാറിലെ ആശ്രമത്തിൽ നിന്ന് ഉത്തരാഖണ്ഡ് പോലീസ് പിടികൂടി കൈമാറുകയായിരുന്നു.
പ്രതിക്കെതിരേ ചേറ്റുതോട്, ഭരണങ്ങാനം, കൂത്താട്ടുകുളം, വടകര, പൈക തുടങ്ങിയ വിവിധ മഠങ്ങൾക്കു നേരെ നടന്ന ആക്രമണക്കേസുകൾ ഉൾപ്പെടെ 21 കേസുകളുണ്ട്. ഇവയിൽ മിക്കവയും തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു. മറ്റൊരു കൊലപാതക കേസും കൊലപാതക ശ്രമക്കേസും പ്രതിയ്‌ക്കെതിരേയുണ്ട്. ഇതിന്റെ വിചാരണ നടപടികൾ പാലാ കോടതിയിൽ പുരോഗമിക്കുകയാണ്. 2015 ഏപ്രിൽ 17 ന് ചേറ്റുതോട് മഠത്തിലെ മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ട സിസ്റ്റർ ജോസ് മരിയ(81)യുടെ മരണവും കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. പാലാ ലിസ്യൂ മഠത്തിലെ സിസ്റ്റർ ജസീന്തയെ (75) തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതാണ് മറ്റൊരു കേസ്. ഉറക്കത്തിൽ കട്ടിലിൽ നിന്നും തെന്നി വീണുണ്ടായ മുറിവെന്നായിരുന്നു ആദ്യം സംശയിച്ചത്. പിന്നീട് പ്രതിയെ ചോദ്യം ചെയ്തപ്പോൾ തലക്കടിച്ചതെന്ന് പ്രതി സമ്മതിക്കുകയായിരുന്നു.